ഫാമുകളിൽ നിക്ഷേപ സാധ്യതയേറുന്നു
text_fieldsഅബൂദബി: ഫാമുകളിൽ നടത്താവുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ എണ്ണം വർധിപ്പിച്ച് അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്‌സ). കാര്‍ഷിക അധിഷ്ഠിത സംരംഭങ്ങള്‍ക്ക് 74 സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് അനുമതി നൽകിയത്. കാർഷിക അധിഷ്ഠിത പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുന്നതിനൊപ്പം ഭക്ഷ്യ സുരക്ഷയെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സസ്യ, ജന്തു ഉത്പാദനം വർധിപ്പിക്കുക, കാർഷിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നടപടി. യു.എ.ഇ. വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും അഡാഫ്‌സ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഇതിനായി ഫാമുകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2023ലെ നിയമം ഭേദഗതി ചെയ്തു. ഇതോടെ കാര്‍ഷിക അധിഷ്ഠിത സംരംഭങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ എണ്ണം 145 ആയി ഉയര്‍ന്നു. വിവിധ വിഭാഗങ്ങളിലായി ഈ പ്രവര്‍ത്തനങ്ങളെ വേർതിരിച്ചിട്ടുണ്ട്. ഇതിൽ 41 എണ്ണം സസ്യ ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. ഒമ്പതെണ്ണം സസ്യ ഉല്‍പാദനത്തെ സഹായിക്കുന്ന പ്രവർത്തനങ്ങളും എട്ടെണ്ണം ഭക്ഷ്യ പിന്തുണ നൽകുന്ന സേവനങ്ങളും 12 എണ്ണം വ്യവസായ പിന്തുണ നൽകുന്ന പ്രവര്‍ത്തനങ്ങളും രണ്ടെണ്ണം വീതം പൊതു പിന്തുണാ സേവനങ്ങളും വിനോദ പ്രവര്‍ത്തനങ്ങളുമാണ്. അതേസമയം, സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഥലങ്ങൾ ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിച്ചതിനേക്കാൾ വർധിക്കാൻ പാടില്ല.
ഫാമുകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി അബൂദബി എക്‌സിക്യൂട്ടിവ് ഓഫിസിന് കീഴിൽ രൂപവത്കരിച്ച സമിതിയുടെ തീരുമാനം അനുസരിച്ചാണ് പുതിയ ക്രമീകരണമെന്ന് അഡാഫ്‌സ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. താരിഖ് അഹമ്മദ് അല്‍ അമീരി വ്യക്തമാക്കി. അബൂദബി സാമ്പത്തിക വികസന വകുപ്പ്, നഗര ഗതാഗത വകുപ്പ്, അബൂദബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ പ്രതിനിധികളാണ് ഈ സമിതിയിലെ അംഗങ്ങൾ. എമിറേറ്റിലെ ഫാമുകളുടെ ഉപയോഗം വർധിപ്പിക്കുക, പ്രായോഗികമായ സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുക, വിനോദ, ടൂറിസം സംരംഭങ്ങൾക്ക് സൗകര്യം നൽകുക, ഫാമുകളെ നിക്ഷേപ അവസരങ്ങളാക്കി മാറ്റുന്നതിനൊപ്പം അബൂദബിയുടെ ടൂറിസം മേഖലയെ പിന്തുണക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക, പൈതൃക അനുഭവങ്ങൾ സമ്മാനിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

