കരളുറപ്പെങ്കില്‍ കണ്ണുകളെന്തിനുവെറുതെ...

  • അന്ധനും ദലിതനുമായ ബിരുദധാരിയുടെ ‘കൃഷി ജീവിതം'

ഒ. മുസ്തഫ
01:55 AM
16/02/2016
മണിയേട്ടന്‍

പട്ടികജാതിയിലെ ചെറുമന്‍ വിഭാഗക്കാരനാണ് മണിയേട്ടന്‍. ഒട്ടും കാഴ്ചയില്ലാഞ്ഞിട്ടും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. നോവുകള്‍ പടികടന്നത്തെുമ്പോഴും കരളുറപ്പുകൊണ്ട് ജീവിതത്തിലെ ഇരുട്ട് നീക്കാനുള്ള പെടാപ്പാടിലാണ് ഈ 55കാരന്‍. രണ്ടുകണ്ണുകളുണ്ടായിട്ടും ഒന്നും ചെയ്യാത്തവര്‍ക്കിടയില്‍ ഇതൊരു പോരാട്ടം തന്നെയാണ്. എന്നാല്‍, സഹായിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവഗണിക്കുമ്പോള്‍ തലചായ്ക്കാനൊരു വീടെന്ന സ്വപ്നം ഈ വൃദ്ധന് പൂവണിയുന്നേയില്ല. അമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു. പാലക്കാട്ടെ മണ്ണാര്‍ക്കാട് നിന്ന് ഇളംപ്രായത്തില്‍ അഛന്‍ ചാമിയോടൊപ്പം വയനാട്ടിലത്തെി.

 
മണിയേട്ടന്‍
 

പൊഴുതന അച്ചൂരിലെ തേയിലത്തോട്ടത്തില്‍ തൊഴിലാളിയായിരുന്ന ചാമി അരിഷ്ടിച്ച ജീവിതത്തിനിടയിലും മകനെ പഠിപ്പിച്ചു. കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് മണി പ്രീഡിഗ്രി ജയിച്ചു. ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും നേടി. പിന്നീട് കോഴിക്കോട് ലോ കോളജില്‍ ചേര്‍ന്നു. പൊടുന്നനെയായിരുന്നു അഛന്‍െറ മരണം.
അതോടെ നിയമപഠനം തുടരാനായില്ല. അഞ്ചാംവയസില്‍ തുടങ്ങിയതാണ് കണ്ണുദീനം. കാഴ്ച പൂര്‍ണമായും നശിച്ചിട്ട് 30വര്‍ഷമായി. കണ്ണ് തുറന്നാലും അടച്ചാലും കൂരിരുട്ട് മാത്രം. ദാരിദ്ര്യം വീടകത്തത്തെിയപ്പോള്‍ ഒടുവില്‍ ആകെയുള്ള 45സെന്‍റ് വയലിലേക്കിറങ്ങി. പൊഴുതന പഞ്ചായത്തിലെ കമ്മാടംകുന്നിലാണ് മണിയേട്ടന്‍െറ വയലുള്ളത്. അച്ചൂരിലെ എസ്റ്റേറ്റിലെ വാടകറൂമില്‍ സഹോദരിയോടൊപ്പം താമസിക്കുകയാണിപ്പോള്‍. കൂലിപ്പണിക്കാരിയായ സഹോദരിയുടെയും ബുദ്ധിവൈകല്യമുള്ള മകളുടെയും സംരക്ഷണചുമതലയും മണിയേട്ടനാണ്. ഇതിനാല്‍ ഒരുദിനം പോലും വെറുതെയിരിക്കാനാകില്ല. എല്ലാദിവസവും ആറുമണിക്ക് ഉണരും.

മണിയേട്ടന്‍ കൃഷിത്തോട്ടത്തില്‍
 

ഉള്‍കണ്ണിന്‍െറ കാഴ്ചയില്‍ നടന്ന് വയലിലത്തെും. നിലമൊരുക്കലും വിത്തിടലും നനയുമൊക്കെ സ്വന്തം. ഇപ്പോള്‍ ചീര, മത്തന്‍, കിഴങ്ങ്, വഴുതന, കാന്താരി, പൈാനാപ്പിള്‍, വാഴ കൃഷികളാണ് വയലിലാകെ. എല്ലാം ജൈവരീതിയില്‍. പേരിനുപോലും രാസവളങ്ങളില്ല. ഒറ്റക്കുതന്നെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് മാര്‍ക്കറ്റില്‍ നേരിട്ടുപോയി വിളകള്‍ വില്‍ക്കും. ഇടനിലക്കാരുടെ ചൂഷണത്തിന് നിന്നുകൊടുക്കില്ല. രാവേറെ മണ്ണില്‍ പണിയെടുത്താലും 3000 രൂപ മാത്രമാണ് മാസവരുമാനം. ചെറിയ സംഖ്യ സ്വരുക്കൂട്ടിയാണ് ഒടുവില്‍ വീടുപണി തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ടു രണ്ടു ലക്ഷം രൂപ ചെലവില്‍ സണ്‍ഷേഡ് പൊക്കംവരെ നിര്‍മിച്ചു. പരിചയക്കാരായ പണിക്കാര്‍ പലരും കൂലിയില്ലാതെയാണ് പണിയെടുത്തത്. അഞ്ചുകൊല്ലം മുമ്പുവരെ തെങ്ങുകയറ്റമടക്കമുള്ള പണികള്‍ക്കും മണിയേട്ടന്‍ പോകുമായിരുന്നു. ഒരുനാള്‍ തളര്‍ന്നുവീണു. ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കൂലിപ്പണിക്ക് പോകാതായി. ഈ സീസണിലെ വിളവെടുപ്പ് കഴിഞ്ഞാല്‍ കൂട്ടിവെച്ച തുകയും ചേര്‍ത്ത് 34,000 രൂപ കൈയില്‍ വരുമെന്ന് ഇദ്ദേഹം പറയുന്നു. അതുപയോഗിച്ച് വീടിന്‍െറ വാര്‍പ്പ് പണി തുടങ്ങാനാകുമോ എന്ന സംശയം ബാക്കിയാണ്. പല വട്ടം അധികൃതരോട് വീടിന്‍െറ കാര്യം ബോധിപ്പിച്ചതാണ്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് മടക്കും. ഇതുവരെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. "ശേഷിയുള്ള കാലം വരെ അധ്വാനിക്കും, പിന്നെ പഞ്ചായത്ത് ഓഫിസ് മുറ്റത്ത് ചട്ടിയും കലവുമായി താമസം തുടങ്ങും' -മണിയേട്ടന്‍ ഉള്‍ക്കരുത്തോടെ പറയുന്നു. മുഖത്തെ നിഷ്കളങ്ക ചിരിയില്‍ കണ്ണുകള്‍ കൂടുതല്‍ അടയുകയാണ്.

മണിയേട്ടന്‍െറ മൊബൈല്‍: 9562030695

 

Loading...
COMMENTS