മഞ്ഞള്‍ വനമാകാന്‍ പുതുക്കാട്

  • 6 .52 ശതമാനം കുര്‍കുമിന്‍ ഉള്ള ‘പ്രതിഭ’ എന്ന മഞ്ഞള്‍ ഇനമാണ് കൃഷിക്കായി തെരഞ്ഞെടുത്തത്

പുതുക്കാട്ടെ മഞ്ഞള്‍ കര്‍ഷകന്‍

കദളിവാഴകൃഷിയില്‍ കേരളത്തിന് മാതൃകയായ തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിന് ഇനി മഞ്ഞള്‍ ശോഭ. സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്‍്റെയും , കുടുംബശ്രീ മിഷന്‍്റെയും സംയുക്താഭിമുഖ്യത്തില്‍ മണ്ഡലത്തില്‍ മഞ്ഞള്‍വനം പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. ജൂണ്‍ ആദ്യവാരം പദ്ധതിക്ക് തുടക്കം കുറിക്കും. സുസ്ഥിര പുതുക്കാട് വികസന പദ്ധതിയില്‍ വിജയപ്രദമായി നടന്നുകൊണ്ടിരിക്കുന്ന കദളീവനം , ഒൗഷധവനം പദ്ധതിയുടെ മാതൃകയിലാണ് മഞ്ഞള്‍ വനം പദ്ധതി നടപ്പാക്കുന്നത്. ബൈബാക്ക് വ്യവസ്ഥയില്‍ ആരംഭിക്കുന്ന കൃഷി പ്രധാനമായും കുടുംബശ്രീ വനിതകള്‍ക്കും ,കര്‍ഷക ഗ്രൂപ്പുകള്‍ക്കും ഊന്നല്‍ നല്‍കിയാണ് വിഭാവനം ചെയ്തിരിക്കുന്നത് .

പദ്ധതിക്കാവശ്യമായ വിത്തുല്പാദനം ,പ്രൊഡക്ഷന്‍ പ്ളാന്‍ , സംഭരണം ,വിപണനം എന്നിവക്ക് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘമാണ് മേല്‍നോട്ടം വഹിക്കുന്നത്. മൂന്നു ഘട്ടമായാണ് പദ്ധതിയുടെ നടത്തിപ്പ്. ആദ്യഘട്ടത്തില്‍ ആവശ്യമായ വിത്ത് ഉല്‍പ്പാദിപ്പിച്ചെടുക്കും. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത 6 .52 ശതമാനം കുര്‍കുമിന്‍ ഉള്ള ‘പ്രതിഭ’ എന്ന മഞ്ഞള്‍ ഇനമാണ് കൃഷിക്കായി തെരഞ്ഞെടുത്തത് . ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഏറെ പ്രിയമുള്ള ഇനമാണിത് . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച വിത്ത് മൂന്നേക്കര്‍ സ്ഥലത്ത് കൃഷിചെയ്താണ് കൂടതല്‍ വിത്തുല്‍പ്പാദനം നടത്തുന്നത്. തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇതിനായി മൂന്നേക്കര്‍ സ്ഥലം തെരഞ്ഞെടുത്തത്. പൂര്‍ണമായും ജൈവ കൃഷിയിലൂടെയാണ് മഞ്ഞള്‍ വിത്ത് ഉദ്പാദിപ്പിക്കുക. കിലോഗ്രാമിന് നൂറുരൂപയോളം വില വരുന്ന പ്രതിഭ മഞ്ഞള്‍ വിത്ത് തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ മഞ്ഞള്‍വനം പദ്ധതിയിലെ കര്‍ഷകര്‍ക്ക് ഇതിന്‍്റെ മൂന്നിലൊന്നു വിലക്ക് ലഭ്യമാക്കാനാകുമെന്ന് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം സെക്രട്ടറി കെ.പി.പ്രശാന്ത് പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ കൃഷി ചെയ്യുന്നതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വിത്ത് വിതരണം ചെയ്യും . തുടര്‍ന്ന് ബൈബാക്ക് ഒപ്പുവച്ച ആയുര്‍വേദ കമ്പനികള്‍ക്ക് ആവശ്യമായ അളവില്‍ ഉത്പാദിപ്പിച്ച് കര്‍ഷകരില്‍ നിന്നും ബൈബാക്ക് കരാര്‍ അനുസരിച്ചുള്ള വില നല്‍കി അര്‍ദ്ധ സംസ്ക്കരണം നടത്തി വിപണനം നടത്താനാണ് പദ്ധതി. പൊതുമേഖല സ്ഥാപനമായ ഒൗഷധിയും കൂടാതെ കേരളത്തിലെ പ്രമുഖ ആയര്‍വ്വേദ മരുന്നുല്‍പ്പാദനശാലകളായ കോട്ടക്കല്‍ ആര്യ വൈദ്യശാല ,ശാന്തിഗിരി ,സീതാറാം ,വൈദ്യരത്നം തുടങ്ങിയ ആയുര്‍വേദ കമ്പനികളുമായി കരാര്‍ ഉണ്ടാക്കി മൂന്നൂറ്റി അമ്പതിലധികം കുടുംബശ്രീ കര്‍്ഷകരെയാണ് തുടക്കത്തില്‍ മഞ്ഞള്‍വനം പദ്ധതിയില്‍ കണ്ണിചേര്‍ക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ കര്‍ഷകരെയും ഇതില്‍ ഉള്‍പ്പെടുത്തും . ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന ജൈവമഞ്ഞള്‍ സംസ്കരിച്ച് മഞ്ഞള്‍ പൊടിയാക്കി വില്‍പ്പന നടത്തുന്നതിനാണ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. മണ്ഡലത്തില്‍ വിജയകരമായി നടപ്പാക്കിയ കദളീവനം, ഒൗഷധവനം പദ്ധതികള്‍ പോലെ മഞ്ഞള്‍വനവും ശ്രദ്ധേയ നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷ.

COMMENTS