അവക്കാഡോ സ്വന്തം വളപ്പിൽനിന്ന് പറിച്ച് ഷേക്കടിക്കാം; നടാവുന്ന സമയം സെപ്റ്റംബർ വരെ
text_fieldsഅവക്കാഡോ ഷേക്ക് ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഈ പഴം വെറുതെ കഴിക്കുന്നതിലുപരി ഡയറ്റിൽ മുഖ്യമായി ഉൾപ്പെടുത്തുന്നവരും നിരവധിയാണ്. പ്രധാനമായും അതിന്റെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ് കാരണം. വെണ്ണപ്പഴം, ബട്ടർ ഫ്രൂട്ട് എന്നിങ്ങനെ കേരളത്തിൽ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നാടൻ അവക്കാഡോയ്ക്ക് കിലോയ്ക്ക് ഏകദേശം 140 മുതൽ 250 രൂപ വരെയാണ് കേരളത്തിൽ വില. എന്നാൽ ഇറക്കുമതി ചെയ്യുന്ന പ്രത്യേക ഇനം ഹാസ് അവക്കാഡോ പഴങ്ങൾക്ക് കിലോയ്ക്ക് 300 മുതൽ 450 രൂപ വരെ വിലവരും.
നമ്മുടെ കാലാവസ്ഥയിൽ വളരാൻ അനുയോജ്യമായതിനാൽ തന്നെ വാണിജ്യരീതിയിൽ അവക്കാഡോ കൃഷി ചെയ്യുന്നവർ ഏറെയുണ്ട് സംസ്ഥാനത്ത്. വീട്ടുവളപ്പിൽ ഒന്നും രണ്ടും തൈകൾ വാങ്ങി നട്ടു വളർത്തുന്നവരുമുണ്ട്. വിത്തു മുളപ്പിച്ചുണ്ടായ തൈകളാണെങ്കിൽ പൂവിടാൻ 10–12 വർഷമെടുക്കും. ഗുണമേന്മയുള്ള ഗ്രാഫ്റ്റ് ചെയ്ത ചെറുചെടികൾ തിരഞ്ഞെടുക്കുകയും മഴക്കാലം തുടങ്ങുന്നതിനുമുമ്പ് നടീൽ നടത്തുകയും ചെയ്യുന്നത് നല്ലതെന്ന് കൃഷി വിദഗ്ധർ പറയുന്നു. ശാസ്ത്രീയമായി പരിപാലിച്ചാൽ നാലാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു മരത്തിൽ നിന്ന് ശരാശരി 100 മുതൽ 300 വരെ പഴങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
കൃഷി ചെയ്യുമ്പോൾ
കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥ അവക്കാഡോ കൃഷിക്ക് അനുയോജ്യമാണ്. വെള്ളം കെട്ടിക്കിടക്കാത്ത, നീർവാർച്ചയുള്ള മണ്ണായിരിക്കണം. മണ്ണിന്റെ അമ്ലക്ഷാരനില (pH) 5.5നും 6.5നും ഇടയിലായിരിക്കണം. മണ്ണിലെ വെള്ളക്കെട്ട് തടയാൻ തടങ്ങൾ ഉയർത്തി കൃഷി ചെയ്യുന്നതാണ് നല്ലത്.
നടീലും പരിപാലനവും നല്ല ഗുണനിലവാരമുള്ള ഗ്രാഫ്റ്റ് ചെയ്ത (ഒട്ടിച്ച) തൈകൾ നഴ്സറിയിൽ നിന്ന് വാങ്ങി നടുക. മഴക്കാലം തുടങ്ങുന്ന ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങൾ തൈകൾ നടാൻ ഏറ്റവും അനുയോജ്യമാണ്. തൈകൾ വളരുന്ന സമയത്ത് ജൈവവളങ്ങളും നൈട്രജൻ അടങ്ങിയ വളങ്ങളും കൃത്യമായി നൽകുക. ചൂടാണെങ്കിൽ നനച്ചു കൊടുക്കണം, എന്നാൽ വേരുകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
ഉപരിതല മണ്ണും 10–15 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടിയോ ജൈവവളമോ മിക്സ് ചെയ്ത് കുഴി പകുതിയോളം മൂടിയെടുത്ത് തൈകൾ അതിൽ നടാം. വേരുകളെ കീടങ്ങളിൽനിന്ന് സംരക്ഷിക്കാൻ ഇതിലേക്ക് ഒരു കിലോഗ്രാം വേപ്പിൻപിണ്ണാക്കും, മണ്ണിന്റെ അമ്ലത്വം കുറയ്ക്കാൻ 500 ഗ്രാം കുമ്മായവും ചേർക്കേണ്ടതുണ്ട്.
ഒട്ടുതൈകൾ ആണെങ്കിൽ മൂന്നോ നാലോ വർഷം കൊണ്ട് കായ്ച്ചു തുടങ്ങും. ഒരു മരത്തിൽനിന്ന് വർഷം തോറും ശരാശരി 50 മുതൽ 300 കിലോഗ്രാം വരെ പഴങ്ങൾ ലഭിക്കാറുണ്ട്. പഴങ്ങൾ മരത്തിൽവെച്ച് പഴുക്കില്ല. മൂപ്പെത്തിയ കായ്കൾ പറിച്ചെടുത്താണ് പഴുപ്പിക്കുന്നത്.
തൈകൾ എവിടെയൊക്കെ ലഭിക്കും?
സംസ്ഥാനത്ത് ഇടുക്കി, വയനാട് പോലുള്ള ഉയർന്ന പ്രദേശങ്ങളുള്ള ജില്ലകളിൽ അവക്കാഡോ കൃഷിയുടെ പ്രധാന ഹബ്ബുകളാണ്.
ഗവൺമെന്റ് അഗ്രികൾച്ചറൽ നഴ്സറികൾ: കേരള കൃഷി വകുപ്പിന്റെ കീഴിലുള്ള പ്രാദേശിക ജില്ല കൃഷി ഫാമുകളിലും, വയനാട്ടിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലും മുൻകൂട്ടി ബുക്ക് ചെയ്താൽ ഗുണമേന്മയുള്ള ഒട്ടുതൈകൾ ലഭിക്കും.
ഉപ്പൻമാക്കൽ അഗ്രികൾച്ചറൽ നഴ്സറി: ഇടുക്കി ജില്ലയിലെ മേലെച്ചിന്നാറിൽ (നെടുങ്കണ്ടം - കട്ടപ്പന റൂട്ട്) സ്ഥിതി ചെയ്യുന്ന ഈ പ്രശസ്ത സ്വകാര്യ നഴ്സറിയിൽ ഗുണമേന്മയുള്ള വിവിധയിനം അവക്കാഡോ ഗ്രാഫ്റ്റ് തൈകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

