വിളയിടം അടിസ്ഥാനമായ കൃഷിക്ക് പ്രാധാന്യം നല്‍കും- പി.പ്രസാദ്
text_fieldsകോഴിക്കോട്:വിള അടിസ്ഥാന കൃഷിയില്‍ നിന്ന് മാറി വിളയിടം അടിസ്ഥാനമായ കൃഷിക്കാണ് സര്‍ക്കാര്‍ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി പി. പ്രസാദ്. പാറക്കടവ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മണ്ണ് അറിഞ്ഞ് കൃഷി ചെയ്യുന്ന രീതി ഉണ്ടാകണം. മണ്ണ് കൃത്യമായി പരിശോധിച്ച് മണ്ണിന് അനുയോജ്യമായ കൂടുതല്‍ ഉല്പാദനം നല്‍കുന്ന വിളകള്‍ കൃഷി ചെയ്യുന്ന രീതി ഉണ്ടാകണം. ഈ വാരം ഇന്‍ഷുറന്‍സ് വാരമായാണ് കൃഷിവകുപ്പ് ആചരിക്കുന്നത്. എല്ലാ കര്‍ഷകരും കൃഷി ഇന്‍ഷുര്‍ ചെയ്യണം. കൃഷി ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത് ഉറപ്പാക്കണം.
കഴിക്കുന്ന ഭക്ഷണത്തിലൂടെ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം വര്‍ധിച്ചുവരികയാണ്. ഈ അവസരത്തില്‍ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. നമുക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എല്ലാവരും മാറണം.
പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് കഴിയും. കൃഷിയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 16 ലക്ഷം ടണ്ണിലേറെ പച്ചക്കറിയാണ് കേരളത്തില്‍ ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. പാറക്കടവ് പഞ്ചായത്ത് തരിശുരഹിത പഞ്ചായത്തായി മാറണം. കൃഷി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃഷിക്കാരിലേക്ക് ഇറങ്ങി ചെല്ലുന്ന സാഹചര്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
റോജി എം ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. മൂഴിക്കുളം സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റോജി. എം.ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാന്‍ എം.പി മുഖ്യാഥിതിയായി.