മുറുക്കി ചുവന്ന തിരൂർ വെറ്റില ലോകശ്രദ്ധയിലേക്ക്

മുറുക്കി ചുവന്ന ചുണ്ടുമായി ലോകശ്രദ്ധയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ തിരൂർ എന്ന സ്ഥലം. ഏറെ വൈകിയെങ്കിലും അർഹതക്കുള്ള അംഗീകാരവുമായി ഭൗമ സൂചിക പദവി തിരൂർ വെറ്റിലയെ തേടിയെത്തിയിരിക്കുകയാണ്. കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തിൽ ഏറെ നാളായുള്ള പരിശ്രമങ്ങൾക്കാണ് ഇതോടെ അനുകൂലവിധി കൈവന്നിരിക്കുന്നത്. 

തിരൂർ വെറ്റില എങ്ങനെ വ്യത്യസ്തമാകുന്നു?

പ്രത്യേക രുചിയും കാണാൻ ഭംഗിയും കനം കുറവുള്ളതും ഔഷധ ഗുണം കൂടുതലുള്ളതുമാണ് തിരൂർ വെറ്റിലയെ മറ്റ് സ്ഥലങ്ങളിലെ വെറ്റിലകളിൽനിന്ന് വേറിട്ടു നിർത്തുന്നത്. ഓരോ വീടിനു ചുറ്റിലും വെറ്റില കൃഷി ചെയ്തിരുന്ന ഒരു കാലം തിരൂരിനുണ്ടായിരുന്നു. വെറ്റില കൃഷിയോടുള്ള സർക്കാറി​െൻറ മോശം സമീപനം, കയറ്റുമതിക്കുറവ് തുടങ്ങിയ വിവിധ കാരണങ്ങൾകൊണ്ട് ആ പ്രതാപം തിരൂരിന് നഷ്ടമായി. വെറ്റില കൃഷി ഈ നാട്ടുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നായതിനാൽ ഈ കൃഷിയുമായുള്ള പൊക്കിൾകൊടി ബന്ധം വിച്ഛേദിക്കാൻ ഒരിക്കലും ഈ നാട് തയ്യാറായില്ല. പുത്തനത്താണി, ഓമച്ചപ്പുഴ, തിരുന്നാവായ, വെള്ളിയാമ്പുറം, കോഡൂർ, നന്നമ്പ്ര, തൃക്കോട്ടൂർ എന്നിങ്ങനെയുള്ള പല സ്ഥലങ്ങളിലും ഇപ്പോഴും വെറ്റില കൃഷി മാത്രം ആശ്രയിച്ചുള്ള ധാരാളം ആളുകൾ കഴിയുന്നുണ്ട്. ഭൗമ സൂചിക പദമി നേട്ടത്തോടെ തിരൂർ വെറ്റിലയുടെ ജാതകം തിരുത്തിക്കുറിക്കുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. 

കടൽ കടന്ന രുചിപ്പെരുമ

തിരൂർ വെറ്റിലയുടെ രുചി ഇന്നാട്ടുകാർക്ക് മാത്രമല്ല, കടൽ കടന്നുള്ള ചരിത്രവും അതിന് പറയാനുണ്ട്. പാകിസ്താനായിരുന്നു തിരൂർ വെറ്റിലയുടെ പ്രധാന ആരാധകർ എന്ന് അന്നത്തെ കർഷകർ പറയുന്നു. പാകിസ്താനിലേക്ക് വൻ തോതിലായിരുന്നു തിരൂർ വെറ്റിയ കയറ്റി അയച്ചിരുന്നത്. കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും തിരൂർ വെറ്റിലയുടെ പ്രൗഢി കടന്നു ചെന്നിരുന്ന കാലമുണ്ടായിരുന്നു. പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാവാൻ തുടങ്ങിയതോടെ തിരൂർ വെറ്റിയുടെ തിളക്കവും കുറഞ്ഞു തുടങ്ങി. കയറ്റുമതി ഗണ്യമായി കുറഞ്ഞു. ശ്രീലങ്കയിൽനിന്നും ബംഗ്ലാദേശിൽ നിന്നും ധാരാളം വെറ്റില പാക് വിപണിയിലേക്ക് ഒഴുകാൻ തുടങ്ങിയതും തിരൂർ വെറ്റിലക്ക് തിരിച്ചടിയായി.

വെറ്റിലയുടെ ഔഷധഗുണങ്ങൾ

തുളസി വെറ്റില, അരിക്കൊടി, കലൊടി, കർപ്പൂരം, കൂട്ടക്കൊടി, നന്ദൻ, പെരുങ്കൊടി, അമരവിള എന്നിവയാണ് തിരൂരിൽ പ്രധാനമായും കൃഷി ചെയ്യുന്നവ.  ആയുർവേദത്തിൽ പല ഔഷധങ്ങൾക്കും കൂട്ടായി വെറ്റില ഉപയോഗിച്ചു വരുന്നുണ്ട്. മന്ത്, കാസം, കുട്ടികളിലെ രോഹിണിരോഗം, ഗ്യാസ് ശല്യം എന്നിവക്കുള്ള പ്രധാന മരുന്നാണിത്. 

ഭൗമസൂചിക പദവി എങ്ങനെ നിശ്ചയിക്കുന്നു?

ഒരു പ്രത്യേക ഉൽപന്നത്തി​െൻറ ഗുണമേന്മ അത് ഉൽപാദിപ്പിക്കുന്ന സ്ഥലത്തി​െൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ തിരിച്ചറിയാനായി ഭൗമ സൂചിക പദവി നൽകുന്നത്. തിരൂർ വെറ്റില ഉൽപാദക സംഘം തങ്ങളുടെ പ്രശ്നങ്ങൾ പലതവണ മന്ത്രിമാരേയും മറ്റും ബോധ്യപ്പെടുത്തിയെങ്കിലും ആരും ചെവികൊണ്ടിരുന്നില്ല. എന്തായാലും ഭൗമസൂചിക പദവി ലഭിച്ചതോടെ ആഗോള തലത്തിൽതന്നെ മുഖ്യസ്ഥാനം ലഭിക്കുമെന്ന് തിരൂരിലെ വെറ്റില കർഷകർ പ്രതീക്ഷിക്കുന്നു.

Loading...
COMMENTS