ബിരുദം എൻജിനീയറിങ്ങിൽ; റംഷാദിന് താൽപര്യം കൃഷി പരീക്ഷണങ്ങളോട്
text_fieldsആലത്തൂർ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയായ റംഷാദിന് ഏറെ താൽപര്യം കൃഷിയോടാണ്. പ്രോഗ്രാം കോഓഡിനേറ്ററായി ജോലി ചെയ്യുന്ന റംഷാദിെൻറ മറ്റൊരു വിനോദം സൈക്കിൾ റൈഡിങ്ങാണ്. ആത്മസംതൃപ്തിയോടെ ചെയ്യുന്നതാകട്ടെ സംയോജിത കൃഷി പരീക്ഷണങ്ങളും. ആലത്തൂർ വെങ്ങന്നൂർ കാടാങ്കോട് കൽക്കി നിവാസിൽ ബഷീറിെൻറയും സബൂറയുടെയും മകനാണ് റംഷാദ്. കൃഷിയെക്കുറിച്ച് വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ് ബി.ടെക്കുകാരനായ ഈ ചെറുപ്പക്കാരേൻറത്. കൃഷി പണം സമ്പാദിക്കൽ മാത്രമാകരുത്, ജീവിത ശൈലിയായി മാറണമെന്നാണ് റംഷാദ് പറയുന്നത്.
മനുഷ്യെൻറ നിലനിൽപിനും ആരോഗ്യത്തിനും മാലിന്യ സംസ്കരണത്തിനും ജലസംരക്ഷണത്തിനും നല്ല പ്രകൃതിക്കും അന്തരീക്ഷത്തിനും കൂടിയാകണം കൃഷിരീതി. അതിനായി പുതിയ സാങ്കേതിക വിദ്യകളും അറിവുകളും ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. സ്കൂളിൽ പഠന കാലത്തുതന്നെ റംഷാദ് കൃഷിയിൽ തൽപരനായിരുന്നു. വാഴ കൃഷി, മീൻ, കോഴി വളർത്തൽ എന്നിവയെല്ലാം നന്നായി ചെയ്തിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന പിതാവ് ബഷീറും ഉമ്മ സബൂറയും സഹോദരങ്ങളായ നിഷാദും റിഷാദും റംസീനയുമൊക്ക റംഷാദിന് പ്രോത്സാഹനമായി ഒപ്പമുണ്ട്.
ഹൈടെക് കൃഷിയോടാണ് റംഷാദിന് താൽപര്യം. വലിയ മുതൽമുടക്ക് വേണ്ടിവരുമെന്നതും മുതൽമുടക്ക് തിരിച്ചുകിട്ടാൻ കാലതാമസം വരുമെന്നതും മാറ്റിവെച്ചാൽ ഹൈടെക് കൃഷിയാണ് നല്ലതെന്ന അഭിപ്രായമാണ് റംഷാദിന്. ലളിതമായ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതിനെ തരണം ചെയ്യാമെന്നുമാണ് റംഷാദ് പറയുന്നത്.
അക്വാപോണിക്സ് മീൻ വളർത്തലാണ് ആദ്യം ചെയ്തത്. ഇതിെൻറ പ്ലാൻറ് തയാറാക്കാൻ വലിയ തുക വേണ്ടിവരും. എന്നാൽ, ബി.ടെക്കുകാരനായ റംഷാദ് തെൻറ ഭാവനയിൽതന്നെ കുറഞ്ഞ ചെലവിൽ സ്വന്തമായി പ്ലാൻറ് ഉണ്ടാക്കി. ടാങ്കിലെ വെള്ളവും മീൻ കാഷ്ഠവും ഉപയോഗിച്ച് പച്ചക്കറി കൃഷി ആരംഭിച്ചു. പരീക്ഷണം അത്ര വിജയമായിരുന്നില്ലെങ്കിലും അതിലൂടെ ലഭിച്ച അനുഭവത്തിലൂടെ രാസവളവും കീട നാശിനിയും ഒഴിവാക്കി. ജൈവ പച്ചക്കറി കൃഷിയിലായിരുന്നു അടുത്ത പരീക്ഷണം. വഴുതനയും വെണ്ടയും പാവലും പടവലവുമൊക്കെ നന്നായി വിളഞ്ഞു. കൃഷിഭവെൻറ മാർഗനിർദേശം കൂടി ലഭിച്ചത് സഹായവുമായി. ഇപ്പോൾ ആട്, കരിങ്കോഴി എന്നിവയും വളർത്തുന്നുണ്ട്. കോഴിക്കൂടും ആട്ടിൻകൂടുമൊക്കെ സ്വന്തമായി നിർമിച്ചവയാണ്. കൂടിനു മുകളിൽ സ്ഥാപിച്ച വലയിലേക്ക് പച്ചക്കറി കൃഷിയിലെ വള്ളികൾ കയറ്റിവിട്ട് ഗ്രീൻ ഹൗസാക്കാനാണ് പരിപാടി. മൾബറി, അസോള, പപ്പായ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കോഴിത്തീറ്റയും പച്ചിലകളും ഉപയോഗിച്ചുള്ള മിശ്രിതമാണ് കോഴിക്ക് തീറ്റയായി നൽകുന്നത്. താനൊരു മാതൃക കർഷകനാണെന്നോ അതിൽ വിജയിച്ചുവെന്നോ ഉള്ള അവകാശ വാദമൊന്നും റംഷാദിനില്ല. ഉന്നത വിദ്യാഭ്യാസം ലഭിച്ചാലും ചെറുപ്പക്കാർക്ക് പച്ചക്കറി കൃഷി, കോഴി- ആട് വളർത്തൽ തുടങ്ങിയവയൊക്കെ ജീവിതത്തിെൻറ ഭാഗമാക്കാമെന്ന സന്ദേശം നൽകുകയാണ് റംഷാദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.