കാർഷിക കേരളത്തിന്റെ വീണ്ടെടുപ്പിന് ഫാം ബിസിനസ് പഠിക്കാം
text_fieldsതൃശൂർ: കാർഷിക കേരളത്തിന്റെ വീണ്ടെടുപ്പിന് സംരംഭകത്വ പരിശീലനം നേടാൻ മണ്ണുത്തി കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്റ്ററേറ്റിന്റെ ഫാം ബിസിനസ് സ്കൂളിൽ ചേരാം. കൃഷി അനുബന്ധ മേഖലകളിലെ തൊഴിൽ സംരംഭകർക്കുള്ള പ്രത്യേക പരിശീലന പരിപാടിയാണിത്. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കമ്മ്യൂണിക്കേഷൻ സെന്റർ, എ ഐ ടി സി, കോ ഓപ്പറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെന്റ് കോളേജ്, ഹോർട്ടികൾചർ കോളേജ് എന്നിവ സംയുക്തമായാണ് പരിശീലനം നൽകുക. കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധവും സാങ്കേതിക വിദ്യകളെകുറിച്ച് പ്രാഥമിക ജ്ഞാനവും ബിസിനസ് സങ്കേതങ്ങളെക്കുറിച്ച് അവബോധവും നൽകുന്ന പാഠശാലയാണ് ഫാം ബിസിനസ് സ്കൂൾ. പുതിയ ആശയങ്ങൾ വികസിപ്പിക്കാനും പ്രൊജക്റ്റുകൾ തയ്യാറാക്കാനും മനുഷ്യ വിഭവങ്ങളും ധന സ്രോതസ്സുകളും പ്രയോജനപ്പെടുത്താനും കണക്കുകൾ പരിപാലിക്കാനും വാണിജ്യ തന്ത്രങ്ങൾ പരിചയപ്പെടാനും ഇവിടെ പഠിക്കാം.
ആദ്യ ബാച്ച് ജനുവരി 18ന് ആരംഭിക്കും. ഒമ്പത് ദിവസമാണ് കോഴ്സ് ദൈർഘ്യം. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് സമയം. കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
സർവകലാശാലയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് നേരിട്ടോ ഈമെയിൽ വഴിയോ അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർസെക്കൻഡറി ആണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യതയുള്ള 20 പേരടങ്ങുന്ന ബാച്ചുകൾ ആയാണ് പരിശീലനം നൽകുക. ഒരു മാസം ഒരു ബാച്ചിനാണ് പരിശീലനം നൽകുക. വിവിധ മേഖലകളിലെ സംരംഭകത്വ പരിശീലനത്തിന് വിദഗ്ധരുടെ സേവനം ലഭിക്കും.
കൃഷി ലാഭകരമായ ഒരു സംരംഭമായി നടത്താനും വിപണിയുടെയും ഉപഭോക്താവിൻ്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ബുദ്ധിപൂർവ്വം ഉൽപ്പാദനവും സംസ്കരണവും നടത്താനും ഈ പാഠശാല സഹായിക്കുന്നു.
ഉത്പാദനം മുതൽ വിപണനം വരെ ഗുണനിലവാരം ഉറപ്പുവരുത്തുക
ഉപഭോക്താവിന് അഭിരുചിക്കനുസരിച്ച് ഉൽപ്പന്നങ്ങൾ നൽകാൻ കഴിയുക വിപണനത്തിലും ശ്രദ്ധയോടെ ഇടപെടാൻ കഴിയുക
തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള സാമാന്യജ്ഞാനം ഫാം ബിസിനസ് സ്കൂൾ പകർന്നു നൽകുന്നു.
കൂടാതെ ചെറുകിട ഉത്പാദകരുടെ പ്രശ്നങ്ങൾ,
വരുമാനം വർധിപ്പിക്കാനുള്ള വഴികൾ, ഒഴുക്കിനെതിരെ നീന്തിയവരുടെ വിജയഗാഥകൾ സംരംഭകർ നേരിടുന്ന പ്രതിബന്ധങ്ങൾ എന്നിവയും സ്കൂൾ പ്രതിപാദിക്കുന്നു.
നിയമപരമായി ലഭിക്കേണ്ട ലൈസൻസുകളും മറ്റ് അനുമതികളും നേടാനും തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സ്കൂൾ സഹായിക്കും. കേരള കാർഷിക സർവകലാശാലയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും വികസിപ്പിച്ച സംരഭകത്വ സാധ്യതകളുള്ള സാങ്കേതിക വിദ്യകളും പരിചയപ്പെടാം. സാങ്കേതികവിദ്യകൾ സർവകലാശാലയിൽ നിന്ന് വാങ്ങാനുള്ള സൗകര്യവും ഉണ്ട്. കൂടാതെ തുടർ പരിശീലന പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
ഇ മെയിൽ : de@kau.in
ഫോൺ : 0487-2371104, 8111844463
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

