ടെറസിൽ ‘സ്വർഗക്കനി’; ഗാഗ് ഫ്രൂട്ട് കൃഷിയിൽ വിജയഗാഥ
text_fieldsചെങ്ങമനാട് പ്ലാക്കൽ വീട്ടിൽ കുഞ്ഞുമോന്റെ വീടിന്റെ ടെറസിൽ വിളവെടുപ്പിന് പാകമായ ഗാഗ് ഫ്രൂട്സ്
ചെങ്ങമനാട്: രണ്ട് പതിറ്റാണ്ട് പ്രവാസി ജീവിതത്തിന് ശേഷം വീടിന്റെ ടെറസിന് മുകളിൽ ആരംഭിച്ച ‘സ്വർഗത്തിലെ കനി’യെന്ന ഗാഗ് ഫ്രൂട്ട് കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ചെങ്ങമനാട് പ്ലാക്കൽ വീട്ടിൽ കുഞ്ഞുമോൻ. 19 വർഷത്തെ പ്രവാസത്തിനുശേഷം പ്രളയം താണ്ഡവമാടിയ 2018ലാണ് നാട്ടിലെത്തിയത്. 2019ലെ പ്രളയവും പിന്നീടുണ്ടായ കോവിഡും കുഞ്ഞുമോന്റെ പല പ്രതീക്ഷകളും അസ്ഥാനത്താക്കി.
ഈ സമയത്താണ് മഞ്ഞപ്രയിലെ ബന്ധുവിന്റെ വീടിനടുത്തെ വിയറ്റ്നാം പഴമായ ഗാഗ് ഫ്രൂട്ട് കൃഷി കാണാനിടയായത്. ടെറസിൽ ചെയ്യാവുന്ന കൃഷിയാണെന്ന് മനസ്സിലാക്കിയതോടെ രണ്ട് തൈകൾ വാങ്ങി നട്ടെങ്കിലും പിടിച്ചില്ല. പിന്നീട് നാല് തൈ നട്ടു.
വളം നൽകലും പരിചരണ രീതിയും മറ്റും കൂടുതൽ പഠിച്ച് ശാസ്ത്രീയ രീതി അവലംബിച്ചു. അതോടെ ഒന്നര മാസത്തിനകം പൂവിടാൻ തുടങ്ങി. അധികം വൈകാതെ പടർന്ന് പന്തലിച്ചു. ഇപ്പോൾ മുറ്റത്ത് നട്ട് പിടിപ്പിച്ച ഗാഗ് ഫ്രൂട്ട് ചെടികൾ 850 ചതുരശ്ര വിസ്തൃതിയുള്ള വീടിന്റെ െടറസിന് മുകളിലെ ഇരുമ്പ് കാലുകൾ കൊണ്ട് സ്ഥാപിച്ച പന്തലിൽ പടർന്നിരിക്കുകയാണ്. വിവിധ നിറങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ഗാഗ് ഫ്രൂട്ടുകൾ തൂങ്ങിക്കിടക്കുന്നത് മനോഹര കാഴ്ചയാണ്. ഒരു ചെടിയിൽനിന്ന് അൻപതിൽ കുറയാതെ പഴങ്ങൾ ലഭിക്കുന്നതായി കുഞ്ഞുമോൻ പറഞ്ഞു.
അവുക്കാഡോ രൂപത്തിലെ പഴമാണെങ്കിലും ഇവയുടെ പുറം നിറയെ മുള്ളുകളാണ്. പാവക്കയെപ്പോലെ ചെറിയ കയ്പ്പ് രസമുള്ള ഇവ പച്ചക്ക് പറിച്ചെടുത്താൽ കറിക്കും അച്ചാറിനും ഉപയോഗിക്കാം. ഇലകളും പാചകത്തിന് നല്ലതാണ്. ഓരോ മാസവും വിളവെടുക്കും. ഓറഞ്ച് നിറത്തിൽ നിന്ന് ചുവപ്പ് നിറത്തിലാകുമ്പോഴാണ് പഴങ്ങൾ ശേഖരിക്കുന്നത്.
പഴത്തിന്റെ മുള്ളുകളുള്ള ബാഹ്യാവരണം മാറ്റിയാൽ നേരിയ മഞ്ഞനിറമുള്ള മാംസള ഭാഗമാണ്. ചതയാതെ തണ്ടോടുകൂടി ശേഖരിക്കുന്ന പഴങ്ങൾ കേടുവരാതെ രണ്ടാഴ്ച വരെ സൂക്ഷിക്കാനാകും. 250 ഗ്രാം മുതൽ 800 ഗ്രാം വരെ തൂക്കമുള്ള പഴങ്ങളാണ് ലഭിക്കുന്നത്. വിത്തുകൾ ഉണക്കി എണ്ണയെടുക്കുന്ന രീതിയും കുഞ്ഞുമോൻ ആലോചിക്കുന്നുണ്ട്. പോഷകസമൃദ്ധമായ പഴത്തിന്റെ വിത്തും പൾപ്പുമെല്ലാം ഭക്ഷ്യയോഗ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

