കാര്‍ഷിക മേഖലയെ വീണ്ടെടുക്കാം

01:59 AM
24/09/2018

    സംസ്ഥാനത്തെ കാര്‍ഷികമേഖലയെ തകര്‍ത്ത പ്രളയത്തിന് ശേഷം പതുക്കെ സാധാരണ ജീവിതത്തിലേക്കു വരാനുളള തയ്യാറെടുപ്പിലാണ് 
മലയാളികള്‍ ഒപ്പം കര്‍ഷകരും.  കാര്‍ഷികരംഗത്ത് വന്‍ നാശനഷ്ടങ്ങള്‍ വന്നു കഴിഞ്ഞുവെങ്കിലും നമ്മുടെ ചിരസ്ഥായിയായ വിളകളെ രക്ഷിക്കുവാനും അടുത്ത വിളവെടുക്കുവാനും നാം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.  കൃഷിയിലൂടെ മാത്രമേ കാര്‍ഷിക കേരളത്തിന് തിരിച്ചുവരവ് സാധ്യമാവുകയുളളൂ.  ഈ വേളയില്‍ കാര്‍ഷിക രംഗത്തില്‍ പൊതുവില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ കര്‍ഷകര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

പൊതുമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

•    വെളളം ഇനിയും ഒഴിഞ്ഞു പോകാതെ വൃക്ഷതടങ്ങളില്‍ കെട്ടി കിടക്കുന്നുവെങ്കില്‍ ചെറു ചാലുകള്‍ എടുത്തു വെളളം ഒഴുകി പോകാന്‍ അനുവദിക്കുക.
•    കെട്ടികിടക്കുന്ന ചെളി കട്ടപിടിച്ച്​  മണ്ണിലെ വായു സഞ്ചാരം പൂര്‍ണമായി തടസ്സപ്പെടാന്‍ ഇടയാക്കാതെ, അത് ഇളക്കി മാറ്റുകയോ,  കിളച്ചു കൊടുക്കുകയോ വേണം.  
•    വളരെ കൂടിയ അളവില്‍ ചെളി കെട്ടി കിടക്കുന്ന കൃഷി ഭൂമിയില്‍ സെന്റിന് ഒരു കിലോഗ്രാം എന്ന തോതില്‍ കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് മണ്ണില്‍ വിതറണം.
•     മിക്കവാറും കൃഷിഭൂമികളില്‍ നിന്നു പൊട്ടാഷ് ഒലിച്ചു പോയിരിക്കാന്‍ സാധ്യതയുണ്ട്.  അതുകൊണ്ട് വിളകള്‍ക്ക് പൊട്ടാഷ് വളങ്ങള്‍ ഇടുക. 
•    അടുത്ത വിളക്കു മുന്‍പായോ, ഏറ്റവും അടുത്ത സന്ദര്‍ഭത്തിലോ മണ്ണുപരിശോധന നടത്തണം. അതിന്‍പ്രകാരമുളള പരിപാലന മുറകള്‍ അവലംബിക്കേണ്ടതാണ്.  

വിളസംരക്ഷണം

•    തുടര്‍ച്ചയായുളള മഴ മൂലം വിളകളില്‍ കുമിള്‍ രോഗങ്ങള്‍ ഉണ്ടാകാനുളള സാദ്ധ്യത കൂടുതലാണ്.  ഇതില്‍ ഫെറ്റോഫ്‌തോറ കുമിളി​​​െൻറ ആക്രമണം പ്രതേ്യകം ശ്രദ്ധിക്കുക.  ഗുരുതരമായി രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കുകയും മറ്റുളളവയില്‍ രോഗം പടരുന്നത് തടയാനായി നീര്‍വാഴ്ച്ചയും വായു സഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യണം.  രോഗബാധ ഇനിയും ഉണ്ടാകാത്ത വിളകളില്‍ സ്യൂഡോമോണസ്, ടൈക്കോഡര്‍മ എന്നി ജൈവസസ്യസംരക്ഷണ ഉപാധികള്‍ സ്വീകരിക്കേണ്ടതാണ്. 


      വിളകള്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

നെല്ല് 

പ്രളയത്തെ ചെറുത്ത്  നിന്ന നെൽപ്പാടങ്ങളിൽ താഴെ പറയുന്ന പരിപാലന മുറകൾ അടിയന്തിരമായി ചെയ്യേണ്ടതാണ്.
ചെനപ്പ് പൊട്ടിക്കൊണ്ടിരിക്കുന്ന പ്രായമെങ്കിൽ , ഏക്കർ ഒന്നിന്‌ 30 കിലോ യൂറിയ, 10 കിലോ പൊട്ടാഷ് എന്നിവ വിതറി കൊടുക്കണം. വരണ്ട കാലാവസ്ഥ ഉള്ള സാഹചര്യത്തിൽ മണ്ഡരിയുടെ   ആക്രമണത്തിന്  സാധ്യതയുണ്ട് . കൂടാതെ പോളകരിച്ചിൽ, ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിൽ മുതലായ രോഗങ്ങളും  ഉണ്ടാകൻ സാധ്യതയുണ്ട്. പ്രതിവിധിയായി പോളരോഗത്തിനു ട്രൈഫ്ലോക്ക്സിസ്ട്രോബിനും (trifloxistrobin) ടെബുകൊനസോളും (tebuconazole) 0.4 മില്ലിലിറ്റർ എന്ന തോതിൽ തളിക്കേണ്ടതാണ് . ബാക്​റ്റീരിയമൂലമുള്ള ഇല കരിച്ചിലിനു ചാണക വെള്ളത്തിൽ  തെളി രണ്ടു ശതമാനം (20 ഗ്രാം ഒരു ലിറ്റർ  വെള്ളത്തിൽ കലക്കി അതി​​​െൻറ തെളി) സ്പ്രേ ചെയ്യുക.

