വിലയിൽ മുമ്പൻ; കാന്താരി മുളകിന് പ്രിയമേറുന്നു
text_fieldsകാന്താരി മുളക്
കല്ലടിക്കോട്: പൊതുവിപണിയിൽ കാന്താരി മുളകിന് വില കുതിക്കുന്നു. മുളകിന്റെ ഗുണനിലവാരവും വലിപ്പവും അനുസരിച്ച് കിലോക്ക് 500 മുതൽ 700 രൂപയാണ് വില. ഉൾനാടൻ ഗ്രാമീണ മേഖലയിൽ പോലും കാന്താരിമുളക് വാണിജ്യാടിസ്ഥാനത്തിൽ വൻ തോതിൽ കൃഷി ചെയ്യുന്നില്ല. അരി മുളക്, ചീനി മുളക് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ മുളക് ഔഷധസമ്പുഷ്ടമാണെന്നാണ് കരുതപ്പെടുന്നത്. വേനൽക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഇനമാണിത്. തോട്ടങ്ങളിൽ ഇടവിളയായും കൃഷി ചെയ്യാറുണ്ട്. വിറ്റാമിൻ സിയുടെ കലവറയായ കാന്താരിമുളകിൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ജൈവ കീടനാശിനിയുടെ നിർമാണത്തിനും ഉപയോഗിക്കാറുണ്ട്. കാന്താരിമുളക് അരച്ച് സോപ്പ് ലായനിയിൽ ചേർത്താണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്. നാട്ടിലും വിദേശത്തും വൻ ഡിമാൻഡാണുള്ളത്.
കൃഷിഭവനുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പുകളിൽ കാന്താരിമുളക് ചോദിച്ച് വരുന്നവർ ഏറെയാണ്. നാട്ടിൻപുറങ്ങളിലെ ചന്തകളിലും വിൽപനക്ക് എത്താറുണ്ട്. പൊതുവിപണിയിൽ ഉയർന്ന വില ലഭിക്കാറുണ്ടെങ്കിലും വിലയുടെ കാര്യത്തിലെ ചാഞ്ചാട്ടവും വിത്തുകളുടെയും ചെടികളുടെയും ലഭ്യതക്കുറവും വൻതോതിൽ ഇവ കൃഷി ഇറക്കുന്നതിന് പ്രതികൂല ഘടകങ്ങളാണ്.
വർധിച്ച സ്വീകാര്യത പരിഗണിച്ച് കൃഷിഭവനുകൾ കേന്ദ്രീകരിച്ച് തൈ വിതരണം ചെയ്തിരുന്നു. നിറങ്ങളിലും വൈജാത്യം പുലർത്തുന്ന ഇവ എരിവിലും ഗുണത്തിലും ഒരു പടി മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

