പഞ്ചാരമണലിൽ പൊന്നുവിളയിച്ച് ജോസ് കൂമ്പയിൽ
text_fieldsപള്ളിപ്പുറം പഞ്ചാര മണലിലെ കൃഷിയിടത്തിൽ
ജോസ് കൂമ്പയിൽ
ചേർത്തല: പൊതുപ്രവർത്തനത്തിലും ബിസിനസിലും കഴിവ് തെളിയിച്ചതിനൊപ്പം പഞ്ചാരമണലിലെ കൃഷിയും തന്റെ കൈക്കൊതുങ്ങുമെന്ന് കാട്ടിത്തരികയാണ് പള്ളിപ്പുറം പഞ്ചായത്ത് 15ാം വാർഡിൽ കൂമ്പയിൽ ഡോ. ജോസ് (46). വീടിനോട് ചേർന്ന് അരയേക്കർ സ്ഥലത്ത് ആധുനിക രീതിയിലുള്ള കൃഷി രീതിയും മത്സ്യകൃഷിയും വിജയകരമായി നടത്തിയതിന്റെ സന്തോഷത്തിലാണിപ്പോൾ അദ്ദേഹം. ജോസ് കൂമ്പയിൽ എന്ന് കേൾക്കാത്ത പള്ളിപ്പുറം ഗ്രാമത്തിലുള്ളവരില്ല. ഏതുമുക്കിലും മൂലയിലും എന്ത് പ്രശ്നങ്ങൾക്കും അദ്ദേഹം ഉണ്ടാകും. അതിലുപരി ചേർത്തല ദേവീക്ഷേത്രത്തിന് സമീപം ‘കൃപ’ എന്ന പേരിൽ തുണിക്കടയുമുണ്ട്.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോസ് കൃഷിയിലും വിജയത്തിളക്കം കണ്ടെത്തിയത് മൂന്ന് വർഷം മുമ്പ് മുതലാണ്.
ആയിരത്തോളം ഡ്രാഗൺ ഫ്രൂട്ടുകളാണ് തന്റെ കൃഷിയിടത്തിൽ നട്ടത്. അവയിപ്പോൾ സിമന്റ് തൂണുകളിലായി വളർന്നുകിടക്കുന്നു. ഒന്നാം ഘട്ടത്തിൽ 50ഓളം കിലോ ഡ്രാഗൺ ഫ്രൂട്ട് വിൽപന നടത്തി. തണ്ണിമത്തൻ, മത്തങ്ങ, വിവിധതരം വാഴകൾ, ഇഞ്ചി, ചേമ്പ്, കുക്കുംബർ, കുരുമുളക് കൂടാതെ സമീപത്ത് കുളത്തിലായി മത്സ്യകൃഷിയുമുണ്ട്. ഏത്തവാഴ ഉൾപ്പെടെ വിവിധതരം വാഴകളും ഇടവിളയായി മറ്റ് കൃഷികളും ഇവിടെ ചെയ്തിട്ടുണ്ട്. ഒരു കാലത്ത് പള്ളിപ്പുറം മേഖലയിൽ ആരും കൃഷി ഇറക്കാറില്ലായിരുന്നു. വളക്കൂറില്ലാത്ത സിലിക്ക മണലാണ് ഇവിടെയുള്ളത്. മണൽ ഗ്ലാസ് നിർമാണത്തിനായി ആലപ്പുഴ എക്സൽ ഗ്ലാസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാറാണ് പതിവ്. മണൽ ഇഷ്ടിക ഫാക്ടറിയും വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു.
ഇപ്പോൾ കമ്പനി പൂട്ടിയെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള ഒരേക്കർ വരുന്ന സ്ഥലം അന്യാധീനപ്പെട്ട നിലയിലാണ്. ഇനിയും വേറിട്ട കൃഷി രീതി ഇവിടെ വിജയിപ്പിക്കുമെന്ന ദൃഢ നിശ്ചയത്തിലാണ് അദ്ദേഹം. കൃഷിയിലും തുണിക്കട നടത്തിപ്പിലുമെല്ലാം തുണയായി ഭാര്യ സജിത ജോസും മക്കൾ സാഞ്ചോ ജോസും സാൻവിൻ ജോസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

