കശുമാങ്ങയിൽ നിന്ന് ഇനി തേൻ മധുരം; ഗവേഷണ നേട്ടം വിപണിയിലേക്ക്
text_fieldsഡോ.ജ്യോതി നിഷാദ്, ഡോ.ദിനകർ അഡിഗ
മംഗളൂരു: ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രത്തിന് (ഐ.സി.എ.ആർ) കീഴിൽ പുത്തൂരിൽ പ്രവർത്തിക്കുന്ന കശുവണ്ടി ഗവേഷണ സ്ഥാപനം തേൻ മധുരം പകരുന്ന ലായനി വികസിപ്പിച്ചു. കശുമാങ്ങയിൽനിന്നുള്ള ഈ മൂല്യവർധിത ഉൽപന്നം വിപണിയിലെത്താൻ സജ്ജമായതായി ഡയറക്ടർ ഡോ. ദിനകർ അഡിഗ പറഞ്ഞു. 'ജോണി' (ദ്രാവക) ശർക്കര' എന്നാണ് പേര്. ഇത് തേൻ പോലെ രുചികരമാണ്. ശർക്കര പൂർണമായും കശുമാങ്ങ ജ്യൂസിൽനിന്നാണ് തയാറാക്കുന്നത്. സാധാരണയായി കശുവണ്ടി കർഷകർ കശുമാങ്ങ അധികം ഉപയോഗിക്കാറില്ല. നേരത്തെ കന്നുകാലികൾക്ക് വീട്ടിൽ തീറ്റയായി നൽകിയിരുന്നു. ചിലർ ഇവ വീഞ്ഞ് ഉണ്ടാക്കാൻ ഉപയോഗിച്ചു.
കരിമ്പിൽനിന്നുണ്ടാക്കുന്ന ശർക്കരയുമായി താരതമ്യപ്പെടുത്തുമ്പോൾ കശുമാങ്ങ ശർക്കരക്ക് വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. കശുവണ്ടി ഗവേഷണ ഡയറക്ടറേറ്റ് ജോണി ശർക്കരക്ക് പേറ്റന്റ് നേടിയിട്ടുണ്ട്. ഇത് പ്രമേഹരോഗികൾക്ക് പോലും അനുയോജ്യമാണെന്ന് ഡയറക്ടർ അവകാശപ്പെട്ടു. കശുമാങ്ങയിൽനിന്ന് ജ്യൂസ് വേർതിരിച്ചെടുക്കുക, പോഷകങ്ങൾ കേന്ദ്രീകരിക്കുക, ശർക്കര തയാറാക്കുക എന്നിവയാണ് നിർമാണ പ്രക്രിയയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമായ ഈ ശർക്കര പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
സ്വയം സഹായ സംഘങ്ങൾക്കോ അഭിലാഷമുള്ള സംരംഭകർക്കോ പേറ്റന്റ് ലൈസൻസ് നൽകും. ഉൽപാദനം സാധ്യമാക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ ഡയറക്ടറേറ്റ് നൽകുന്നു. കശുവണ്ടി ഗവേഷണ ഡയറക്ടറേറ്റിലെ ശാസ്ത്രജ്ഞയായ ഡോ. ജ്യോതി നിഷാദാണ് ജോണി ശർക്കരയുടെ പിന്നിലെ ഗവേഷക. ഇത് വിപണിയിൽ എത്തിയാൽ, ശർക്കര മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുകയും കശുമാങ്ങ ഉപയോഗത്തിലൂടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.
കശുവണ്ടി പോലെ, കശുമാങ്ങയും പോഷകങ്ങളാൽ സമ്പന്നമാണ്. കശുമാങ്ങയിൽ നിന്നുള്ള നിരവധി വിപണി അധിഷ്ഠിത ഉൽപന്നങ്ങളെക്കുറിച്ച് ഡയറക്ടറേറ്റ് ഇതിനകം ഗവേഷണം നടത്തിയിട്ടുണ്ട്, ഏറ്റവും പുതിയ ഗവേഷണ ഫലമാണ് ദ്രാവക ശർക്കര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

