ക്ഷീരകർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsലോഗു കുമാർ, ലീമ റോസ്ലിൻ
പാലക്കാട്: ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന മികച്ച ക്ഷീര കർഷകന് ജില്ല ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് മൂലത്തറ ക്ഷീര സംഘത്തിലെ ലോഗു കുമാർ അർഹനായി. നൂറ്റി എൺപതിലേറെ കറവപ്പശുക്കളിൽ നിന്നായി 3,90,127.3 ലിറ്റർ പാൽ അളന്നാണ് ചിറ്റൂർ ബ്ലോക്കിലെ ഈ ക്ഷീരകർഷകൻ നേട്ടം സ്വന്തമാക്കിയതെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിശിക്കൽ ക്ഷീര സംഘത്തിലെ ലീമ റോസ്ലിൻ ആണ് ഏറ്റവും കൂടുതൽ പാൽ അളന്ന മികച്ച വനിത ക്ഷീര കർഷക.
അറുപതോളം പശുക്കളിൽ നിന്നും 1,83,493 ലിറ്റർ പാൽ അളക്കുന്നുണ്ട്. വെള്ളാരങ്കൽ മേട് ക്ഷീരസംഘത്തിലെ എ. രാജദുരൈ ആണ് എസ്.സി/എസ്.ടി വിഭാഗത്തിലെ ഏറ്റവും കൂടുതൽ പാൽ അളന്ന മികച്ച ക്ഷീരകർഷകൻ (20 പശുക്കളിൽനിന്നും 67,962 ലിറ്റർ പാൽ).
ക്ഷീര സംഘങ്ങൾക്കായുള്ള പുരസ്കാരങ്ങളിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച മികച്ച ആപ്കോസ് സംഘമായി ചിറ്റൂർ ബ്ലോക്കിലെ കുന്നങ്കാട്ടുപതി ക്ഷീര സംഘത്തെയും ഏറ്റവും കൂടുതൽ പാൽ സംഭരിച്ച മികച്ച നോൺ ആപ്കോസ് (പരമ്പരാഗത) സംഘമായി കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട (കിഴക്ക്) ക്ഷീര വ്യവസായ സംഘത്തേയും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ 16, 17 തീയതികളിൽ ചിറ്റൂർ പ്ലാച്ചിമടയിൽ നടക്കുന്ന ജില്ല ക്ഷീര കർഷക സംഗമത്തിൽ വിതരണം ചെയ്യും.
ജില്ലതല ക്ഷീര സംഗമത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ രചന മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എൽ.പി വിഭാഗം ചിത്ര രചന മത്സരത്തിൽ എസ്. രുദ്ര (സായ് വൃന്ദാവൻ സ്കൂൾ, ചിറ്റൂർ) ഒന്നാം സ്ഥാനവും എ. നേത്ര (സായ് വൃന്ദാവൻ സ്കൂൾ, ചിറ്റൂർ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗം ചിത്രരചന മത്സരത്തിൽ എൻ.എസ്. അജ്മൽ (ജി.എച്ച്.എസ് നന്ദിയോട്) ഒന്നാം സ്ഥാനവും നീതു (ജി.എച്ച്.എസ് നന്ദിയോട്) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം മലയാളം ഉപന്യാസ മത്സരത്തിൽ എം. ജ്യോതികൃഷ്ണ (കെ.കെ. എം.എച്ച്.എസ്, വണ്ടിത്താവളം) ഒന്നാം സ്ഥാനവും നിമിഷ (പി.പി.എച്ച്.എസ്, കന്നിമാരി) രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം തമിഴ് ഉപന്യാസ മത്സരത്തിൽ വി. ദീപശ്രീ (മീനാക്ഷിപുരം സ്കൂൾ) ഒന്നാം സ്ഥാനവും എം. ഷിഫ മരിയം (മീനാക്ഷിപുരം സ്കൂൾ) രണ്ടാം സ്ഥാനവും നേടി.
16ന് ക്ഷീര കർഷക സെമിനാർ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 10.30ന് പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, മീഡിയ കമ്മറ്റി ചെയർമാൻ എം. സതീഷ്, കെ. ബാബുരാജ്, വി. ഹക്കീം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

