‘ഞാറ്റുവേല’ കിളികളായ് ബംഗാളികള്‍

  • കാര്‍ഷികമേഖലയില്‍ മറുനാടന്‍ ടച്ച്

02:43 AM
25/06/2016
മുണ്ടത്തിക്കോട് കൃഷിഭവന്‍െറ കീഴിലെ പാടശേഖരത്തില്‍ ഞാറ് പറിക്കുന്ന ഇതരസംസ്ഥാനക്കാര്‍

തിരിമുറിയാതെ മഴ പെയ്യേണ്ട തിരുവാതിര ഞാറ്റുവേല പിറന്നതിന്‍െറ  പിറ്റേന്നാള്‍ ഞാറ്റുപാട്ടില്ലാതെ പാടത്ത് ഞാറു നടാന്‍ എത്തിയത് ബംഗാളികള്‍.  നെല്‍കൃഷിക്കും ഇതരസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയിലത്തെിയെന്ന തിരിച്ചറിവിന്‍െറ പകലായിരുന്നു അത്. കോള്‍പാടങ്ങളും മുപ്പൂ കൃഷിയിടങ്ങളും ഒട്ടേറെയുള്ള തൃശൂരില്‍ ബംഗാളികളുടെ അരങ്ങേറ്റം കെങ്കേമമാകുമെന്ന് ഉറപ്പ്.  മലയാളം ഇത്തിരിയിത്തിരി പറയാന്‍ ശീലിച്ച സിനിമാപ്രേമിയായ ഒരു ബംഗാളി ‘ഞാറ്റുവേല കിളിയേ, ഒരു പാട്ടുപാടി വരുമോ...’ എന്ന വരികള്‍ മൂളി. പുതിയ കാലത്തെ ഞാറ്റുപാട്ട്. മുണ്ടത്തിക്കോട് കൃഷിഭവന്‍െറ കീഴിലെ രാജഗിരി, അരവൂര്‍, പെരിങ്ങണ്ടൂര്‍ പാടശേഖരത്തിലെ വിരിപ്പ് കൃഷിക്കാണ് ഇതരസംസ്ഥാനക്കാര്‍ ഞാറുനട്ടത്. 23 ഏക്കറിലാണ് പാടശേഖര സമിതി കൃഷിയിറക്കുന്നത്. മലയാളികളെ പണിക്ക് കിട്ടാഞ്ഞതിനാല്‍ ഇതരസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയായെന്ന് സമിതി. ഇതരസംസ്ഥാനക്കാരായ 27 പേരാണ് ഞാറ് നട്ടത്.  ഇവരുടെ വേഗത്തിലുള്ള ഞാറുനടീല്‍ അതിശയിപ്പിക്കുന്നതാണ്. രണ്ട് ദിവസംകൊണ്ട് 13 ഏക്കര്‍ പാടം നട്ടുതീര്‍ത്തു. കാട്ടകാമ്പാല്‍ സ്വദേശിയായ കരാറുകാരന്‍ വഴിയാണ് ഇതരസംസ്ഥാനക്കാര്‍ ഞാറുനടീലിന് എത്തിയത്.

 

Loading...
COMMENTS