Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്ഷരവും അന്നവും ഒരുപോലെ: അധ്യാപനത്തിനിടയിലും കൃഷിയോട് പ്രണയമാണ് ശ്രീജിത്ത് മാഷിന്

text_fields
bookmark_border
അക്ഷരവും അന്നവും ഒരുപോലെ: അധ്യാപനത്തിനിടയിലും കൃഷിയോട് പ്രണയമാണ് ശ്രീജിത്ത് മാഷിന്
cancel
camera_alt

ശ്രീ​ജി​ത്ത് മാ​ഷ് കൃ​ഷി​യി​ട​ത്തി​ൽ

കരണി: അധ്യാപന ജീവിതത്തിനിടയിലും നെല്‍കൃഷിയില്‍ സജീവമാണ് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂൾ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ കരണി ശക്തീശ്വരത്ത് വീട്ടില്‍ എസ്.ആർ. ശ്രീജിത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ താഴെ വരദൂരില്‍ സ്വന്തമായുള്ള 17 ഏക്കറോളം സ്ഥലത്താണ് ശ്രീജിത്ത് നെല്‍കൃഷി ചെയ്തുവരുന്നത്. ചെറുപ്പം മുതല്‍ പിതാവ് രാമചന്ദ്രന്‍ നായര്‍ക്കൊപ്പം കൃഷിയില്‍ സജീവമായിരുന്നു. പിന്നീട് അധ്യാപനജോലി കിട്ടിയപ്പോഴും കൃഷിയെ കൈയൊഴിഞ്ഞില്ല. നെല്‍കൃഷി ലാഭകരമല്ലെങ്കിലും വര്‍ഷങ്ങളായി കൃഷി ചെയ്തുവരുന്നതിന് പിന്നില്‍ കാര്‍ഷികവൃത്തിയോടുള്ള ഇഷ്ടം തന്നെയാണെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു.

രാവിലെയും വൈകീട്ടും ശ്രീജിത്ത് കൃഷിയിടത്തിലെത്തും. നെല്‍കൃഷിയോടുള്ള ആഭിമുഖ്യം കാരണം പത്മശ്രീ ചെറുവയല്‍ രാമനോടും വലിയ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. രാമേട്ടനില്‍നിന്ന് വിത്തുകള്‍ വാങ്ങി, കൃഷി ചെയ്ത് പിന്നീട് വിത്തുകള്‍ തിരിച്ചുനല്‍കിയതുമെല്ലാം ശ്രീജിത്തിന് മറക്കാനാവാത്ത ഓര്‍മയാണ്. കഴിഞ്ഞ നഞ്ചകൃഷിക്ക് കൃഷിമന്ത്രി ടി. സിദ്ദീഖും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുമെല്ലാം ശ്രീജിത്തിന്റെ പാടത്ത് സന്ദര്‍ശനം നടത്തിയിരുന്നു.

പാലക്കാടന്‍ മട്ട, അന്നപൂര്‍ണ, മലബാര്‍ മട്ട, ഉമ, കുടക് മട്ട എന്നിങ്ങനെയുള്ള ഇനങ്ങളാണ് സാധാരണയായി കൃഷിചെയ്തുവരുന്നത്. വിളവെടുത്താല്‍ പ്രധാനമായും സപ്ലൈക്കോയ്ക്ക് തന്നെയാണ് നെല്ല് വില്‍ക്കാറുള്ളത്. ഒരേക്കറില്‍ കൃഷിചെയ്യാന്‍ 30 കിലോ നെല്ലാണ് വേണ്ടത്. ഹൈബ്രിഡ് വിത്തുകളാണെങ്കില്‍ അത് 20 കിലോ മതിയാവും. പ്രതിരോധശേഷി കൂടുതലായതിനാല്‍ തന്നെ നിലവില്‍ ഹൈബ്രിഡ് ഒഴിവാക്കി പരമ്പരാഗത വിത്തുകളാണ് നെല്‍കൃഷിക്കായി ഉപയോഗിക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു.

ഞാറുനട്ടു കഴിഞ്ഞാല്‍ ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്താം. വന്യമൃഗശല്യമടക്കമുള്ള ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ നഞ്ചയും പുഞ്ചയും ഇവിടെ കൃഷി ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേത്തു. നെല്‍കൃഷി നടത്തുന്നതിനായി തദ്ദേശീയരായ തൊഴിലാളികള്‍ക്കൊപ്പം ഇപ്പോള്‍ അന്തർ സംസ്ഥാന തൊഴിലാളികളും ധാരാളമായി എത്താറുണ്ട്. കൊയ്ത്തിനും മറ്റും മെഷീനാണ് ഉപയോഗിക്കുന്നത്. ഒന്നരമണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ കൊയ്യാം. മെഷീന്‍ ഉപയോഗിച്ച് തന്നെ നെല്ല് വേര്‍തിരിച്ച്, കച്ചി അപ്പോള്‍ തന്നെ റോളാക്കി മാറ്റിയാണ് വില്‍പ്പന നടത്താറുള്ളത്.

അധ്യാപികയായ ഭാര്യ സോണി, മക്കളായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി റിത്‌വിക, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഉജ്വല്‍ എന്നിവരും നെല്‍കൃഷിയില്‍ ശ്രീജിത്തിനൊപ്പം സജീവമാണ്. നെല്‍കൃഷിക്കൊപ്പം തന്നെ വീടിനോട് ചേര്‍ന്നുള്ള അഞ്ചേക്കര്‍ സ്ഥലത്ത് കാപ്പി, കമുക്, കുരുമുളക്, തെങ്ങ്, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിങ്ങനെ എല്ലാവിധ കാര്‍ഷികവിളകളും ശ്രീജിത്ത് കൃഷി ചെയ്തുവരുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Balancing Education and Agriculture: High School Teacher S.R. Sreejith Cultivates 17 Acres of Paddy
Next Story