കരിമ്പ് കൃഷി ആദായകരമാക്കാന്‍ പുതു പരീക്ഷണം
text_fieldsചെലവ് കുറഞ്ഞ മാര്‍ഗത്തിലൂടെ ഉല്‍പാദനശേഷിയും പ്രതിരോധശേഷിയുമുള്ള കരിമ്പിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിലെ പരാജയമാണ് കരിമ്പിന്‍കൃഷി കേരളത്തില്‍ വേരോടാന്‍ തടസ്സമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ഇതിന് പരിഹാരമായി ചെറുപരീക്ഷണത്തിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്തെിയിരിക്കുന്നു തളിപ്പറമ്പില്‍ താമസിക്കുന്ന കര്‍ഷക ശാസ്ത്രജ്ഞനായ ജലീല്‍. മൈക്രോസെറ്റ് കപ്പ് തൈകള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം 20 സെന്‍റ് സ്ഥലത്ത് ഇദ്ദേഹം പരീക്ഷിച്ച് വിജയം കണ്ടുകഴിഞ്ഞു.
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കരിമ്പ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് രോഗ ബാധയില്ലാത്ത കരിമ്പിന്‍ തണ്ട് കൊണ്ടുവന്ന് കൃഷി തുടങ്ങിയ ജലീലിനുണ്ടായ ദുരനുഭവമാണ് ഇത്തരമൊരു പരീക്ഷണത്തിലേക്ക് ജലീലിനെ എത്തിച്ചത്. നട്ട കരിമ്പുമുഴുവന്‍ മഴയില്‍ ചീഞ്ഞു. ഒപ്പം ചിതലിന്‍െറ ആക്രമണം കൂടിയായപ്പോള്‍ നശീകരണം പൂര്‍ണമായി. ശേഷിച്ച രണ്ട് കരിമ്പില്‍ നിന്ന് തൈകള്‍ ഉല്‍പാദിപ്പിക്കേണ്ടി വന്നപ്പോഴാണ് ജലീല്‍ മൈക്രോസെറ്റ് രീതി ആവിഷ്ക്കരിച്ചത്്.
രോഗപ്രതിരോധത്തിന്‍െറ ഘട്ടങ്ങള്‍
കീടരോഗബാധയില്ലാത്ത കരിമ്പിന്‍ തണ്ടുകള്‍ മൂന്നു ദിവസം തണലത്ത് സൂക്ഷിക്കുന്നതാണ് ആദ്യ ഘട്ടം. കരിമ്പിന്‍ മുട്ടും ചുറ്റുുമുള്ള ഭാഗത്തുനിന്നുമായി ‘v’ ആകൃതിയിലായി തണ്ട് മുറിച്ചെടുക്കുക. ഉടന്‍ തന്നെ ആ മുകുളം ചാണകകുഴമ്പ്- സ്യൂഡോമോണസ് ലായനിയില്‍ മുക്കി വെക്കണം. രണ്ടു മണിക്കുറിനുശേഷം മിശ്രിതത്തില്‍ നിന്നുമെടുത്ത് തണലത്ത് ഉണക്കുക. പോട്ടിങ് മിശ്രിതം നിറച്ച പോട്രേകളില്‍ പാകി നന്നായി നനക്കണം. രണ്ടാഴ്ചക്കുശേഷം നല്ലകരുത്തുള്ള തൈകള്‍ ശേഖരിച്ച് റബ്ബര്‍ കപ്പ് തൈ പാകുന്ന കപ്പില്‍ മാറ്റി നടാം.
മൂന്നു മാസത്തിന് ശേഷം ഇവ കൃഷി ഇടത്തിലേക്ക് പറിച്ച് നടാം. ഫെബ്രുവരി- മാര്‍ച്ച് മാസത്തില്‍ മൈക്രോസെറ്റ് നഴ്സറി തുടങ്ങിയാല്‍ മഴക്കാലത്തോടുകൂടി ആരോഗ്യമുള്ള തൈകള്‍ കൃഷിഇടത്തില്‍ നടാന്‍ കഴിയും. വേരുപിടിപ്പിച്ച തൈകള്‍ പറിച്ച് നടുന്നതിനാല്‍ വിള ദൈര്‍ഘ്യം കുറക്കാമെന്ന മേന്മയും മൈക്രോസെറ്റിന് അവകാശപ്പെടാം.
അനുഭവത്തിന്‍െറ വെളിച്ചത്തിലാണ് തളിപറമ്പ് പന്നിയൂര്‍ പള്ളിവയല്‍ കസ്തൂരിപറമ്പില്‍ ജലീല്‍ ഇത്തരം കണ്ടു പിടുത്തങ്ങള്‍ നടത്തുന്നത്. തേന്‍ സൂക്ഷിക്കാന്‍ ‘ഡബിള്‍ ബോയല്‍’ വിദ്യക്കുപകരം സൂര്യപ്രകാശം ഉപയോഗിച്ചുള്ള സംസ്കരണ രീതി ഇദ്ദേഹം വികസിപ്പിച്ചെടുത്തത് ഏറെ പ്രശംസപിടിച്ചെടുത്തിരുന്നു. കോട്ടയത്തുനിന്ന് 25 വര്‍ഷം മുമ്പ് തളിപറമ്പിലേക്ക് കുടിയേറിയ ജലീല്‍ ഇവിടത്തെ ഫാം സയന്‍റിസ്റ്റ് ഇന്നവേറ്റീവ് അസോസിയേറ്റീവ് സെക്രട്ടറിയും പന്നിയൂര്‍ റബ്ബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഡയറക്ടറുമാണ്. ഫോണ്‍: 9562647014.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.