ശീതീകരിച്ച കണ്ടയ്നറുകളിൽ മാംസ ഇറക്കുമതി; പോത്തുകർഷകർ പ്രതിസന്ധിയിൽ
text_fieldsകോട്ടയം: ശീതീകരിച്ച കണ്ടെയ്നറുകളിൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് മാസം എത്തുന്നതും അർഹമായ വില നൽകി വാങ്ങാൻ ആളില്ലാത്തതും തദ്ദേശീയമായി പോത്ത് വളർത്തുന്ന കർഷകരെ പ്രതിസന്ധിയിലാക്കി. വിപണിയിൽ ഇറച്ചി വില കുതിച്ചുയർന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായവും ലഭിച്ചതിനെ തുടർന്ന് പശു വളർത്തൽ ഉപേക്ഷിച്ച് പോത്ത് വളർത്തലിലേക്ക് തിരിഞ്ഞവരാണ് ഇപ്പോൾ വലിയ പ്രതിസന്ധി നേരിടുന്നത്. വലിയതുക ചെലവാക്കി പോത്തുകുട്ടികളെ വാങ്ങി വളർത്തി വലുതാക്കിയവർ അവയെ വിൽപന നടത്താനാകാതെ ബുദ്ധിമുട്ടുകയാണെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.
ശീതീകരിച്ച കണ്ടയിനറുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇറച്ചി എത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരത്തിൽ എത്തുന്ന ഇറച്ചി കടകളിൽ 300 രൂപയിൽ താഴെ വിലയിൽ വിൽക്കുന്നു. അവരാകട്ടെ അത് ഉപഭോക്താവിന് 450 രൂപ നിരക്കിൽ മറിച്ചുവിൽക്കുകയാണ്. ഇതോടെ കശാപ്പുശാലകളിൽ നിന്നുള്ള ഇറച്ചിക്കച്ചവടം കുത്തനെ കുറഞ്ഞതായാണ് പറയുന്നത്.
ജില്ലയിൽ മുപ്പതിൽ താഴെ കശാപ്പുശാലകൾ മാത്രമാണ് മൃഗങ്ങളെ നേരിട്ട് കശാപ്പുനടത്തി വിൽപന നടത്തുന്നത്. ഇവരിൽ ഭൂരിഭാഗവും ഉരുക്കളെ കൊണ്ടുവരുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്നാണ്. ഇതോടെ നാട്ടിൽ വളർത്തിയ പോത്തിനെ വാങ്ങാൻ ആളില്ലാതായി. പൊതുമേഖല സ്ഥാപനമായ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെ വിൽപനയെയും കാര്യമായി ബാധിച്ചതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇത്തരത്തിൽ ഇറച്ചി കൊണ്ടുവന്ന് വിൽപന നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിൽ പരാതി നൽകിയെകിലും ഇവരുടെ കൈയിൽ പർച്ചേസ് ബില്ല് ഉള്ളതുകൊണ്ട് നടപടി എടുക്കാനാകില്ലെന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്. എല്ലാ പഞ്ചായത്തുകളിലും അറവുശാലകൾ നിർമ്മിച്ച് കർഷകർ വളർത്തുന്ന പോത്തുകളൂടെ ഇറച്ചി വിൽപന നടത്താൻ തദ്ദേശ, മൃഗസംരക്ഷണവകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

