തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; റബ്ബർ താങ്ങുവില 250 രൂപയാക്കി ഉയർത്തി
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: റബ്ബർ കർഷകർക്ക് ആശ്വാസവുമായി 2026-2027 വർഷത്തെ കേരള ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റബ്ബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്ന പ്രഖ്യാപനം അക്ഷരംപ്രതി വി.ഡി. സതീശൻ സർക്കാർ പാലിച്ചു. മുൻ സർക്കാർ നിശ്ചയിച്ച 200 രൂപയിൽ നിന്നും 50 രൂപ ഉയർത്തിയാണ് പുതിയ താങ്ങുവില സർക്കാർ നിശ്ചയിച്ചത്.
കോട്ടയത്തെ പാമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് യു.ഡി.എഫ് ഭരണത്തിലെത്തിയാൽ റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. രാജ്യത്ത് റബ്ബർ ഉത്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ്. അതിനാൽ തന്നെ കാർഷിക മേഖലയിൽ റബറിന്റെ താങ്ങുവില എന്നത് പ്രധാന പ്രശ്നമാണ്. പത്ത് വർഷം തുടർച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയിൽ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമം താങ്ങുവില വാഗ്‌ദാനം നടപ്പാക്കാൻ സാധിച്ചിട്ടില്ല. അതുമാത്രമല്ല 2016ൽ 250 രൂപ പ്രഖ്യാപിച്ച എൽ.ഡി.എഫ് മുന്നണി 2026ൽ 200 രൂപയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നിലവിൽ റബറിന്റെ (ആർ.എസ്.എസ് 4) വിപണി വില 276 രൂപയാണ്.
കൂടാതെ, ഇന്ദിര ഗ്യാരണ്ടിയായി പ്രഖ്യാപിച്ച പ്രിയദർശനി സൗജന്യ ബസ് യാത്ര പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി. അതോടൊപ്പം, ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതിക്കായി 10 കോടി, മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി രൂപ, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പ്രധാന ലോജിസ്റ്റിക് ഹബ്ബാക്കാൻ 200 കോടി രൂപ അനുവദിച്ചു. 10,000 എം.എസ്.എം.ഇകൾ (ഇടത്തരം-ചെറുകിട വ്യവസായ യൂനിറ്റുകൾ തുടങ്ങാനായി സർക്കാർ സഹായം നൽകും. ഇതിനായി 100 കോടി അനുവദിച്ചു.
അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ ദിശാസൂചികയായിരിക്കും ഈ ബജറ്റെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തുറന്നുസമ്മതിച്ചാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

