പുല്ലുണ്ട്, തൈലം വാറ്റാൻ ആളില്ല
text_fieldsഇലവീഴാപ്പൂഞ്ചിറക്ക് അടുത്ത് സമൃദ്ധമായി വളരുന്ന തെരുവപ്പുല്ല്
മൂലമറ്റം: ഹൈറേഞ്ചിലെ മലഞ്ചെരുവുകളിൽ സമൃദ്ധമായി തെരുവ പുല്ല് വളരുന്നുണ്ടെങ്കിലും ഉപയോഗശൂന്യമായി നശിക്കുന്നു. വർഷങ്ങൾക്ക് മുമ്പുവരെ അവ വെട്ടി വാറ്റി പുൽത്തൈലമാക്കുമായിരുന്നു. തെരുവ പുല്ല് വാറ്റുകേന്ദ്രങ്ങൾ ഇപ്പോൾ പൂർണമായും ഇല്ലാതായി.
അമിത ജോലിഭാരവും തുച്ഛവരുമാനവുമാണ് പുൽത്തൈല വാറ്റുകേന്ദ്രങ്ങൾ അപ്രത്യക്ഷമാകാൻ കാരണം. മുമ്പ് ഇലപ്പള്ളി, ഇടാട്, പതിപ്പള്ളി, കുളമാവ്, കണ്ണിക്കൽ പ്രദേശങ്ങളിൽ നിരവധി പുൽത്തൈലം വാറ്റുകേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. 1970ന് മുമ്പ് ധാരാളമായും 90വരെ ഭാഗികമായും ഹൈറേഞ്ചിലെ കുടിയേറ്റ കർഷകരുടെ പ്രധാന വരുമാനമാർഗമായിരുന്നു തെരുവ പുൽകൃഷി. രാജകുമാരി പുൽത്തൈലം കോതമംഗലം, ആലുവ മാർക്കറ്റുകളിൽ വളരെ പ്രസിദ്ധവുമായിരുന്നു. മറയൂർ, കാന്തല്ലൂർ മേഖലകളിൽ ധാരാളം പുൽത്തൈലം ഉൽപ്പാദിപ്പിച്ചിരുന്നെങ്കിലും രാജകുമാരി തൈലത്തിനായിരുന്നു ഡിമാൻഡ്.
കഠിനാധ്വാനം ആവശ്യമായ ജോലിയാണ് തെരുവപ്പുൽ കൃഷിയും തൈലം ഉൽപാദനവും. വാറ്റുപുരകൾ എപ്പോഴും മലയുടെ താഴ്ഭാഗത്തായിരിക്കും. വാറ്റാൻ ധാരാളം വെള്ളം ആവശ്യമായതിനാൽ ജലലഭ്യതയുള്ള സ്ഥലത്തെ വാറ്റുപുരകൾ പ്രവർത്തിക്കാനാകൂ. ഒരു ചെമ്പ് പുല്ല് വാറ്റിയെടുക്കാൻ ശരാശരി മൂന്ന് മണിക്കൂർ വേണം.
ഒരു കാലത്ത് ഹൈറേഞ്ചിന്റെ അന്നദാതാവുമായിരുന്ന തെരുവപുൽ കൃഷി ഇന്ന് പൂർണമായും ഇല്ലാതായി. ഇതോടെ, മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്ന പുൽതൈലം മാത്രമായി ആശ്രയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.