ബദാമിന് ബദലില്ല

ഏതു പ്രായക്കാര്‍ക്കും കഴിക്കാവുന്ന പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഏതെങ്കിലും ഭക്ഷണമുണ്ടോ. ഇനിയിപ്പോ ഈ ഭക്ഷണം കഴിക്കുമ്പോള്‍ വണ്ണവും കുടവയറുമെല്ലാം കുറഞ്ഞു കിട്ടിയാലോ.. എന്തു നല്ല നടക്കാത്ത സ്വപനം എന്നാണോ മനസ്സില്‍ തെളിഞ്ഞത്. പറഞ്ഞു തളളാന്‍ വരട്ടെ. അങ്ങനെയൊരു ഭക്ഷണമുണ്ട്, നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. അതാണ് ബദാം. ഈ ഗുണങ്ങളെല്ലാമുളള മറ്റെന്തെങ്കിലുമുണ്ടോയെന്നു ചോദിച്ചാല്‍, ഒരു ഉത്തരമേയുളളൂ.. ബദാമിന് ബദലില്ല.

ബദാമിന് ഗുണങ്ങളേറെ..

ബദാമിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞാല്‍ തീരില്ല. പോഷക മൂല്യങ്ങളുടെ വലിയ കലവറയായി ബദാമിനെ രേഖപ്പെടുത്താം. പ്രവാസി മലയാളികളോട് ഇതെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടി വരില്ല. ഈ ഗുണഗണങ്ങളെല്ലാം അവര്‍ നന്നായി മനസ്സിലാക്കി ബദാമിനെ നിത്യേനയുള ഭക്ഷണത്തിന്റെ ഭാഗമായി മാറ്റിയിരിക്കുന്നു. എങ്കിലും നമ്മുടെ കൊച്ചു കേരളത്തില്‍ ബദാമിനെ ഇനിയും ശരിക്കും അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഉപയോഗം നന്നേ കുറവുമാണ്.

ദാ പിടിച്ചോ!

ബദാമില്‍ വയറിന് ആവശ്യമുളള നാരുകള്‍ ഒരുപാട് അടങ്ങിയിരിക്കുന്നു. കൊഴുപ്പ് കുറവും ഒപ്പം ശരീരത്തിന് ആവശ്യമുളള കൊഴുപ്പ് ധാരാളമായും അടങ്ങിയിരിക്കുന്നു. ആന്‍ിഓക്സിഡന്റുകള്‍, മഗ്‌നിഷ്യം, മാംഗനീസ്, ധാതുലവണങ്ങള്‍ എന്നിവയുടെ അനിഷേധ്യ കലവറ. ഏതു പ്രായത്തിലുളളവര്‍ക്കും ബദാം കഴിക്കാം. കുട്ടികള്‍ക്ക് ദിവസവും ഒരു പിടി ബദാം എന്ന കണക്കില്‍ നല്‍കിയാല്‍ ഏറെ ഗുണം ചെയ്യും. രാവിലത്തെ ഭക്ഷണമായിട്ട് കുട്ടികള്‍ക്ക് 20 ഗ്രാം വരെയും മുതിര്‍ന്നവര്‍ക്ക് 30 ഗ്രാം വരെയും ബദാം കഴിക്കുന്നത് ഫലപ്രദമാണ്.സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് സ്‌നാക്ക് ടൈമില്‍ ബദാം കഴിച്ചാല്‍ ഏറെ നന്നായിരിക്കും. ഒത്തിരി നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വാരിവലിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് താനെ കുറയും. 

ബദാം കഴിച്ചാല്‍ വണ്ണം കുറയുമോ ?

ബദാം കഴിക്കുന്നതിലൂടെ അമിത വണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. എങ്ങിനെയാണ് ഇത് സംഭവിക്കുന്നതെന്ന് നോക്കാം. അമിത വണ്ണമുളളവര്‍ ദിവസവും 45 ഗ്രാം എങ്കിലും ബദാം കഴിക്കണം. രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ടു നേരമായി കഴിക്കുന്നതാണ് ഉത്തമം. ബദാമില്‍ ഒട്ടേറെ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വയര്‍ നിറഞ്ഞതു പോലെയുളള ഫീല്‍ ഉണ്ടാക്കും. സ്വാഭാവികമായും പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു വരികയും ചെയ്യും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ബദാം സഹായിക്കും. കുടവയറുളളവര്‍ക്ക് വയറിനു ചുറ്റുമുളള കൊഴുപ്പ് കുറയ്ക്കാനും ബദാം കഴിക്കുന്നത് നല്ലതാണ്. 

