സംഭരണം നിലച്ചു; കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsസംഭരണം അവതാളത്തിലായതും അപ്രതീക്ഷിത വിലയിടിവുംമൂലം കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍. കേരഫെഡ് കൃഷിഭവനുകള്‍ മുഖേനയാണ് നാളികേരം സംഭരിച്ചിരുന്നത്. കിലോക്ക് 25 രൂപ നല്‍കിയായിരുന്നു സംഭരണം. ആറ് മാസത്തിലധികമായി സംഭരണം നിലച്ചിരിക്കുകയാണ്. ഓരോ പഞ്ചായത്തിലെയും കൃഷിഭവന്‍ ഗോഡൗണുകളിലാണ് കര്‍ഷകരുടെ നാളികേരം കേരഫെഡ് ശേഖരിക്കുന്നത്. എന്നാല്‍, ഈ ഗോഡൗണുകളില്‍ ടണ്‍ കണക്കിന് നാളികേരം കെട്ടിക്കിടക്കുകയാണ്.
സംഭരണം നിര്‍ത്തിയതിനെ തുടര്‍ന്ന് സമാന തോതില്‍ നാളികേരം കര്‍ഷകരുടെ വീടുകളിലും കെട്ടിക്കിടക്കുകയാണ്. കേരഫെഡ് ഒരുകിലോ തേങ്ങക്ക് 25രൂപ നല്‍കുമ്പോള്‍ ഓപണ്‍ മാര്‍ക്കറ്റില്‍ 14രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതിനാല്‍, കേരഫെഡിനെ ആശ്രയിക്കാതെ മുന്നോട്ടുപോകാന്‍ കര്‍ഷകര്‍ക്കും കഴിയില്ല. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഒരു ഇളനീരിന് 30 രൂപയും അതിലധികവും വില ലഭിക്കുമ്പോള്‍ ഒരു നാളികേരത്തിന് കേര കര്‍ഷകന് കിട്ടുന്നതാകട്ടെ അഞ്ച് രൂപയില്‍ താഴെ മാത്രമാണ്.
ഇനി ഇളനീരായി വില്‍ക്കാമെന്ന് കരുതിയാല്‍ കേരളത്തിലെ ഇളനീരിന് ഡിമാന്‍ഡുമില്ല. ഒരു തെങ്ങ് കയറാന്‍ തൊഴിലാളിക്ക് കുറഞ്ഞത് 30 രൂപ നല്‍കണം, നാളികേരം പൊളിക്കാനാകട്ടെ ഒരു രൂപയും. തെങ്ങ് ശരിയാംവണ്ണം സംരക്ഷിക്കാനുള്ള കൂലിച്ചെലവ് കഴിച്ചാല്‍ നഷ്ടക്കണക്ക് ഏറും. കൂടാതെ രോഗംമൂലം വിളവ് കുറയുന്നതും കേരകര്‍ഷകര്‍ക്ക് തിരിച്ചടിയായി. നാളികേരത്തിന് 25 രൂപ സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിരുന്നുവെങ്കിലും പൊതുവിപണിയില്‍ ലഭിക്കുന്നത് 12 രൂപയില്‍ താഴെ മാത്രം. ഇതിനിടെയാണ് നേരത്തേ സംഭരിച്ച നാളികേരത്തിന്‍െറ വില പല കര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ലാത്തതും.
അതേസമയം, ഉദ്യോഗസ്ഥരും വന്‍കിട ഏജന്‍റുമാരും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപമുണ്ട്. സാധാരണ കര്‍ഷകരില്‍നിന്ന് മാസങ്ങളോളം ബുക്കിങ് അനുവദിക്കുകയും ഏജന്‍റുമാരില്‍നിന്ന് തല്‍സമയം തേങ്ങ സംഭരിക്കുകയും ചെയ്യുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. സംഭരണം നിലച്ചതോടെ പറമ്പുകളില്‍ കൂട്ടിയിട്ടിരുന്ന നാളികേരം കനത്തമഴയില്‍ മുളയെടുക്കാനും നശിക്കാനും തുടങ്ങിയെന്നും കര്‍ഷകര്‍ പറയുന്നു. കൊപ്ര സംഭരണവും നിലച്ചമട്ടിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.