ഒരു തേങ്ങക്ക് ഇനി 15 രൂപ, വിളകളുടെ പട്ടികയിൽ കൊക്കോയും; വന്യജീവികളാലുള്ള കൃഷിനാശത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക ഉയർത്തി
text_fieldsകോഴിക്കോട്: വന്യജീവികളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചാൽ കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. വിളകളുടെ പട്ടികയിൽ പുതിയതായി കൊക്കോ കൃഷിയും ഉൾപ്പെടുത്തിയതായി കൃഷിമന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി ചേർന്ന് കാർഷിക വകുപ്പ് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
പദ്ധതി പരിഷ്കരിച്ചത് പ്രകാരം കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികൾ തേങ്ങ കൊണ്ടുപോയാലോ നശിപ്പിച്ചാലോ ഒന്നിന് 15 രൂപ ഇനിമുതൽ നൽകും. ഇതുവരെ നൽകാതിരുന്ന കൊക്കോ കൃഷിക്കും ഇനിമുതൽ നഷ്ടപരിഹാരം നൽകും. വർധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷം മൂന്നുതരത്തിൽ നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്നും അക്രമണങ്ങളിൽ സമയബദ്ധിതമായ നഷ്ടപരിഹാരം നൽകുമെന്നും വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
വനഭൂമി പല കണ്ടെയ്ൻമെന്റുകളാക്കി മാറ്റി മൃഗങ്ങളെ അതിനകത്തുതന്നെ നിനിർത്തുന്ന മാർഗമാണ് ഒന്നാമതായി സ്വീകരിക്കുക. ജനവാസമേഖലകളിലേക്കും മറ്റും വന്യജീവികൾ വരുന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കി പഠിച്ച് അത് വനത്തിനകത്ത് തന്നെ പ്രയോഗിക്കും.
വന്യമൃഗങ്ങൾ ആക്രമണങ്ങളുണ്ടാക്കുന്ന ആഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമമാണ് മറ്റൊന്ന്. ഏറ്റവും തീവ്രമായ സംഘർഷമേഖലകൾ അടക്കം സംസ്ഥാനത്തെ വനപ്രദേശങ്ങളെ 14 ലാൻഡ്സ്കേപ്പുകളായിട്ടാണ് ഇതിനായി തരംതിരിച്ചിട്ടുള്ളത്. 55 പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള ഈ മേഖലകളിൽ വന്യമൃഗങ്ങളെ തുരത്താനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കും.
വന്യമൃഗങ്ങൾ നശിപ്പിക്കാത്ത നാരകം ഉൾപ്പെടെയുള്ള കാർഷികവിളകളുടെ വിപണനസൗകര്യങ്ങളും പ്രോത്സാഹിപ്പിക്കും. കേരളത്തിലെ ഒരു കർഷകരുടെയും പാർപ്പിടമോ കാർഷികഭൂമിയോ പരിസ്ഥിതിസംവേദക മേഖലയിൽ (ഇ.എസ്.എ.) നിലനിർത്താൻ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.
‘ഹോംസ്റ്റേ ബാക്ക് പാക്കിങ്’ എന്ന പേരിൽ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻ ഇക്കോ-ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള പൈലറ്റ് പദ്ധതി ഉടൻ ആരംഭിക്കും. വിനോദസഞ്ചാരികൾക്ക് കർഷകരുടെ വീടുകളിൽ താമസിച്ച് അവിടത്തെ ഭക്ഷണംകഴിച്ച് കഴിയുന്നതിനൊപ്പം വനത്തിൽ സഞ്ചരിക്കാനും അവസരം നൽകുന്നതാണ് പ്രസ്തുത പദ്ധതി. കർഷകർക്ക് ബദൽ വരുമാനത്തിനായി ഒരു മാർഗമൊരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