കുരുമുളക് 

•കൊടിയുടെ കടഭാഗത്തെ വെള്ളം നല്ലവണ്ണം വാർത്ത് കളഞ്ഞ്​ ചെടി ഒന്നിന് അരകിലോ വീതം കുമ്മായം വിതറി കൊടുക്കേണ്ടതാണ് .
•കുമ്മായം ഇട്ട്  രണ്ടാഴ്ചക്കു ശേഷം ചെടി ഒന്നിന് പത്തു കിലോ എന്ന തോതിൽ ജൈവ വളം നൽകേണ്ടതാണ്. ശുപാർശ ചെയ്​ത എൻ.പി.കെ. വളങ്ങൾ 50:50:200 എന്ന തോതിൽ നൽകേണ്ടതാണ്.
    മേൽപറഞ്ഞ വളങ്ങൾ ഒരു വർഷം പ്രായമായ വള്ളികൾക്ക് മൂന്നിൽ ഒരു ഭാഗവും, രണ്ടുവർഷം പ്രായമായവയ്ക്കു  മൂന്നിൽ രണ്ടു ഭാഗവും, മൂന്നുവർഷവും അതിനുമുകളിലും പ്രായമായവക്ക്  മുഴുവൻ അളവിലും നൽകണം.
ബോര്‍ഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ ചെടികളൽ സ്പ്രേ ചെയ്യണം. കൂടാതെ കോപ്പർ  ഓക്​സി​േക്ലാറൈഡ് (Copper Oxychloride) ചെടികളുടെ കട ഭാഗത്ത്‌ ഒഴിച്ച് കൊടുക്കണം. കേടു വന്ന താങ്ങുകൾക്കു താങ്ങായി ശീമകൊന്ന നട്ടു കൊടുക്കാം. സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയിട്ടുള്ള വളങ്ങൾ ശുപാർശ പ്രകാരം നല്‍കാം.

ജാതി
•    ഇലകളിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ വെള്ളം സ്പ്രേ ചെയ്ത്ചെളികളയാൻ സാധിക്കുമെങ്കിൽ നന്നായിരിക്കും.
•    മരങ്ങളുടെ കട ഭാഗത്ത് അടിഞ്ഞുകൂടിയ ചെളി നീക്കി തടം ചെറുതായി ഇളക്കി കൊടുത്തു വായു സഞ്ചാരം ഉറപ്പു വരുത്തണം 
•    ചെടികളുടെ കട ഭാഗത്ത്‌ കുമ്മായം 250, -500 ഗ്രാം ചെടി ഒന്നിന് എന്ന തോതിൽ വിതറി കൊടുക്കണം 
•    ഇല പൊഴിച്ചിൽ / ഇലപുള്ളി രോഗം ഉണ്ടെങ്കിൽ 0.2 ശതമാനം വീര്യത്തിൽ കോപ്പർ ഹൈഡ്രോക്സൈഡ് തളിച്ചു കൊടുക്കണം

വാഴ
•    ചെടികളുടെ കട ഭാഗത്ത് വന്നടിഞ്ഞ ചെളി ഇളക്കി മാറ്റി മണ്ണ് നല്ലവണ്ണം ഇളക്കി കൊടുക്കേണ്ടതാണ്. 
•    ഇതിനു ശേഷം വാഴക്ക്​ ചുറ്റും മണ്ണ് കയറ്റി കൊടുക്കാവുന്നതാണ്.
•    കേടു വന്ന ഇലകൾ  മുറിച്ചുമാറ്റണം. 13:0:45 എന്ന വളം അഞ്ച്​ ഗ്രാം ഒരു ലിറ്റർ തോതിൽ പശ ചേര്‍ത്ത് ഇലകളിൽ സ്​പ്രേ ചെയ്യണം. രണ്ടാഴ്ച ശേഷം ജൈവ വളങ്ങൾ നല്‍കണം.
•    ഇലപുള്ളി രോഗം, പനാമ വട്ടം,  മാണം അഴുകൽ  മുതലായവ ഉണ്ടാകാൻ  സാധ്യതയുണ്ട്. ഇലപുള്ളി രോഗത്തിന് 0.4  ശതമാനം വീര്യത്തിൽ മാങ്കോസേബ് എന്ന കുമിള്‍നാശിനി പശ ചേര്‍ത്ത്തളിക്കാം. 0.1 ശതമാനം വീര്യത്തിൽ പ്രൊപ്പികൊനാസോൾ  എന്ന കുമിള്‍നാശിനി രോഗം വര്‍ധിച്ചു വരുന്ന സാഹചര്യം ഉണ്ടെങ്കിൽ തളിച്ചു കൊടുക്കണം. പനാമ വാട്ടം വന്ന വാഴകള്‍ക്ക് 0.2 %  വീര്യത്തിൽ കാര്‍ബെന്‍ഡാസിം അല്ലെങ്കിൽ 0.1 ശതമാനം വീര്യത്തില്‍ പ്രൊപ്പികൊനാസോൾ കുമിൾ നാശിനി കട ഭാഗത്ത്‌ ഒഴിച്ചു കൊടുക്കണം. മാണം അഴുകൽ കാണപെടുന്ന സ്ഥലങ്ങളിൽ അഞ്ച്​ ഗ്രാം ബ്ലീച്ചിങ്​ പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ചു ഒഴിക്കാം.

