മില്ലുടമകള്‍ കടുത്ത നിലപാടില്‍;  പാടത്തുകിടന്ന് നെല്ല് നശിക്കുന്നു 

ഏറ്റെടുക്കാനാളില്ലാതെ പാടത്ത് കൂട്ടിയിട്ട നെല്ല്


 സംസ്ഥാനത്ത് നെല്ല് സംഭരണം നിലച്ചു; ലോഡ് കണക്കിന് നെല്ല് പാടത്തുകിടന്ന് നശിക്കുന്നു. ആവശ്യം നടപ്പാക്കുംവരെ നെല്ല് സംഭരിക്കേണ്ടെന്ന കേരള റൈസ് മില്ളേഴ്സ് അസോസിയേഷന്‍ തീരുമാനമാണ് പ്രതിസന്ധിക്ക് കാരണം. നെല്ല് എടുക്കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ ഉള്‍പ്പെടെ ജില്ലകളില്‍ ലോഡ് കണക്കിന് നെല്ലാണ് നശിക്കുന്നത്. സപൈ്ളകോ മുഖേനയുള്ള നെല്ല് സംഭരണം സംബന്ധിച്ച് ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നെല്ല് സംസ്കരണ കൂലി മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ചപോലെ ഒക്ടോബര്‍ എട്ട് മുതല്‍ ക്വിന്‍റലിന് 190 രൂപയാക്കി നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കാത്തതിനാല്‍ ഈമാസം നാല് മുതല്‍ സംഭരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
മില്ലുടമകളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ക്കൊപ്പം സംഭരണം, സംസ്കരണം, വിതരണം എന്നീ ഘട്ടങ്ങള്‍ പഠിച്ച് സമഗ്രവും ശാസ്ത്രീയവുമായ റിപ്പോര്‍ട്ട്  മൂന്നുമാസത്തിനകം സമര്‍പ്പിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നെല്ല് സംഭരണത്തില്‍നിന്ന് പിന്നാക്കം പോകാന്‍ നിര്‍ബന്ധിതരായതെന്ന് മില്ലുടമകള്‍ പറയുന്നു. നെല്ല് വാഹനത്തില്‍ കയറ്റുന്നത് സംബന്ധിച്ച് തൃശൂര്‍ പാടശേഖരങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഈയിനത്തില്‍ സപൈ്ളകോ ക്വിന്‍റലിന് 12 രൂപ നല്‍കുമ്പോള്‍ പല പാടശേഖരങ്ങളും 40 രൂപ ആവശ്യപ്പെടുന്നുണ്ട്. തൃശൂര്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ 12 രൂപ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ഇതനുസരിച്ച് നെല്ല് കയറ്റല്‍ നടക്കുമോയെന്ന കാര്യം സംശയമാണ്. 
തൃശൂരില്‍ പലയിടത്തും കൊയ്ത്ത് തുടങ്ങി. എന്നാല്‍, കൊയ്ത നെല്ല് കൊണ്ടുപോകാന്‍ മില്ലുകാര്‍ തയാറാകാത്തത് പ്രതിസന്ധിയായിട്ടുണ്ട്. ഇതാണ് മിക്ക ജില്ലകളിലെയും അവസ്ഥയെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നെല്ല് സംഭരിക്കേണ്ടെന്നുതന്നെയാണ് തീരുമാനമെന്ന് റൈസ് മില്ളേഴ്സ് അസോസിയേഷന്‍ ജന. സെക്രട്ടറി വര്‍ക്കി പീറ്റര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നെല്ല്  സംഭരണം സ്തംഭിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മേഖലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍സഭ രംഗത്തത്തെിയിട്ടുണ്ട്.


 

COMMENTS