ഇന്ത്യയിൽ ഇത്തവണ ഭക്ഷ്യോൽപ്പാദനം കുറയും- കേന്ദ്ര കൃഷി മന്ത്രാലയം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഈ വർഷം ഭക്ഷ്യോത്പാദനം കുറയുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നെല്ലിന്‍റെയും ധാന്യങ്ങളുടെയും വിളവിൽ വന്ന ഇടിവാണ് കാരണം.
ഖാരിഫ് വിളകളാണ് വാർഷിക ഭക്ഷ്യോത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഖാരിഫ് വിളകളുടെ ഉത്പാദനത്തിൽ ഒന്നര ശതമാനത്തിന്‍റെ കുറവ് സംഭവിച്ചിട്ടുണ്ട്. അരിയിൽ 15 ശതമാനത്തിന്‍റെ വരെ കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറി സിറാജ് ഹുസെയ്ൻ അറിയിച്ചു.
അതേ സമയം ധാന്യങ്ങളുടെ വില കൂടുകയുമാണ്. ഗോതമ്പിന്‍റെ വിലയിൽ 12 ശതമാനത്തിന്‍റെ വർധന ഉണ്ടായി. അരിയുടെ വിലയിലും മുൻ വർഷത്തെ അപേക്ഷിച്ച് 6.2 ശതമാനത്തിന്‍റെ വർധന ഉണ്ടായി. നിലവാരമുള്ള അരി കിലോക്ക് 37.63 രൂപയാണ് വില. എങ്കിലും നിലവിൽ ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നും മതിയായ സ്റ്റോക്കുണ്ടെന്നും ഭക്ഷ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
2022 മാർച്ചിൽ രാജ്യം നേരിട്ടത് കടുത്ത വേനലാണ്. ഇത് ഗോതമ്പിന്‍റെ വിളവിനെ സാരമായി ബാധിച്ചിരുന്നു. 106 ദശലക്ഷം ടൺ ആയിരുന്നു ഉത്പാദനം. ഇത് മൂന്ന് വർഷത്തിലെ ഏറ്റവും കുറഞ്ഞ വിളവാണ്.
കാലവർഷം കുറഞ്ഞത് കാരണം കൃഷി ചെയ്യുന്നതിലും കുറവ് വരുത്തിയിരുന്നു. കഴിഞ്ഞ വർഷം 39 ദശലക്ഷം ഹെക്ടറിൽ നെല്ല് കൃഷി ചെയ്തിരുന്നു എങ്കിൽ ഈ വർഷം 36.7 ദശലക്ഷം ഹെക്ടറിലായി ചുരുങ്ങിയിരുന്നു. ധാന്യ കൃഷിയിലും സമാന സ്ഥിതി ഉണ്ടായി.
ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലവർഷത്തിൽ 7 ശതമാനത്തിന്‍റെ വർധന ഉണ്ടായിരുന്നു. എന്നാൽ താളം തെറ്റിയ രീതിയിൽ പെയ്ത മഴ നാശനഷ്ടങ്ങൾ വിതക്കുകയായിരുന്നു. എന്നാൽ പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ വേണ്ടത്ര ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

