മലയോര മേഖലയിൽ തുടർച്ചയായ മഴ: പ്രതീക്ഷയിൽ ഏലം കർഷകർ
text_fieldsതൊടുപുഴ: തുടർച്ചയായി മഴ ലഭിച്ചതോടെ ഇടുക്കിയിലെ ഏലം കർഷകർ പ്രതീക്ഷയിൽ. മഴക്കുറവ് നേരത്തേ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ മഴകുറഞ്ഞത് വലിയ രീതിയിൽ ഏലച്ചെടികളെ ബാധിച്ചിരുന്നു. 19-20 ഡിഗ്രിയിൽ താപനില ഉണ്ടാവേണ്ട തോട്ടങ്ങളിൽ മഴ കുറഞ്ഞതോടെ 24 ഡിഗ്രി ചൂടായിരുന്നു നിലനിന്നത്. കാലവർഷം ശക്തിപ്പെട്ടതോടെ ഓണക്കാലത്ത് കൂടുതൽ കായ വിളവെടുക്കാമെന്നാണ് കർഷകരുടെ പ്രതീക്ഷ. കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിലെ ഏലം ഉത്പാദന കേന്ദ്രങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസമായി മഴ ലഭിക്കുന്നുണ്ട്.
മഴക്കുറവിനെ തുടർന്ന് ഏലക്കാ വില ഉയരുമെന്ന് ചെറുകിട വ്യാപാരികളും കർഷകരും മനസിലാക്കിയിരുന്നു. ഇതോടെ 2500 രൂപയിൽ താഴെ വില നൽകി സംഭരിച്ച ഏലക്കായ 3000 രൂപയ്ക്ക് വരെ വിറ്റഴിക്കാനായി. മഴ ശക്തിപ്പെട്ടതോടെ ഓൺലൈൻ ഇ-ലേലത്തിൽ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇതോടെ സംഭരിച്ച വ്യാപാരികൾ ഏലക്കായ വിറ്റഴിക്കാനുള്ള ഒരുക്കത്തിലാണ്.
ഏലം വിലയിൽ നേരിയ വർധനവ് ഉണ്ടായതിന് പിന്നാലെ വളത്തിനും കീടനാശിനികൾക്കും വില ഉയർന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് കർഷകർ പറയുന്നു. 500-700 രൂപവരെ വിവിധ കമ്പനികൾ വളത്തിന് വില വർധിപ്പിച്ചത് കർഷകർക്ക് അധികച്ചെലവ് ഉണ്ടാക്കുന്നുണ്ട്. കമ്പംമെട്ട് അതിർത്തി അടച്ചത് തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾക്ക് കേരളത്തിലെത്താൻ അധികച്ചെലവ് ഉണ്ടാക്കുന്നുണ്ട്. ഇതും കർഷരുടെ ചെലവ് വർധിക്കാൻ കാരണമാകുന്നു. ഒരു തൊഴിലാളിയുടെ കൂലിയിൽ ശരാശരി 100 രൂപവരെ ഇങ്ങനെ യാത്രച്ചെലവ് വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

