നെൽകൃഷിയിൽ രോഗവ്യാപനം; മുന്നറിയിപ്പുമായി കൃഷി വകുപ്പ്
text_fieldsകൊല്ലങ്കോട്: നെൽകൃഷിയിൽ ഓലകരിച്ചിൽ രോഗവും പോള അഴുകൽ രോഗവും വ്യാപകമാണെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും കൃഷി വകുപ്പ് അറിയിച്ചു. കൊല്ലങ്കോട്ടെ മിക്ക പാടശേഖരങ്ങളിലും ഇത്തരം രോഗം കാണുന്നുണ്ട്. മഴ കഴിഞ്ഞുള്ള മൂടിക്കെട്ടിയ കാലാവസ്ഥയിൽ രോഗം അതിവേഗം വ്യാപിക്കും. മണ്ണ്, വെള്ളം, കാറ്റ് എന്നിവയിലൂടെ രോഗബാധ രൂക്ഷമാകുന്നതിനാൽ കീടനാശിനികൊണ്ടു മാത്രം രോഗം പൂർണമായി മാറില്ലെന്ന് അധികൃതർ പറഞ്ഞു.
ഓലയുടെ അറ്റത്തുനിന്നും ആരംഭിക്കുന്ന കരിച്ചിൽ നെല്ലോലയെ പൂർണമായും ബാധിക്കുകയും ഓലകൾ പൂർണമായും കരിയുകയും ചെയ്യുന്നതാണ് രോഗലക്ഷണം. നെല്ലിന്റെ തണ്ടിന് ചുറ്റും അഴുകിയപോലെ കറുത്ത നിറത്തിൽ കാണപ്പെടുകയും തണ്ടും വേരുകളും ഉൾപ്പെടെ ഓരോ നുരിയും പൂർണമായി നശിക്കും. കതിര് വരുന്ന സമയങ്ങളിൽ കൊതുമ്പോലകളിൽ കരിച്ചിൽ വന്നു കതിര് മുഴുവൻ പതിരാവും.
മണ്ണിലെയും വെള്ളത്തിലെയും ബാക്ടീരിയ ലോഡ് കുറയ്ക്കാൻ പാടത്തും കഴായിലും ബ്ലീച്ചിങ് പൗഡർ രണ്ട് കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതിൽ ചെറിയ കിഴികൾ ആയി കെട്ടിയശേഷം ഇട്ടു കൊടുക്കണം.
ഇലകളിലെ കരിച്ചിൽ നിയന്ത്രിക്കാനുള്ള ആന്റിബിയോട്ടിക് 40 ഗ്രാം ഒരു ഏക്കറിന് 100 ലിറ്റർ വെള്ളത്തിൽ പശ ചേർത്തു തളിക്കണം. നെല്ലിലെ പോള രോഗത്തിനെതിരെ കുമിൾനാശി നികളായ പ്രോപ്പി കൊണാസോൾ ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ ടെബു കൊണ സോളും ട്രിഫ്ലോക്സി സ്ട്രോബിൻ നാല് ഗ്രാം പത്ത് ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയും ചെയ്യാം. 100 ലിറ്റർ വെള്ളത്തിന് രണ്ട് കിലോ പച്ചചാണകം കലക്കി തെളി എടുത്തതിൽ ആന്റിബയോട്ടിക് മരുന്ന് ചേർത്ത് തളിക്കുന്നത് ഓല കരച്ചിലിനെതിരെ കൂടുതൽ ഫലപ്രദമാണ് എന്ന് കൊല്ലങ്കോട് കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രത്തിലെ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

