കയറ്റുമതി പട്ടികയിൽ വയനാടൻ ഇഞ്ചി, വാഴക്കുളം കൈതച്ചക്ക
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് കാർഷിക കയറ്റുമതി നയത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്തത് കൈതച്ചക്കയും ഇഞ്ചിയും. ഒൗദ്യോഗികഫലമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ചക്ക, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന തെങ്ങ്, റബർ എന്നിവ ഇടംപിടിച്ചില്ല. കാർഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ 50 ജില്ലകളെയാണ് സവിശേഷ ഉൽപന്ന സമുച്ചയങ്ങളായി തിരഞ്ഞെടുത്തത്. കൈതച്ചക്ക വിളവെടുപ്പിന് പേരെടുത്ത തൃശൂരും വാഴക്കുളവും പട്ടികയിൽ ഇടംപിടിച്ചു. ഇഞ്ചിയുടെ കാര്യത്തിൽ വയനാട്. റബർ കയറ്റുമതി പ്രോത്സാഹനത്തിന് തിരഞ്ഞെടുത്തത് ത്രിപുരയിലെ ജില്ലകളാണ്. കാപ്പി, തേയില, മത്സ്യം എന്നിവയുടെ കാര്യത്തിലും കേരളം പട്ടികയിലില്ല. കേരളത്തിെൻറ വാഴകൃഷിയും ഒൗട്ട്.
വാഴപ്പഴകയറ്റുമതിയിൽ ഉൗന്നൽ നൽകുന്നത് ആന്ധ്രപ്രദേശിലെ കടപ്പ, അനന്തപ്പുർ, തമിഴ്നാട്ടിലെ തൃശ്നാപ്പള്ളി, തേനി, പൊള്ളാച്ചി ജില്ലകൾക്കാണ്. കൈതച്ചക്കയുടെ കാര്യത്തിൽ മേഘാലയയിൽ നിന്നും ത്രിപുരയിൽ നിന്നും ഏഴു ജില്ലകളെ കൂടി തെരഞ്ഞെടുത്തു.
മഞ്ഞൾ കയറ്റുമതിക്ക് നല്ല മേഖലയായി കണ്ടെത്തിയത് തെലങ്കാനയിലെയും മേഘാലയയിലെയും രണ്ടുവീതം ജില്ലകളാണ്. ഇഞ്ചിയിൽ മിസോറം, അസം സംസ്ഥാനങ്ങളിലെ ജില്ലകൾ കൂടിയുണ്ട്. അഭിപ്രായങ്ങൾ മുൻനിർത്തി പരിഗണനലിസ്റ്റ് ഭേദഗതി ചെയ്യുമെന്ന് വാണിജ്യമന്ത്രാലയം വിശദീകരിച്ചു. അഭിപ്രായം ഏപ്രിൽ നാലുവരെ അറിയിക്കാം.
2022ൽ കാർഷികവരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്രസർക്കാർ വാഗ്ദാനത്തിെൻറ ചുവടുപിടിച്ചാണ് വാണിജ്യമന്ത്രാലയം കരട് കാർഷിക കയറ്റുമതിനയം തയാറാക്കിയത്. പാൽ, പഴം, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപന്നങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യക്ക് അനന്തമായ കയറ്റുമതിസാധ്യതകൾ തുറന്നു കിടക്കുന്നതായി നയം വിശദീകരിച്ചു. കൊഞ്ച്, വാഴപ്പഴം, കശുവണ്ടി, പച്ചമരുന്നുകൾ, മഞ്ഞൾ, കുരുമുളക്, ഒാർഗാനിക് കാർഷിക വിഭവങ്ങൾ, അച്ചാർ, ആയുർവേദ ഭക്ഷണങ്ങൾ എന്നിവക്ക് സവിശേഷ സാധ്യതകളുണ്ട്.
അമിത കീടനാശിനിപ്രയോഗവും ഉൽപന്നങ്ങളിലെ രാസാവശിഷ്ടവും കാർഷികോൽപന്ന കയറ്റുമതിയിൽ വില്ലനാണ്. ബസുമതി അരിയും മുന്തിരിയും കടലയുമൊക്കെ തിരിച്ചയച്ച ഘട്ടങ്ങളുണ്ട്. ഇത് സംസ്ഥാന സർക്കാറുകളും കർഷകരും ശ്രദ്ധിക്കണമെന്ന് കരടുനയത്തിൽ ഒാർമിപ്പിച്ചു. സവിശേഷ ഉൽപന്നങ്ങളുടെ സമുച്ചയങ്ങൾ പ്രോത്സാഹിപ്പിച്ച് പിന്നീട് പ്രത്യേക സാമ്പത്തികമേഖല എന്ന പോലെ കാർഷിക, സാമ്പത്തിക മേഖലകളായി വികസിപ്പിക്കാനാണ് ലക്ഷ്യമെന്ന് നയം വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.