ഏലം വാടുന്ന കാലം
text_fieldsതിരിച്ചടിയായി സ്വകാര്യ ഓൺലൈൻ ലേലം
ഇന്ത്യയിലെ ഏലക്ക വ്യാപാരം പ്രധാനമായും പുറ്റടി സ്പൈസസ് പാർക്കിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലും നടക്കുന്ന സ്പൈസസ് ബോർഡിന്റെ ഓൺലൈൻ ലേലത്തെ ആശ്രയിച്ചാണ് നടക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും രണ്ട് ലേലം എന്ന നിലയിലാണ് നടക്കുന്നത്.
ലേലം സ്പൈസസ് ബോർഡിന്റ നിയന്ത്രണത്തിൽ നടക്കുന്നതിനാൽ കർഷകർക്ക് പണം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്. സ്പൈസസ് ബോർഡിൽ രജിസ്റ്റർ ചെയ്തതും ബോർഡിന്റെ നിബന്ധനകൾ പാലിക്കുകയും ചെയ്യുന്ന ഏജൻസികൾക്ക് മാത്രമാണ് ലേലത്തിനു അനുമതി ലഭിക്കുക. ഗുണമേന്മ ഉറപ്പാക്കിയ ഏലക്ക മാത്രമേ ഇപ്പോൾ ബോർഡിന്റെ ലേലത്തിലൂടെ വിൽക്കാൻ കഴിയൂ.
നിശ്ചിത ദിവസത്തിനുള്ളിൽ കർഷകർക്ക് പണം ലഭിക്കുമെന്ന കാര്യത്തിലും ബോർഡ് ഗാരന്റി നൽകുന്നുണ്ട്.അതേസമയം, സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിന് കടുത്ത ഭീഷണി ഉയർത്തി അടുത്ത നാളിൽ സ്വകാര്യ കമ്പനികൾ ഓൺലൈൻ ലേലം ആരംഭിച്ചത് കർഷകർക്ക് കടുത്ത തിരിച്ചടിയായി. ഏലക്കയുടെ വില മണിക്കൂറുകൾകൊണ്ട് മാറിമറിയുന്നു. ഓരോ ദിവസവും വിലകുറയുകയും കൂടുകയും ചെയ്യുന്നു. വില സ്ഥിരത തീരെയില്ല. ഇതിന് കാരണക്കാരായവരിൽ ഒന്നാം സ്ഥാനത്ത് സ്പൈസസ് ബോർഡും രണ്ടാം സ്ഥാനത്ത് ലേല കമ്പനികളുമാണെന്നാണ് കർഷകരുടെ ആക്ഷേപം. എന്നാൽ, ഏലക്കയുടെ വില നിയന്ത്രിക്കുന്നതിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന നിലയിലാണ് സ്പൈസസ് ബോർഡ്.
(തുടരും)
കോടികളുടെ നികുതി നഷ്ടം
സ്വകാര്യ ലേല ഏജൻസികൾ പുറ്റടി സ്പൈസസ് പാർക്ക് ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്ന് ഏലക്ക ഓൺലൈൻ വിൽപന ആരംഭിച്ചത് സംസ്ഥാന ഖജനാവിനും കനത്ത പ്രഹരമാണ്. സംസ്ഥാനത്തിന് ലഭിച്ചിരുന്ന കോടികളാണ് നഷ്ടമാകുക. പുറ്റടി സ്പൈസസ് പാർക്കിൽ ഓൺലൈൻ ലേലം കഴിഞ്ഞു വ്യാപാരികൾ പണം നൽകുമ്പോൾ സംസ്ഥാനത്തിനുള്ള കെ.ജി.എസ്.ടി കഴിച്ചാണ് നൽകിയിരുന്നത്.
തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ കേന്ദ്രീകരിച്ചാണ് സ്വകാര്യ ഓൺലൈൻ കമ്പനികളുടെ ലേലം നടക്കുന്നത്. പുറ്റടി സ്പൈസസ് പാർക്കിൽ ഏലക്ക ഓൺലൈൻ ഇത്തരം ലേലം നടത്താൻ സ്പൈസസ് ബോർഡിന്റെ അനുമതി ആവശ്യമില്ലെന്നാണ് കമ്പനികളുടെ അവകാശവാദം. കേന്ദ്ര സർക്കാർ അടുത്ത നാളിൽ പുറപ്പെടുവിച്ച കാർഷിക ബില്ലിന്റെ പിൻബലത്തിലാണ് ഇവർ ഓൺലൈൻ ലേലം നടത്തുന്നത്. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ലേലം നടത്താൻ ബാങ്ക് ഗാരന്റിയുടെ ആവശ്യമില്ല. അതിനാൽ കേന്ദ്ര സർക്കാറിന്റെ ലൈസൻസുള്ള ആർക്കും ഓൺലൈൻ ഏലക്ക കച്ചവടം ആരംഭിക്കാം. സ്വകാര്യ ലേല സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഓൺലൈൻ ഏലക്ക കച്ചവടത്തിന് സ്പൈസസ് ബോർഡിന്റെ ഒരു നിയന്ത്രണവും ഇല്ല.
