കീടങ്ങളെ ചെറുത്ത് വരമ്പിലെ ചെണ്ടുമല്ലി പൂക്കൾ
text_fieldsരാമകൃഷ്ണന്റെ നെൽപാടവരമ്പിൽ പൂത്തുനിൽക്കുന്ന ചെണ്ടുമല്ലി കൃഷി
കൊല്ലങ്കോട്: കീടങ്ങൾക്കെതിരെ പാടവരമ്പത്ത് ചെണ്ടുമല്ലി വിളയിച്ച് രാമകൃഷ്ണൻ. വടവന്നൂർ ഊട്ടറയിലാണ് കീടങ്ങളെ നിയന്ത്രിക്കാൻ ഇദ്ദേഹം ഒമ്പത് വർഷത്തിലധികമായി തന്റെ ഒന്നര ഏക്കർ പാടവരമ്പിൽ ചെണ്ടുമല്ലി പൂച്ചെടികൾ വളർത്തുന്നത്. നെൽച്ചെടികളിലെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾ ചെണ്ടുമല്ലിച്ചെടികളിൽ ആകൃഷ്ടരായി പൂക്കളിൽ വന്നിരിക്കുന്നതിനാൽ നെൽച്ചെടികളിലെ കീടബാധ 60 ശതമാനത്തിലധികം കുറയുന്നതായി കൃഷി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് രാമകൃഷ്ണന്റെ വരമ്പുകൾ ചെണ്ടുമല്ലിപൂക്കളാൽ നിറഞ്ഞത്. മഹാനവമി പൂജകളുടെ ഭാഗമായി ഇവിടത്തെ ചെണ്ടുമല്ലിക്കും ആവശ്യക്കാർ ഏറെയാണ്. പൂക്കൾ കാരണം കീടനാശിനി പ്രയോഗം മൂന്നിലൊന്നായി കുറഞ്ഞതായി പെരുംമ്പിടാരം സമിതിയിലെ കർഷകനായ രാമകൃഷ്ണൻ പറഞ്ഞു. കൊല്ലങ്കോട് പഞ്ചായത്തിൽ ഇത്തവണ 10,000 ചെണ്ടുമല്ലി തൈകളാണ് ഇക്കോളജിക്കൽ എൻജിനിയറിങ്ങിന്റെ ഭാഗമായി പാടവരമ്പിൽ നട്ടുവളർത്തിയത്. ചെണ്ടുമല്ലിക്ക് പുറമെ ജമന്തി, സീനിയ, വാടാമുല്ല, കോഴിച്ചുണ്ടൻ, തുളസി തുടങ്ങിയ ചെടികളും വെച്ചുപിടിപ്പിച്ചു.
മിത്രപ്രാണികളുടെ എണ്ണം വർധിപ്പിച്ച് ശത്രു കീടങ്ങളെ തുരത്തുന്ന പ്രവർത്തനങ്ങൾ കൊല്ലങ്കോട്, വടവന്നൂർ പഞ്ചായത്തിൽ പുരോഗമിക്കുകയാണ്. ഇത്തവണ കൊല്ലങ്കോട് പഞ്ചായത്തിൽ 35 നെൽകർഷകർക്കാണ് 10,000 ചെണ്ടുമല്ലിതൈകൾ വിള ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തതെന്ന് പദ്ധതിയുടെ ഫീൽഡ് അസിസ്റ്റന്റ് കെ. ശ്രീജിത്ത് പറഞ്ഞു. രാസകീട നാശിനികൾ ഉപയോഗിക്കാതെ ശത്രുകീടങ്ങളായ തണ്ടുതുരപ്പൻ, ഓലചുരുട്ടി മുതലായ നെല്ലിനെ ആക്രമിക്കുന്ന കീടങ്ങളെ തുരത്തി നെൽകൃഷിയിൽ അധിക വിളവ് ലഭ്യമാക്കുന്നതോടൊപ്പം പൂകൃഷിയിൽനിന്നുള്ള ആദായവും കർഷകർക്ക് ലഭിക്കുന്ന പദ്ധതി മറ്റു കർഷകരും ഏറ്റെടുക്കുകയാണ്. പാടവരമ്പിലെ ചെണ്ടുമല്ലി പൂച്ചെടി പദ്ധതി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കൊല്ലങ്കോട്, വടവന്നൂർ കൃഷിഭവനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

