കാക്ക കൊത്തി; 2000 കിലോ തണ്ണിമത്തൻ
text_fieldsകാക്കകള്‍ കൊത്തി നശിപ്പിച്ച തണ്ണിമത്തനുമായി സുനില്‍
മാരാരിക്കുളം: കഞ്ഞിക്കുഴിയില്‍ കാക്കകൾ കൊത്തിനശിപ്പിച്ചത് 2000 കിലോയിലധികം തണ്ണിമത്തൻ. കാക്കകളുടെ ശല്യത്തിൽനിന്ന് രക്ഷപ്പെടാൻ മൊത്തം തണ്ണിമത്തനും വിളവെടുത്തപ്പോൾ വിപണന മാർഗമില്ലാതെ കർഷകനും പ്രയാസത്തിലായി. കര്‍ഷകനായ മായിത്തറ വടക്കേ തയ്യില്‍ വി.പി.സുനിലിന്റെ തണ്ണിമത്തന് കൃഷിയാണ് കാക്കകള്‍ കൊത്തി നശിപ്പിച്ചത്.
കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വെട്ടുകാട്ട് പുരയിടത്തില്‍ ഒരു ഏക്കറിലാണ് തണ്ണിമത്തന് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്. കിലോയ്ക്ക് 40 രൂപ പ്രകാരമായിരുന്നു വിൽപന. ആവശ്യക്കാര്‍ എത്തുമ്പോള്‍ മാത്രമായിരുന്നു വിളവെടുപ്പ്. ഉച്ച സമയത്ത് തോട്ടത്തില്‍ ആളില്ലാത്ത സമയത്ത് കാക്കകള്‍ കൂട്ടത്തോടെ എത്തി കൊത്തി നശിപ്പിക്കുകയായിരുന്നു. രണ്ടായിരം കിലോ തണ്ണിമത്തനാണ് കാക്കകൾ നശിപ്പിച്ചതെന്ന് സുനിൽ പറയുന്നു.
കാക്കകള്‍ വില്ലനായപ്പോള്‍ വെള്ളിയാഴ്ച മുഴുവന്‍ തണ്ണിമത്തനും വിളവെടുത്തു. ഇപ്പോൾ ഇവ വിൽക്കാനുള്ള മാർഗമില്ലാതെ സുനില്‍ പ്രയാസത്തിലാണ്.

