കർഷകർക്ക് നഷ്ടപരിഹാരം നൽകും
text_fieldsപാപ്പിനിശ്ശേരി: അസുരവിത്തായ വരിനെല്ല് ജില്ലയിലെ പാടശേഖരങ്ങളെ പിടിമുറുക്കുന്ന സാഹചര്യത്തിൽ നടപടിയുമായി കൃഷി വകുപ്പ്. നെൽകൃഷിക്ക് ഭീഷണിയായ വരിനെല്ല് വ്യാപകമായ പാടങ്ങളിലെ കൃഷിക്കാർക്ക് കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഒരു ഹെക്ടറിന് 27, 500 രൂപവരെ നഷ്ടപരിഹാരം അനുവദിക്കും.
'പുത്തരിയുണ്ണാൻ പുതുനെല്ലിനുപകരം പാടങ്ങളിൽ വരിനെല്ലാ'ണെന്ന 'മാധ്യമം' വാർത്തയെത്തുടർന്നാണ് നടപടി. വരിനെല്ല് നിറഞ്ഞ കല്യാശ്ശേരി-പാപ്പിനിശ്ശേരി മേഖലയിലെ നെൽവയലുകൾ കൃഷിവകുപ്പ് അധികൃതർ സന്ദർശിച്ചു. കൃഷിക്കാർക്ക് മെച്ചപ്പെട്ട സമാശ്വാസം നൽകുമെന്ന് കല്യാശ്ശേരി കൃഷി ഓഫിസർ ടി.ടി. ബുഷറ 'മാധ്യമ'ത്തോട് പറഞ്ഞു.
കൃഷി അസിസ്റ്റന്റ് ധന്യയും ഒപ്പമുണ്ടായിരുന്നു. പ്രകൃതിക്ഷോഭം വന്നാൽ ലഭിക്കുന്ന നഷ്ടപരിഹാരം പരിമിതമായതിനാൽ കൃഷി വകുപ്പിന്റെ മറ്റ് പദ്ധതികൾകൂടി ചേർത്താണ് നഷ്ടപരിഹാരം അനുവദിക്കുക. നെല്ലിനോടൊപ്പം വളർന്ന് നെൽകൃഷിക്ക് ഭീഷണിയാകുന്ന വരിനെല്ല് ഏക്കർകണക്കിന് സ്ഥലത്താണ് വിളഞ്ഞുനിൽക്കുന്നത്. കല്യാശ്ശേരി പഞ്ചായത്ത് പാറക്കടവ് പാലത്തിന് പടിഞ്ഞാറ് ഭാഗത്താണ് വരിനെല്ല് വ്യാപനം രൂക്ഷം. കൃഷിചെയ്യാൻ സന്നദ്ധത കാട്ടിയ പ്രദേശത്തെ കൃഷിക്കാർക്ക് വിത്തും വളവും കൃഷിവകുപ്പ് നൽകിയിരുന്നു.
എന്നാൽ, കാലവർഷത്തെത്തുടർന്ന് നിർത്താതെ പെയ്ത മഴകാരണവും വെള്ളക്കെട്ട് ദീർഘകാലം നീണ്ടുനിന്നതിനാലും വിത്തുകൾക്ക് നാശം സംഭവിച്ചു.
ഇതേത്തുടർന്നാണ് വരിനെല്ല് മുളച്ചുപൊങ്ങിയത്. കൂടാതെ അടുത്ത വിള ചെയ്യാൻ സന്നദ്ധത കാണിച്ചാൽ വിത്തും എല്ലാ സഹായവും കൃഷിക്കാർക്ക് ലഭിക്കുമെന്നും കൃഷി വകുപ്പ് അറിയിച്ചിട്ടുണ്ട്.
നാടെങ്ങും ഉത്സവ തിമിർപ്പിലായെങ്കിലും ഐശ്വര്യ സമൃദ്ധമായ ഓണത്തെ വരവേൽക്കാനുള്ള നെൽപാടങ്ങളിൽ വരിനെല്ല് നിറഞ്ഞതിനാല്‍ പുതുനെല്ല് അന്യമാവുകയാണ്.
വരിനെല്ല് വർഷം കഴിയുന്തോറും കൂടിവരുന്നതിനാല്‍ നെൽപാടങ്ങൾക്ക് വലിയ ഭീഷണിയാണ്.
കൃഷിക്കാരെ സാമ്പത്തികമായും മാനസികമായും തളർത്തുന്ന അവസ്ഥയില്‍ സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരമാണ് ഏറെ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

