ഹംബോൾഷിയ പൊന്മുടിയാന; സസ്യലോകത്ത് പുതിയ വൃക്ഷം കണ്ടെത്തി
text_fieldsഹംബോൾഷിയ പൊന്മുടിയാന
പാലോട്: സസ്യ ലോകത്ത് പുതിയൊരു വൃക്ഷത്തെ കൂടി കണ്ടെത്തി പാലോട് ജവഹർലാൽ നെഹ്‌റു ട്രോപിക്കൽ ബോട്ടാനിക് ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരം ജില്ലയിലെ ഹിൽ സ്റ്റേഷനായ പൊന്മുടിയിലെ നിത്യഹരിത വനങ്ങളിൽ നടത്തിയ സർവ്വേയിലാണ് ഹംബോൾഷിയ ജനുസിൽപെടുന്ന പുതിയ സസ്യത്തെ കണ്ടെത്തിയത്. കാട്ട് അശോകങ്ങൾ എന്നറിയപ്പെടുന്ന ഫേബസിയ സസ്യകുടുംബത്തിൽ പെടുന്ന പുതിയ സസ്യത്തിന് ഹംബോൾഷിയ പൊന്മുടിയാന എന്നാണ് ശാസ്ത്രീയനാമം നൽകിയിരിക്കുന്നത്.
ന്യൂസിലാണ്ടിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫൈട്ടോടാക്ല എന്ന ഓൺലൈൻ ജേർണലിലാണ് പുതിയ കണ്ടെത്തൽ സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ടി.ബി. ജി.ആർ. ഐ ഗാർഡൻ മാനേജ്‍മെന്റ് വിഭാഗം തലവനായ ഡോ. രാജ് വിക്രമൻ, സീനിയർ ടെക്നിക്കൽ ഓഫീസർമാരായ ഡോ. ഇ. എസ്. സന്തോഷ്‌കുമാർ,എസ്. എം. ഷെരീഫ് എന്നിവരാണ് ഈ കണ്ടെത്തൽ നടത്തിയത്.
കറുത്ത പുറംചട്ടയുള്ള തടിയും ഇടതൂർന്ന ഇലചാർത്തും, ശാഖാഗ്രത്തു തൂക്കിയിട്ട തൂവാലപോലെ കാണുന്ന രോമാവൃതവും മനോഹരവുമായ തളിരിലകളും, പൂങ്കുലകളായി കാണുന്ന തൂവെള്ള നിറത്തിലുള്ള പൂക്കളും ഈ വൃക്ഷത്തിന്റെ പ്രത്യേകതകളാണ്. സമുദ്ര നിരപ്പിൽ നിന്നും 700 മുതൽ 800 മീറ്റർ വരെ ഉയരത്തിലുള്ള വനപ്രദേശത്താണ് ഇവ കാണപ്പെടുന്നത്.
പൊന്മുടിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ സർവ്വേയിൽ അമ്പതിൽ താഴെ ചെടികളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളു. ഐ.യു.സി.എൻ എന്ന ഏജൻസി നിഷ്കര്ഷിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചു ഈ പുതിയ സസ്യത്തെ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഹംബോൾഷിയ വിഭാഗത്തിൽപെടുന്ന സസ്യ ജനുസ് ദക്ഷിണ സഹ്യാദ്രി മലനിരകളിൽ മാത്രം കാണുന്ന ഒന്നാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.