തരിശുഭൂമികൾ കതിരിടുന്നു; വിളവ് 590 ഹെക്ടറിൽ
text_fieldsതൊടുപുഴ: ജില്ലയിൽ 590 ഹെക്ടർ തരിശു ഭൂമിയിൽ വിളഞ്ഞത് നെല്ലും പച്ചക്കറികളും 590 ഹെക്ടർ കൃഷി. തരിശുഭൂമികളിൽ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി പ്രകാരമാണ് കൃഷി ആരംഭിച്ചത്. 2016 മുതലുള്ള കണക്കാണിതെങ്കിലും 2018ന് ശേഷമാണ് തരിശ് ഭൂമികൾ കൂടുതലും കതിരണിഞ്ഞത്.
ഇവയിൽ നെല്ലും പച്ചക്കറികളും ഉൾപ്പെടും. പ്രളയങ്ങൾങ്ങൾക്കും കോവിഡിനും ശേഷം ഭക്ഷണ സാമഗ്രികൾ പരമാവധി സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കൂടുതൽ തുക അനുവദിക്കുകയും തരിശുഭൂമികളിലെ കൃഷിക്ക് പ്രാധാന്യം നൽകുകയും ചെയ്തതത്. സുഭിക്ഷ കേരളം പദ്ധതിയോട് ചേർന്നാണ് ജില്ലയിൽ കൃഷി നടത്തുന്നത്.
ഇത്തവണ കൃഷി 110 ഹെക്ടറില്‍
2022-24 കാലഘട്ടത്തിൽ മാത്രം 110 ഹെക്ടറില്‍ കൃഷിയിറക്കി. നെല്ല്, പയർ, വഴുതന, വെണ്ട, പാവൽ, പടവലം, വെള്ളരി, വാഴ, കപ്പ, ചെറുധാന്യങ്ങൾ തുടങ്ങി ജില്ലയുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള എല്ലാ വിളകളും കൃഷിചെയ്യുന്നു. മറയൂർ, വട്ടവട, കാന്തല്ലൂർ മേഖലകളിലെ ശീതകാല പച്ചക്കറി കൃഷിയും പദ്ധതിയുടെ ഭാഗമാണ്. ആകെ 314 ഹെക്ടറിൽ പച്ചക്കറികൾ മാത്രം കൃഷിചെയ്യുന്നു. 30 ഹെക്ടറോളം നെൽകൃഷിയും. ദേവികുളം, കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളിലാണ് കൂടുതൽ കൃഷിയുള്ളത്. വിളകൾക്കും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണത്തിനും അനുസരിച്ചാണ് കർഷകർക്ക് സബ്സിഡി ലഭ്യമാക്കുന്നത്. അപേക്ഷ സമർപ്പിച്ചാൽ കൃഷിവകുപ്പ് ജീവനക്കാർ സ്ഥലം സന്ദർശിച്ച് വിലയിരുത്തും.
ശേഷം തുക ബാങ്ക് അക്കൗണ്ട് വഴി നൽകും. കൂടുതലും വ്യക്തിഗത കൃഷിയായിരുന്നെങ്കിലും ഇപ്പോൾ കൃഷി ഗ്രൂപ്പുകളും പദ്ധതിക്കൊപ്പം ഉണ്ട്. സ്ഥലം പാട്ടത്തിനെടുത്തും പദ്ധതിയുടെ ഭാഗമാകാം. 67 ഹെക്ടറിലാണ് ജില്ലയിൽ പാട്ടഭൂമിയിലെ തരിശുകൃഷി. ഈ സാഹചര്യത്തിൽ സബ്സിഡി തുകയിൽ ഒരു വിഹിതം സ്ഥലമുടമക്കും ലഭിക്കും. ഇവിടെയും വിളകൾക്കും വിസ്തീർണത്തിനും അനുസരിച്ചാണ് സബ്സിഡി നൽകുക.