ഓൺലൈൻ കച്ചവട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബാങ്ക് ഗാരന്റി ഇല്ലാത്തതിനാൽ കർഷകരിൽനിന്ന് വാങ്ങിയ ഏലക്കയുടെ വില വ്യാപാരികൾ നൽകാതെ വന്നാൽ അത് കർഷകർക്ക് എന്നന്നേക്കുമായി നഷ്ടമാകും. ഓൺലൈൻ ഏലക്ക കച്ചവടത്തിൽ ലോകത്ത് എവിടെനിന്ന് വേണമെങ്കിലും പങ്കെടുക്കാം. ഇത് പ്രശ്നങ്ങൾക്കും കാരണമാകാം.
പണം മൂന്ന് ദിവസത്തിനുള്ളിൽ; പാലിക്കാതെ ലേല കമ്പനികൾ
ഓൺലൈൻ ലേല ഏജൻസികൾ മൂന്ന് ദിവസത്തിനുള്ളിൽ ഏലക്ക വിറ്റ പണം നൽകണമെന്ന കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കർഷകർക്ക് ഏലക്ക വിറ്റ വകയിൽ ഇപ്പോൾ പണം നൽകുന്നത് 20 മുതൽ 30 ദിവസം വരെ കഴിഞ്ഞാണ്. നേരത്തേ പണം വേണമെന്ന് നിർബന്ധം പിടിക്കുന്നവരിൽനിന്ന് 18 മുതൽ 36 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. ഇതിന് അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന ആവശ്യം കർഷകർ മുന്നോട്ടുവെക്കുന്നുണ്ട്. ഏലത്തിന്റെ വിലയിടിയുകയും ഉൽപാദനം കൂടുകയും ചെയ്ത സാഹചര്യത്തിൽ കർഷകർ വലിയ ബുദ്ധിമുട്ടിലാണ്.
വളം, കീടനാശിനി എന്നിവയുടെ വിലയും ഇരട്ടിയായി. ഈ സാഹചര്യത്തിൽ ഏലക്ക വിറ്റ പണം ലഭിക്കാൻ വീണ്ടും പലിശ കൂടി നൽകേണ്ടി വരുന്നത് കനത്ത തിരിച്ചടിയാണ്. ഏലത്തിന്റെ വില നിയന്ത്രിക്കുന്നത് കർഷകരല്ല. മറിച്ച് സ്വകാര്യ ഏജൻസികളും അവരെ നിയന്ത്രിക്കുന്ന ഉത്തരേന്ത്യൻ വ്യാപാരികളും ചേർന്നുള്ള ലോബിയാണെന്നും ആക്ഷേപമുണ്ട്.
ഇ-ലേലം ഗുണമാകും -ലേല ഏജൻസികൾ
പുതിയ കാർഷിക നിയമത്തിന്റെ പിൻബലത്തിൽ സ്വകാര്യ കമ്പനികൾ ആരംഭിച്ച ഏലം ഇ-ലേലം കർഷകർക്ക് ഗുണമാകുമെന്നാണ് ലേല കമ്പനികൾ പറയുന്നത്.
വണ്ടന്മേട് ഗ്രീൻ കാർഡമം പ്രൊഡ്യൂസർ കമ്പനി (വി.ജി.സി.പി.സി) എന്ന സ്വകാര്യ ഏജൻസിയാണ് ആദ്യമായി ഏലക്ക ഇ-ലേലം ആരംഭിച്ചത്. സ്പൈസ് ബോർഡിന്റെ ലേലത്തിന് ബദലായാണ് ഈ സ്വകാര്യ കമ്പനിയുടെ ഇ-ലേലം. കൂടുതൽ കമ്പനികൾ സ്വകാര്യ ലേലത്തിലേക്ക് കടന്നുവന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിലെവിടെയും നേരിട്ട് ഏലക്ക വിൽക്കാമെന്നും ഇടനിലക്കാരെ പരമാവധി ഒഴിവാക്കി കർഷകരിൽനിന്ന് നേരിട്ട് ആവശ്യക്കാരിലേക്ക് ഏലക്ക എത്തിക്കുക വഴി കൂടുതൽ വില ലഭിക്കുമെന്നാണ് ഓൺലൈൻ കമ്പനികൾ അവകാശപ്പെടുന്നത്. കഴിഞ്ഞ ലേലങ്ങളിൽ ലഭിച്ച മെച്ചപ്പെട്ട വില ഇതിന്റെ സൂചനയാണെന്നും കമ്പനി പ്രതിനിധികൾ പറയുന്നു.
