ഓണത്തിന് നാട്ടുപച്ചക്കറിയില്ല; കാന്തല്ലൂർ-വട്ടവട ശീതകാല പച്ചക്കറി ഗ്രാമങ്ങളിൽ നിന്ന് കൃഷി അകലുന്നു
text_fieldsകാന്തല്ലൂരിലെ വെളുത്തുള്ളി പാടത്തിൽനിന്നുള്ള കാഴ്ച
തൊടുപുഴ: തിരുവോണത്തിന് മലയാളി ഇലയിടുമ്പോൾ സംസ്ഥാനത്തെ പ്രധാന ശീതകാല പച്ചക്കറി വിളനിലമായ കാന്തല്ലൂർ-വട്ടവട മേഖലയിൽ നിന്ന് ഇത്തവണ ഓണച്ചന്തകളിലേക്ക് പച്ചക്കറി എത്തില്ല. മഴ ലഭിക്കാത്തതും കർഷകരോടുള്ള അധികൃതരുടെ നിസ്സഹകരണ മനോഭാവവും കൃഷിയിൽ നിന്ന് പലരെയും പിന്തിരിപ്പിച്ചതാണ് മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചത്.
സംസ്ഥാനത്ത് കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി തുടങ്ങിയ ശീതകാല വിളകളുടെ പ്രധാന ഉൽപാദന മേഖലയാണ് വട്ടവട. ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ), ലേല വിപണികൾ എന്നിവയൊന്നും ഇത്തവണ സംഭരണം നടത്തില്ലെന്ന് അറിയിച്ചതോടെ കർഷകർ കൃഷിയിടങ്ങളിൽ നിന്ന് പിൻവാങ്ങി. മുൻവർഷങ്ങളിൽ സംഭരിച്ച പച്ചക്കറി വകയിൽ ലക്ഷങ്ങളാണ് ഹോർട്ടികോർപ്പ് ഇനിയും കർഷകർക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്.
തമിഴ്നാട്ടിൽ നിന്ന് ഇടനിലക്കാർ മുഖേന കുറഞ്ഞ നിലവാരമുള്ള പച്ചക്കറികൾ കമീഷൻ വ്യവസ്ഥയിൽ വാങ്ങാനാണ് അധികൃതർ താൽപര്യം കാണിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. മാത്രമല്ല ഇടനിലക്കാരുടെ ചൂഷണം വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കാന്തല്ലൂരിന്റെ പെരുമയായ കാബേജ്, ബീൻസ്, ബട്ടർ ബീൻസ്, കാരറ്റ്, ചുവന്നുള്ളി, തക്കാളി തുടങ്ങിയവയൊന്നും ഇത്തവണ കൃഷിയിടങ്ങളിൽ കാഴ്ചക്ക് പോലും ഇല്ല. പെരുമല, പുത്തൂർ, കുളച്ചി വയൽ, ഗുഹനാഥപുരം തുടങ്ങിയ പച്ചക്കറി ഗ്രാമങ്ങൾ തരിശുകിടക്കുകയാണ്. കൊളുത്താമലയിൽ നാമമാത്രമായി ഉരുളക്കിഴങ്ങും, കീഴാന്തൂരിൽ കുറച്ച് ബീൻസ് കൃഷിയും മാത്രമാണ് ബാക്കിയുള്ളത്.
വിപണി സുരക്ഷിതമല്ലാത്തതിനാൽ ഭൂരിഭാഗം പേരും വെളുത്തുള്ളി കൃഷിയിലേക്ക് മാത്രമായി ചുരുങ്ങി. മഴയുടെ കുറവും അസാധാരണമായി ഉയർന്ന താപനിലയും കാരണം മണ്ണിലെ ഈർപ്പം അതിവേഗം നഷ്ടപ്പെടുകയും വ്യാപകമായി പച്ചക്കറി കൃഷി ഉണങ്ങി നശിക്കുന്നതും കർഷകരെ വലിയ ബാധ്യതയിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയാണ്.
കർഷകർക്ക് അടിയന്തര ധനസഹായം, വായ്പാ ഇളവുകൾ, നഷ്ടപരിഹാരം, ജലസേചന സൗകര്യങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷിക മേഖല തകർന്നതോടെ കാന്തല്ലൂരിലെ ടൂറിസം സാധ്യതകളും അടയുകയാണ്. പത്ത് വർഷം മുമ്പ് 2000 ഏക്കറിൽ ഉണ്ടായിരുന്ന പച്ചക്കറി കൃഷി ഇപ്പോൾ 100 ഏക്കറായി ചുരുങ്ങി.
കർഷകരെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ സഹായം ലഭിക്കാതായതോടെ ശീതപച്ചക്കറി കേന്ദ്രത്തിന് കൃഷി തന്നെ അന്യമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വിഷരഹിതമായ നാടൻ പച്ചക്കറികൾ ഉൽപാദിക്കുന്ന ഈ മലയോര മേഖലയെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കാന്തല്ലൂരിന്റെ കാർഷിക ചരിത്രം തന്നെ ഓർമയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

