നിയമപാലനത്തിനൊപ്പം കൃഷിയും; മാതൃകയായി വനപാലകർ
text_fieldsചിറ്റാർ: ജോലി തിരക്കിനിടയിലും മണ്ണിൽ പൊന്ന് വിളയിക്കാനിറങ്ങിയിരിക്കുകയാണ് ചിറ്റാർ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകർ. നിയമപാലനം മാത്രമല്ല കൃഷിയും തങ്ങൾക്ക് വഴങ്ങുമെന്നു തെളിയിക്കുകയാണിവർ. ഫോറസ്റ്റ് സ്റ്റേഷൻ കവാടത്തിലെത്തുമ്പോൾ തന്നെ സ്റ്റേഷനോട് ചേർന്ന് പറമ്പിൽ ഒരുവശത്ത് ആകർഷകമായി കൃഷി ചെയ്ത കപ്പ, വാഴ, വെണ്ട, പയർ, ചീര, അമര എന്നിവ കാണാം. ഡ്യൂട്ടിക്കിടെ കിട്ടിയ സമയത്ത് കൃഷി ചെയ്യാൻ ഡപ്യൂട്ടി റെയ്ഞ്ചർ ആർ.രാജേഷിൻെറ നേതൃത്വത്തിൽ സഹപ്രവർത്തകരൊന്നടങ്കം ഇറങ്ങി.
സ്റ്റേഷന്‍ വളപ്പിലെ പത്ത് സെൻറ് തരിശ് ഭൂമിയിലാണ് മണ്ണിളക്കി ജൈവ രീതിയില്‍ പച്ചക്കറി കൃഷിയിറക്കിയത്. ലഭ്യമാകുന്ന മുഴുവന്‍ ഒഴിവു സമയങ്ങളും ഇവര്‍ കൃഷിയിടത്തില്‍ ചെലവഴിക്കുന്നു. ലോക്ഡൗണ്‍ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിന് മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം പൊതുസ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി എന്ന ലക്ഷ്യവുമായാണ് സ്റ്റേഷന്‍ വളപ്പില്‍ പച്ചക്കറി തോട്ടം ആരംഭിച്ചത്.
തരിശായി കിടന്ന സ്ഥലം കൃഷിക്ക് യോജിച്ച നിലയില്‍ ഒരുക്കിയെടുത്താണ് വിത്തിറക്കിയത്. കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിസരം വൃത്തിയാക്കി കൃഷിക്ക് തുടക്കംകുറിച്ചു. ചാണകപ്പൊടിയും ചാരവും മാത്രമാണ് വളമായി ഇടുന്നത്. രാവിലെയും വൈകീട്ടും തൈകൾക്ക് വെള്ളം നനക്കും. കീടനാശിനികളും ജൈവം തന്നെ. എല്ലാ ജോലികളും ചെയുന്നത് സ്റ്റേഷനിലെ ജീവനക്കാർ തന്നെയാണ്.
മായംകലർന്ന പച്ചക്കറി വിൽപ്പന കൂടിവരുന്ന സാഹചര്യത്തിൽ 22ഓളം പേർ ജോലി ചെയ്യുന്ന സ്റ്റേഷനിലെ കാൻറീനിലേക്ക് ആവശ്യമായ പച്ചക്കറികളും മറ്റും ഉത്പാദിപ്പിക്കുന്നതിനായാണ് ജൈവ കൃഷി ആരംഭിച്ചത്. മുഴുവൻ ജീവനക്കാരുടേയും സഹകരണത്തോടെ വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനുള്ള പരിശ്രമത്തിലാണെണ് ഡെപ്യൂട്ടി റെയ്ഞ്ചർ ആർ. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