വിലത്തകർച്ച: റോഡ് ഉപരോധം 29ന്
നെടുങ്കണ്ടം: ഏലം വിലത്തകര്‍ച്ചയില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകൾ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29ന് കമ്പംമെട്ടില്‍ അന്തര്‍സംസ്ഥാന പാത ഉപരോധിക്കും. ബി.ജെ.പി സര്‍ക്കാര്‍ രാസവളങ്ങള്‍ക്ക് ഇരട്ടിയിലധികം വില വർധിപ്പിച്ച് ചൂഷണം ചെയ്യുമ്പോള്‍ പിണറായി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വർധിപ്പിച്ച് കൃഷിക്കാരെ കൊള്ളയടിക്കുകയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. ഏലത്തിന് തറവില നിശ്ചയിക്കാൻ സംസ്ഥാന സര്‍ക്കാർ കേന്ദ്ര സര്‍ക്കാറിൽ സമ്മര്‍ദം ചെലുത്തുന്നില്ല. സാമ്പത്തിക പ്രതിസന്ധിമൂലം ഏലം കര്‍ഷകർ ആത്മഹത്യയുടെ വക്കിലാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
1500 രൂപയെങ്കിലും തറവില നിശ്ചയിക്കുക, വളം-കീടനാശിനി വിലവർധന പിൻവലിക്കുക, വർധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കുക, ബഫര്‍സോണിൽനിന്ന് ജനവാസ മേഖല ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റോഡ് ഉപരോധം. മുൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് അജയ് കളത്തുകുന്നേൽ, എം.എസ്. അനില്‍കുമാർ, കെ.ഡി. മോഹനൻ, കുട്ടിയച്ചൻ വേഴപ്പറമ്പിൽ, സാബു പൂവത്തിങ്കൽ, ശിവപ്രസാദ് തണ്ണിപ്പാറ, മണികണ്ഠൻ വണ്ടന്മേട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
തൊഴിലാളി, കർഷക സംഘടനകൾ മാർച്ച്
കട്ടപ്പന: ഏലം വിലയിടിവിനും വളം കീടനാശിനി വിലവർധനക്കും എതിരെ ഇടത് കർഷക - തൊഴിലാളി സംഘടനകൾ മാർച്ചും ധർണയും നടത്തി. കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. എം.എം. മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കർഷകസംഘം ഏരിയ കമ്മിറ്റി സെക്രട്ടറി മാത്യു ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.കെ. സോമൻ, പി.വി. ഷാജി, വി.ആർ. സജി, ടോമി ജോർജ്, എം. സി. ബിജു എന്നിവർ പ്രസംഗിച്ചു. കട്ടപ്പനക്ക് പുറമേ പുറ്റടി സ്പൈസസ് പാർക്കിലേക്കും മറ്റ് പ്രധാന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും മാർച്ച് നടത്തി.
അംഗീകാരം നിർബന്ധമാക്കണം -കർഷകർ
ഏലക്ക വ്യാപാരം നടത്തുന്ന ലേല ഏജൻസികൾക്ക് സ്പൈസസ് ബോർഡ് അംഗീകാരം നിർബന്ധമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. പുറ്റടി സ്പൈസസ് പാർക്കിൽ ലേലം നടത്തുന്ന ഏജൻസികൾക്ക് അഗീകാരം നിർബന്ധമാണ്. ഇപ്പോൾ സ്പൈസസ് ബോർഡ് അംഗീകാരമുള്ളത് 12 ഏജൻസികൾക്കാണ്. സ്വകാര്യ ലേല രംഗത്ത് മൂന്ന് സ്വകാര്യ കമ്പനികൾ ഓൺലൈനിൽ ബദൽ ലേലം നടത്തുന്നുണ്ടെങ്കിലും ഇവർക്ക് സ്പൈസസ് ബോർഡ് അംഗീകാരമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.