പ്രതീക്ഷ നൽകി കൊക്കോ കൃഷി
text_fieldsതൊടുപുഴ: കർഷകർക്ക് പ്രതീക്ഷ നൽകി കൊക്കോ കൃഷി. പച്ച കൊക്കോ ബീൻസിന് 120 രൂപ വിലയുണ്ട്. ഉണക്കക്ക് കിലോക്ക് 500 രൂപവരെയും ഇപ്പോൾ വിലയുണ്ട്. 1100 രൂപ വരെ ലഭിച്ച സമയവുമുണ്ട്. നേരത്തേ റബർ കൃഷിയെ ആശ്രയിച്ചിരുന്ന പല കർഷകരും കൊക്കോ കൃഷിയിലേക്ക് വന്നുതുടങ്ങി.
ഒരു കൊക്കോ മരത്തിൽനിന്ന് 30 വർഷം വരെ ആദായം ലഭിക്കും. 50 വർഷം വരെ കായ്ക്കുന്ന കൊക്കോയുമുണ്ട്. ഒരേക്കറില്‍ 100 മുതൽ 120 വരെ തൈകൾ കൃഷിചെയ്യാം. 20 അടിയെങ്കിലും അകലത്തിൽ വേണം തൈ നടാൻ. മൂന്നാംവർഷം ആദായമെടുക്കാം. ജൂൺ-ജൂലൈ മാസങ്ങളിലാണ് പൂവിടുന്നത്, ഡിസംബറിൽ വിളവെടുക്കാം.
കൊക്കോ ഗവേഷണ കേന്ദ്രത്തിൽ അത്യുൽപാദന ശേഷിയുള്ള തൈക്ക് 50 രൂപയാണ് വില. കാഡ്ബറീസ് കമ്പനി സബ്സിഡി നിരക്കിൽ 15 രൂപക്കും 20 രൂപക്കും തൈ വിതരണം ചെയ്യുന്നുണ്ട്. യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങളാണ് ഇടുന്നത്. കൊക്കോയുടെ തൊണ്ടും നല്ല വളമാണ്. വേനൽ നല്ലനിലയിൽ നനക്കണം. അപ്പോൾ ഉൽപാദനം ഇരട്ടിയാകും. കാലാവസ്ഥ വ്യതിയാനവും മഴയും ഉൽപാദനത്തെ ബാധിക്കും. അണ്ണാനും പക്ഷികളും ഉപദ്രവകാരികളാണ്. വളർന്ന് പന്തലിക്കുന്ന മരത്തിന്റെ ശിഖിരങ്ങൾ മുറിച്ചുകളയണം.
ചിലപ്പോള്‍ ചീക്ക് രോഗവും മരത്തിന്റെ ആയുസ്സ് കുറക്കും. കായ് പറിച്ച് ഒരാഴ്‍ചയോളം വെള്ളത്തിലിട്ട് പുളി ഉണക്കി നൽകിയാൽ വില കൂടുതൽ ലഭിക്കും. ഇപ്പോൾ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വിപണിയുണ്ട്. കർഷകർക്ക് ഒറ്റക്ക് വിളവെടുക്കാൻ കഴിയുന്നതിനാൽ കൂലിച്ചെലവും വരുന്നില്ല. റബർ തോട്ടത്തിൽ ഇടവിളയായും കൊക്കോ നടാം. ഇതെല്ലാമാണെങ്കിലും കൊക്കോയുടെ വിലനിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും സ്വകാര്യ കമ്പനികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

