ഗുളിക 'കഴിച്ചാൽ' വിളവ് ഇരട്ടി
text_fieldsകോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ജൈവ കാപ്സ്യൂൾ
കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട് ഘടകം പുറത്തിറക്കിയ ജൈവ കാപ്സ്യൂളിന് വൻ ഡിമാൻഡ്. ഗുളികകളുടെ വിൽപന മാർച്ച്, ഏപ്രിൽ മാസത്തെ ദേശീയ ലോക്ഡൗണിനുശേഷമാണ് കുതിച്ചുയർന്നത്.
മേയിൽ മാത്രം 4000 കാപ്സ്യൂളുകളാണ് വിറ്റുപോയത്. ലോക്ഡൗണിനു മുൻപ് പ്രതിമാസം വിറ്റുപോയിരുന്നത് 400 ഗുളികകൾ മാത്രമാണ്. മേയ് മുതൽ ആഗസ്റ്റ് വരെ വിറ്റ കാപ്സ്യൂളുകളുടെ എണ്ണം ഏകദേശം 6000 ആണ്. ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഡോ. എം ആനന്ദരാജിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ബയോ കാപ്സ്യൂൾ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പേറ്റൻറ് പ്രക്രിയ അവസാന ഘട്ടത്തിലാണ്.
സൂക്ഷ്മജീവികളുടെ വിജയകരമായ സാന്നിധ്യം ഉറപ്പാക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ബയോ കാപ്സ്യൂളുകളെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് ജെ. ഈപ്പൻ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ പച്ചക്കറി കൃഷിയിലും ഗ്രോബാഗിലുള്ള ഇഞ്ചി, മഞ്ഞൾ കൃഷിയിലും ജൈവ ഗുളികകൾ മികച്ച വിളവ് തരുന്നുണ്ട്. ട്രൈക്കോഡെർമ, സ്യൂഡോമോണസ്, ബാസിലസ് എന്നിവയുൾപ്പെടെയുള്ള പ്രയോജനകരമായ സൂക്ഷ്മജീവികളെയാണ് കാപ്സ്യൂസ്യൂളിനായി ഉപയോഗിക്കുന്നത്. ഒരു കാപ്സ്യൂൾ 200 ലിറ്റർ വെള്ളത്തിൽ അലിയിച്ചാണ് ഉപയോഗിക്കേണ്ടത്.
കാപ്സ്യൂൾ രൂപത്തിലുള്ള ആദ്യ ജൈവവളമാണ് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിെൻറ ബയോ കാപ്സ്യൂൾ. കർഷകരുടെ ആവശ്യം നിറവേറ്റുന്നതിനായി രണ്ടു സ്വകാര്യ സ്ഥാപനങ്ങളെ ലൈസൻസികളായി തെരഞ്ഞെടുത്തിട്ടുണ്ട്.
ദോഷകരമായ രാസവസ്തുക്കളുടെ അവശിഷ്ടങ്ങളൊന്നും ഗുളികയിൽ അടങ്ങിയിട്ടില്ല. കൂടാതെ, രാസവളങ്ങൾ കീടനാശിനികൾ എന്നിവയുടെ ഉപയോഗം കുറക്കാനും ജൈവ ഗുളികക്ക് കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.