തെങ്ങ്

തെങ്ങിന് കൂമ്പ് ചീയൽ രോഗം രൂക്ഷമായി  വരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച തെങ്ങുകൾ വൃത്തിയാക്കിയതിനു ശേഷം 10%  വീര്യമുള്ള ബോര്‍ഡോമിശ്രിതം പുരട്ടണം. 0.1 ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കുകയും ചെയ്യണം. ഇലകരിച്ചിൽ, കമുക്​ മഹാളി, തേങ്ങ പൊഴിച്ചിൽ തുടങ്ങിയ കുമിൾ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം 10 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് കൊടുക്കുന്നത് ഫലപ്രദമാണ്.

കമുക്

പ്രധാനമായും മഹാളി രോഗമാണ് കാണാൻ സാധ്യത. ബോര്‍ഡോ മിശ്രിതം ഒരു  ശതമാനം വീര്യത്തിൽ തളിക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ ഫലപ്രദമാണ്.

ഏലം
ആവശ്യത്തിൽ കൂടുതൽ തണൽ ഉണ്ടെങ്കിൽ  അത് നിയന്ത്രിച്ചു കൊടുക്കുന്നത് അഴുകൽ രോഗത്തെ തടയാൻ ഫലപ്രദമാണ്. രോഗം ബാധിച്ച ചെടികളിൽ 0.2 ശതമാനം വീര്യത്തിൽ  കോപ്പര്‍ഹൈഡ്രോക്സൈഡ് തളിച്ചു കൊടുക്കുകയും കട ഭാഗത്ത് ഒഴിച്ച് കൊടുക്കുകയും ചെയ്യണം. കടചീയൽ  രോഗത്തിനും ഈ മരുന്ന് ഫലപ്രദമാണ്.

പച്ചക്കറി

ഒച്ച്‌ വർഗ്ഗത്തിൽ പെട്ട കീടങ്ങൾ ഈര്‍പ്പം കൂടുന്ന മുറക്ക് അപകടകാരികൾ ആയി മാറാൻ സാധ്യതയുണ്ട്. ഇവയെ നനഞ്ഞ ചണചാക്ക്  ഉപയോഗിച്ച് രാത്രി കാലങ്ങളിൽ  ആകര്‍ഷിച്ചു പിടിച്ചു എടുത്തു ഉപ്പു ലായനിയിൽ  ഇട്ടു നശിപ്പിച്ചു കളയാം. വെള്ളരി വര്‍ഗ പച്ചക്കറികളിൽ ഇലപുള്ളിയും തുടര്‍ന്ന് ഇല കരിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാൻ സൈമോക്സിൽ  + മാങ്കോസേബ് (0.3%) തളിച്ച് കൊടുക്കണം. 0.3% ശതമാനം വീര്യത്തിൽ മാങ്കോസേബ് എന്ന കുമിൾ നാശിനി തളിച്ച് കൊടുത്താൽ വഴുതനയുടെ കായ്ചീയൽ, വെണ്ടയുടെ ഇലപുള്ളി രോഗം മുതലായവയെ നിയന്ത്രിക്കാം. പയർ, കടചീയൽ, ഇലപുള്ളി രോഗം മുതലായവയും നിയന്ത്രിക്കുന്നതിനായി മാങ്കോസേബ്+ കാര്‍ബെന്‍ഡാസിം (0.2%) വീര്യത്തിൽ തളിക്കണം.

പോളി ഹൗസ് വിളകൾ
പോളിഹൗസുകൾക്ക്   കേടുപാടുകൾ വന്നിട്ട് കീടങ്ങൾ അകത്തു പ്രവേശിക്കുവാൻ സാധ്യതയുണ്ട്. പ്രധാനമായും ഇല തിന്നു നശിപ്പിക്കുന്ന പുഴുക്കളുടെ ആക്രമണം പ്രതീക്ഷിക്കാം. ഫ്ലുബെന്‍ഡൈയാമിഡ് രണ്ടു മില്ലി/10 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ  ഇവയെ നിയന്ത്രിക്കാം.

Loading...
COMMENTS