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍

പ്രമേഹ രോഗികള്‍ ഭക്ഷണത്തിന് മുമ്പ് ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. തൊലി കളയാതെ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുതിര്‍ത്തി കഴിക്കുന്നതില്‍ കുഴപ്പമില്ലെങ്കിലും തൊലി കളഞ്ഞാല്‍ ബദാമിന്റെ ഗുണങ്ങള്‍ ലഭിക്കില്ലയെന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആന്‍ിഓക്സിഡന്റുകള്‍ തൊലിക്ക് അടിയിലാണ് അടങ്ങിയിരിക്കുന്നത്. കാന്‍സറിനേയും വാര്‍ദ്ധക്യത്തേയും ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ ഈ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.  മാത്രമല്ല സ്ട്രസ് കുറയ്ക്കാനും സഹായിക്കും. 

സൗന്ദര്യം സംരക്ഷിക്കാനും ബദാം

ബദാമില്‍ വൈറ്റമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ തൊലിക്ക് കൂടുതല്‍ മൃദുത്വവും സൗമ്യതയും നല്‍കും. മാത്രമല്ല ചര്‍മ്മത്തിന് പ്രകൃതിദത്തമായ എണ്ണമയവും സമ്മാനിക്കുന്നു. ഗര്‍ഭിണികള്‍ക്കും പ്രസവിച്ചവര്‍ക്കും ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. മുലപ്പാല്‍ വര്‍ദ്ധിക്കാനും ബദാം കഴിക്കേണ്ടത് അത്യാവശ്യമാണ്. ബദാമില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ബദാമില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. 

ഓര്‍മ്മശക്തി കൂട്ടും

ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബദാം കഴിച്ച് ഓര്‍മ്മശക്തി കൂട്ടാം. നല്ല കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ബുദ്ധിശക്തിയും ഓര്‍മ്മയും മെച്ചപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനാല്‍ ഓര്‍മ്മ കൂട്ടാന്‍ ദിവസവും രാവിലെ കുറച്ച് അഞ്ചോ ആറോ കുതിര്‍ത്ത ബദാം തൊലികളയാതെ കഴിക്കണം. കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ (എച്ച്ഡിഎല്‍) അളവ് ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ (എല്‍ഡിഎല്‍) അളവ് കുറയ്ക്കുകയും ചെയ്യും. എച്ച്ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ബദാമില്‍ കാണപ്പെടുന്ന വൈറ്റമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ബാദാമിലെ മഗ്നീഷ്യത്തിന് ഹൃദയ സ്തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ധമനികളില്‍ തടസ്സം ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.

രക്തസമ്മര്‍ദ്ദം കുറയ്ക്കാം

കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്‍ത്ത ബദാം കഴിച്ചാല്‍  രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കാനാവും. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യും. പഞ്ചസാര അളവ് നിയന്ത്രിച്ചു നിര്‍ത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മംഗ്‌നീഷ്യം സഹായിക്കും. ബദാം കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോള്‍ - എച്ച് ഡി എല്‍ വര്‍ദ്ധിക്കും. ചീത്ത കൊളസ്ട്രോള്‍ കൂടുതലുളളവര്‍ക്ക് ഇത് നിയന്ത്രണ വിധേയമാക്കാന്‍ ദിവസവും 45 ഗ്രാം വരെ ബദാം കഴിക്കാം.

ദഹനത്തിന്

ബദാമില്‍ ഏറെ നാരുകള്‍ അടങ്ങിയിരിക്കുന്നതായി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവല്ലോ. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ അനായാസമാക്കാന്‍ ബദാം സഹായിക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉളവരും ദിവസവും ബദാം കഴിക്കേണ്ടത് അത്യാവശ്യമാണ്.

ബദാം പാല്‍

സാധാരണ പാല്‍ ഇഷ്ടമില്ലാത്തവര്‍ക്ക് സ്വാദും പോഷകമൂല്യവും ഏറിയ  ബദാംപാല്‍ തിരഞ്ഞെടുക്കാം. പല ഹോട്ടലുളിലേയും ആകര്‍ഷണീയമായ പാനീയമാണ് ബദാംമില്‍ക്ക്. പ്രത്യേക സ്വാദുളളതിനാല്‍ ബദാം ചേര്‍ത്ത ഉത്പന്നങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. 

ഊര്‍ജ്ജത്തിന്​

ബദാമില്‍ മാംഗനീസ്, റൈബോഫ്‌ളാവിന്‍, കോപ്പര്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിത്യഭക്ഷണത്തില്‍ നിന്ന് ബദാമിനെ ഒഴിവാക്കാനാവില്ല. ബദാമില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകള്‍ പേശികള്‍ക്ക് കരുത്ത് കൂട്ടും

COMMENTS