‘ഉമ’യുടെ ഗരിമയിൽ പൊലിഞ്ഞത് നിരവധി വിത്തിനങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: ‘ഉമ’ നെൽവിത്തിന്റെ അപ്രമാദിത്വ തിളക്കത്തിനിടെ നിലംപരിശായ വിത്തിനങ്ങൾ നിരവധി. മെച്ചപ്പെട്ട വിളവും രോഗപ്രതിരോധ ശേഷിയുമാണ് ഉമയുടെ പ്രത്യേകത. ഉമ വിതച്ചാൽ എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും മിനിമം വിളവ് ഉറപ്പാണ് എന്നതാണ് അതിനെ കർഷകരുടെ പ്രിയങ്കരിയാക്കിയത്.
എം.ഒ 16 നമ്പരായി 1998ലാണ് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ‘ഉമ’ നെൽവിത്ത് പുറത്തിറക്കിയത്. 2000 മുതലാണ് അത് കർഷകർക്കിടയിൽ പ്രചാരം നേടിയത്. 1996 - 97 കാലത്ത് ഗാളീച്ച വ്യാപകമായിരുന്നു. അതിനെ പ്രതിരോധിക്കാനുള്ള ഉമയുടെ ശേഷി കണ്ടാണ് അതിനെ കർഷകർ സ്വീകരിച്ചത്.
കച്ച വിളവും ലഭിക്കുമെന്ന് കണ്ടതോടെ സംസ്ഥാനത്തെ ഭൂരിഭാഗം കർഷകരും ഉമ വിതക്കാൻ തുടങ്ങി. ഇപ്പോൾ പുറത്തിറക്കാൻ പോകുന്ന ആദ്യ (എം.ഒ 24), പുണ്യ (എം.ഒ 25) എന്നിവക്ക് മുമ്പ് എട്ടിനം വിത്ത് നെല്ല് ഗവേഷണ കേന്ദ്രം പുറത്തിറക്കിയിരുന്നു. എന്നാൽ ഉമയെ കൈവിട്ട് അവ സ്വീകരിക്കാൻ കർഷകർ തയാറായില്ല.
2016ൽ പുറത്തിറക്കിയ ശ്രേയസ് (എം.ഒ 22) ആണ് കുറച്ചെങ്കിലും കർഷകർ കൃഷി ചെയ്തത്. അതും പ്രചാരം നേടിയില്ല. പിന്നീട് 2021ൽ പൗൺമി (എം.ഒ 23) പുറത്തിറക്കി. അതും കർഷകർ സ്വീകരിച്ചില്ല. തണ്ടിന് ബലമില്ലാത്തതിനാൽ കാറ്റിൽ വീണുപോകുന്നതാണ് അതിന്റെ പ്രധാന ന്യൂനത.
വിളവും ചോറും മികച്ചതാണെന്ന ഗുണം പൗർണമിക്കുണ്ടായിരുന്നു. അതിന്റെ പോരായ്മയും പരിഹരിച്ചാണ് ഇപ്പോൾ ആദ്യയും പുണ്യയും വികസിപ്പിച്ചിരിക്കുന്നത്. ആദ്യ (എം.ഒ 24) വെള്ള അരിയാണ്. കേരളത്തിൽ കൂടുതൽ കർഷകരും വിതക്കുന്നത് ചുവന്ന അരി ലഭിക്കുന്ന വിത്തുകളാണ്. അതിനാൽ ആദ്യ എത്ര കണ്ട് സ്വീകാര്യതനേടും എന്ന് പ്രവചിക്കാനാവില്ല.
നിരന്തര ഗവേഷണമാണ് നടക്കുന്നതെന്ന് മങ്കൊമ്പിലെ എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം സി.ഇ.ഒ സ്മിത മാധ്യമത്തോട് പറഞ്ഞു. ഉമക്ക് ശേഷം മങ്കൊമ്പിൽ നിന്ന് പുറത്തിറങ്ങുന്ന ഒമ്പതാമത്തെയും 10ാമത്തെയും ഇനങ്ങളാണ് ആദ്യയും പുണ്യയും. ഉമ മാറ്റേണ്ട സയമായി. അതിന് പഴയ മെച്ചം ഇപ്പോഴില്ല എന്നത് വാസ്തവമാണ്. സർക്കാർ എടുക്കുന്നതുകൊണ്ടാണ് ഇപ്പോൾ ഉമക്ക് ഉയർന്ന വില ലഭിക്കുന്നതെന്നും സ്മിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

