സങ്കര ഇനം കക്കരിക്ക് രാജ്യത്ത് ആവശ്യക്കാരേറെ
text_fieldsകേരള കാർഷിക സർവകലാശാലയിലെ ഹൈബ്രിഡ് കക്കരി കെ.പി.സി.എച്ച് -1
തൃശൂർ: കാർഷിക സർവകലാശാല പച്ചക്കറിശാസ്ത്ര വിഭാഗം ഉൽപാദിപ്പിച്ച സങ്കര ഇനം കക്കരിക്ക് രാജ്യത്ത് വൻ ഡിമാൻഡ്. പോളിഹൗസിനു യോജിച്ച പാർത്തിനോ കാർപിക് എന്ന വിഭാഗത്തിൽ പെടുന്ന കക്കരി ഇനമായ കെ.പി.സി.എച്ച് -1നാണ് ആവശ്യക്കാരേറിയത്. തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ വിത്ത് കൊണ്ടുപോയി വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദേശീയ അടിസ്ഥാനത്തിൽ സെൻട്രൽ സീഡ്സ് സബ് കമ്മിറ്റി വിജ്ഞാപനം ചെയ്ത പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള ഈ വിഭാഗത്തിലെ ആദ്യ സങ്കര ഇനമാണിത്. സ്വയം കായുണ്ടാകുന്ന ഇനങ്ങളാണ് പരാഗണം സാധ്യമല്ലാത്ത പോളിഹൗസിന് യോജിച്ചത്.
അതിനാൽ, ഇത്തരം ഇനങ്ങൾക്ക് മാർക്കറ്റിൽ സ്വകാര്യ കമ്പനികൾ അമിതമായ വിലയാണ് ഈടാക്കുന്നത്. വിത്തിന് അഞ്ചു രൂപ മുതൽ സ്വകാര്യ കമ്പനികൾ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ.പി.സി.എച്ച്-1 ഒരു രൂപ നിരക്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്ന് ലഭ്യമാക്കുന്നത്.
കക്കരി അഥവാ സാലഡ് കുക്കുമ്പറിൽ മഴമറയ്ക്കും പുറത്തും കൃഷി ചെയ്യാൻ യോജിച്ച ഹീര, ശുഭ്ര എന്നീ സങ്കര ഇനങ്ങൾ പെൺ ചെടികളെ ഉപയോഗിച്ച് പച്ചക്കറിശാസ്ത്ര വിഭാഗം പുറത്തിറക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ തേനീച്ചകളെ ഉപയോഗിച്ചുള്ള പരാഗണം വഴി ഇവയുടെ വിത്തുണ്ടാക്കാൻ സാധിക്കും. ഗൈനീഷ്യസ് ടെക്നോളജി എന്ന പേരിൽ അറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ വളരെ കുറച്ച് സ്ഥാപനങ്ങൾ മാത്രമേ പ്രാവർത്തികമാക്കിയിട്ടുള്ളൂ. ഇപ്രകാരം ഉണ്ടാക്കുന്ന സങ്കര വിത്തിൽ ധാരാളം പെൺപൂക്കൾ ഉണ്ടാകുന്നതിനാൽ കനത്ത വിളവ് ലഭിക്കുമെന്ന് കാർഷിക സർവകലാശാല പച്ചക്കറിശാസ്ത്ര വിഭാഗം മേധാവി ഡോ. ടി. പ്രദീപ്കുമാർ പറഞ്ഞു.
പുതു ഇനം പീച്ചിങ്ങയുമായി കാർഷിക സർവകലാശാല
കർഷകൻ കെ.കെ. മോഹനൻ കെ.ആർ.എച്ച് -1 എന്ന സങ്കര ഇനം പീച്ചിങ്ങയുമായി
തൃശൂർ: ആരോഗ്യദായക പച്ചക്കറികളിൽ മുമ്പനാണ് വെള്ളരി വർഗ വിളകളിൽ നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ പീച്ചിങ്ങ. ഈ ഇനത്തിനെ സി.ജി.എം.എസ് സിസ്റ്റം എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർഷിക സർവകലാശാല പച്ചക്കറിശാസ്ത്ര വിഭാഗം കെ.ആർ.എച്ച് -1 എന്ന സങ്കര ഇനമാക്കിയപ്പോൾ രുചിയും മൃദുലതയും ഏറെയുള്ളതായി മാറി.
2019 അവസാനത്തിലായിരുന്നു കെ.ആർ.എച്ച് -1 പുറത്തിറക്കിയത്. ഒരു സ്ഥലത്ത് മറ്റു പീച്ചിങ്ങയിലെ ഇനങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തി ഇതിന്റെ മാത്രം ആൺചെടികളും പെൺചെടികളും ഇടകലർത്തി നട്ടാൽ ഇവയുടെ സങ്കര വിത്ത് തേനീച്ചയുടെ പരാഗണത്തിലൂടെ ഉണ്ടാക്കാൻ കഴിയും. ഇപ്രകാരം പീച്ചിങ്ങയിൽ ഇന്ത്യയിൽ ആദ്യമായി ഉണ്ടാക്കിയ സങ്കര വിത്തിനമാണ് കെ.ആർ.എച്ച്-1. മികച്ച വിളവാണ് കെ.ആർ.എച്ച് -1 നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.