നെല്ല് കതിരിട്ടുതുടങ്ങി കാവലിരുന്ന് കർഷകർ
text_fieldsവനാതിർത്തി മേഖലയിലെ വയലിൽ നിർമിച്ചിരിക്കുന്ന ഏറുമാടം
പുൽപള്ളി: വനാതിർത്തി പ്രദേശങ്ങളിലെ പാടങ്ങളിൽ നെല്ല് കതിരിടാൻ തുടങ്ങിയതോടെ കർഷകർ ആശങ്കയിൽ. വന്യജീവി ശല്യം പലയിടത്തും രൂക്ഷമായിരിക്കുകയാണ്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് കർഷകർ നെൽകൃഷി ചെയ്യുന്നത്.
വയനാട്ടിൽ വനാതിർത്തി ഗ്രാമങ്ങളിൽ കൃഷി ഇറക്കാൻ പറ്റാത്ത സാഹചര്യമാണ് ദിവസങ്ങൾ കഴിയുന്തോറും ഉണ്ടാകുന്നത്. പ്രത്യേകിച്ച് നെൽകൃഷി.
ഞാറുനടുന്നത് മുതൽ കൊയ്ത്ത് വരെയുള്ള സമയത്ത് കർഷകർ നെൽകൃഷി സംരക്ഷിക്കുന്നത് ഏറെ കഷ്ടപ്പെട്ടാണ്. രാത്രി വയലുകളിൽ ഏറുമാടങ്ങൾ കെട്ടി കാവലിരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. കണ്ണ് തെറ്റിയാൽ ആനകൾ കൃഷിയിടത്തിലിറങ്ങി വൻ നാശമുണ്ടാക്കും. ഇതിനെ മറികടക്കാൻ ഉറക്കമിളച്ച് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് കൃഷി സംരക്ഷിക്കുന്നത്.
അതിർത്തി പ്രദേശങ്ങളിലുള്ള വയലുകളിൽ മുമ്പെല്ലാം ഒന്നോ രണ്ടോ ഏറുമാടങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ അവയുടെ എണ്ണവും ഉയർന്നു. പുൽപള്ളി ചാത്തമംഗലം പാടശേഖരത്തിൽ നൂറേക്കറിൽ താഴെയാണ് കൃഷി.
എന്നാൽ ഇവിടെ ഏറുമാടങ്ങളുടെ എണ്ണം പതിനഞ്ചോളമാണ്. വനാതിർത്തികളിൽ ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാത്തതാണ് കാട്ടാനശല്യം വർധിക്കാൻ കാരണം. സ്വന്തം നിലയിൽ വേലിയും മറ്റും ഒരുക്കാൻ ഭൂരിഭാഗം കർഷകർക്കും കഴിവില്ല. ഇത്തരം കർഷകരാണ് കൃഷി സംരക്ഷിക്കാൻ പെടാപാട് പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

