ഈ യുവ ക്ഷീരകർഷകൻ നാടിന്റെ മാതൃക
text_fieldsകുന്നോത്തുപറമ്പ് പഞ്ചായത്തിലെ മികച്ച യുവ കർഷകനുള്ള അവാർഡ് കെ.പി. മോഹനൻ എം.എൽ.എയിൽ നിന്ന് അണലാട്ട് മുഹമ്മദ് ഏറ്റുവാങ്ങുന്നു
പാനൂർ: കൃഷിയെ സ്നേഹിക്കുന്ന യുവജനങ്ങൾക്ക് പാനൂരിനടുത്ത കണ്ണങ്കോട്ടെ അണലാട്ട് മുഹമ്മദ് ഒരു മാതൃകയാണ്. പശുവളർത്തലിനോട് ചെറുപ്പംമുതലുള്ള താൽപര്യം അദ്ദേഹത്തെ മികച്ച ക്ഷീരകർഷകനാക്കിയിരിക്കുകയാണ്.
2019ൽ ഒരു പശുവിനെ വാങ്ങി ചെറിയരീതിയിൽ ആരംഭിച്ച കൃഷിയാണ് വിജയം സമ്മാനിച്ചത്. മുഹമ്മദിന് ഇന്ന് ഇരുപതിലധികം പശുക്കൾ സ്വന്തമായുണ്ട്. ഇതിനായി ഹൈടെക് ഫാം നിർമിച്ചിട്ടുണ്ട്.
യു.പി സ്കൂൾ പഠനകാലം തൊട്ടേ പശുവളർത്തലിനോട് താൽപര്യമായിരുന്നു മുഹമ്മദിന്. പഠനശേഷം ജോലി ആവശ്യത്തിനായി ഖത്തറിലേക്ക് പോയി ബിസിനസ് തുടങ്ങിയെങ്കിലും മനസ്സുമുഴുവൻ ക്ഷീരകൃഷിയായിരുന്നു. അവധിക്ക് നാട്ടിലെത്തിയതോടെ ക്ഷീരകൃഷി തുടങ്ങാൻ ഉറച്ചതീരുമാനമെടുത്തു. പിന്തുണയുമായി ഉമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവും കൂടെനിന്നു.
ഇന്ന് പാറാട്, ചെറുപ്പറമ്പ്, വടക്കെ പൊയ്ലൂർ, കുന്നോത്തുപറമ്പ്, പുത്തൂർ എന്നീ സ്ഥലങ്ങളിലെ അഞ്ഞൂറോളം വീടുകളിൽ മുഹമ്മദ് നേരിട്ട് പാൽ വിതരണം ചെയ്യുന്നുണ്ട്. എച്ച്.എഫ്, ജേഴ്സി ക്രോസ് ഇനത്തിൽപെട്ട പശുക്കളെയാണ് വളർത്തുന്നത്. വീടിനടുത്തുതന്നെയാണ് വിശാലമായ ഫാം ഒരുക്കിയത്. രണ്ട് അതിഥിതൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർക്ക് സ്ഥിരംതൊഴിൽ നൽകുന്ന സംരംഭമായും ഇത് വളർന്നു. പെല്ലറ്റ്, ചോളം പുല്ല് തുടങ്ങിയ തീറ്റയാണ് പശുക്കൾക്ക് നൽകുന്നത്. വലിയ കഠിനാധ്വാനമുള്ള ജോലിയാണെങ്കിലും ഈ മേഖലയോടുള്ള അടങ്ങാത്ത താൽപര്യം കാര്യങ്ങൾ എളുപ്പമാക്കിയതായി മുഹമ്മദ് പറയുന്നു.കർഷകർക്ക് സർക്കാർ കൂടുതൽ സബ്സിഡികളും ആനുകൂല്യവും നൽകിയാൽ മാത്രമേ കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരൂ എന്നാണ് മുഹമ്മദ് പറയുന്നത്.
ഈ വർഷത്തെ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ മികച്ച യുവകർഷകനായി തിരഞ്ഞെടുക്കപ്പെട്ടത് അണലാട്ട് മുഹമ്മദിനെയാണ്. കെ.പി. മോഹനൻ എം.എൽ.എയിൽനിന്ന് മുഹമ്മദ് അവാർഡ് ഏറ്റുവാങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.