മഞ്ഞിൽ വിരിഞ്ഞ പൂക്കൾ... മഴയിൽ കൊഴിഞ്ഞു
text_fieldsബിരിക്കുളത്തെ ജോസഫ് ടി. വർഗീസിന്റെ പറമ്പിലെ റമ്പൂട്ടാൻ പഴങ്ങൾ മൂപ്പെത്താതെ കൊഴിഞ്ഞു വീണനിലയിൽ
നീലേശ്വരം: മഞ്ഞിൽ വിരിഞ്ഞ പൂവിൽ സന്തോഷിച്ച റമ്പൂട്ടാൻ കർഷകരെ മഴ ചതിച്ചു. മലയോരങ്ങളിലെ റമ്പൂട്ടാൻ കർഷകർക്കാണ് വിളവ് നഷ്ടമായത്. മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ കൂട്ടത്തോടെ കൊഴിഞ്ഞത് കർഷകരുടെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നതാണ്.
വിദേശിയായ റമ്പൂട്ടാൻ കൃഷിക്ക് നാട്ടിലെ കാലാവസ്ഥ അനുയോജ്യമായതിനാൽ ജില്ലയിലെ നൂറുകണക്കിന് കർഷകർ റമ്പൂട്ടാൻ കൃഷിയിൽ ഏർപ്പെട്ടിരുന്നു. മടിക്കൈയിലെ കർഷകർ വ്യാപകമായി ഇത് കൃഷി ചെയ്തിരുന്നു.
ബിരിക്കുളത്തെ കർഷകൻ ജോസഫ് ടി. വർഗീസിന്റെ പറമ്പിലെ റമ്പൂട്ടാൻ ചെടിയിൽനിന്ന് മൂപ്പെത്താത്ത പഴങ്ങൾ മുഴുവൻ കൊഴിഞ്ഞുവീണ് നശിച്ചു. ഈ സീസണിൽ പതിവിൽ കവിഞ്ഞ പഴമാണ് ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രതീക്ഷിക്കാതെയുണ്ടായ മഞ്ഞും കുളിരും റമ്പൂട്ടാൻ മരങ്ങളെ നിറയെ പൂക്കാനും കായ്ക്കാനും സഹായിച്ചു.
എന്നാൽ, പിന്നീട് പെട്ടെന്നെത്തിയ മഴ കർഷകരെ പാടേ ചതിച്ചു. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിലാണ് കായ് മൂക്കുകയും പഴങ്ങളാകുകയും ചെയ്യുക. മൂത്ത് വരുന്നതുവരെ മഴയുണ്ടാകാൻ പാടില്ല. മൂത്ത് കഴിഞ്ഞശേഷം വരുന്ന മഴ വില്ലനല്ല. ഈ വർഷമാകട്ടെ കായ്ക്കാൻ നല്ല കാലാവസ്ഥയുണ്ടായപ്പോഴും അതനുഭവിക്കാൻ മഴ കർഷകരെ അനുവദിച്ചില്ല.
മേയിൽതന്നെ മഴ ശക്തമായതോടെ കായ്കളെല്ലാം പാകമാകാതെ കൊഴിഞ്ഞുവീണു. ഏറ്റവും വലിയ വിളവ് പ്രതീക്ഷിച്ച കർഷകർക്ക് മോശം വിളവായി മാറി. തെളിച്ചമുള്ള ഭൂമിയിൽ മറ്റു കൃഷിയോടൊപ്പം റമ്പൂട്ടാനും കർഷകർ പരീക്ഷിച്ചു.
മൂന്നുവർഷംകൊണ്ട് കായ്ഫലം തരുന്ന കൃഷി വളരെ ലാഭകരവുമായിരുന്നു. ഒരു മരത്തിൽനിന്ന് സാധാരണ കൃഷിയിൽതന്നെ 25 കിലോ മുതൽ 30 കിലോവരെ ലഭിക്കും. ഒരു ഏക്കറിൽ 100 ചെടികൾ വരെ നടാനാകും. വിപണിയിലെത്തിയാൽ 320 രൂപയാണ് ഒരു കിലോക്ക് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

