‘സിനിമയല്ല, ഇതാണ് ജീവിതത്തിലെ വലിയ നേട്ടം’; സ്വന്തമായൊരു കൃഷിയിടം വാങ്ങി വരുണ്‍ ധവാന്‍
text_fieldsസിനിമാതിരക്കുകൾക്കിടയിൽ മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുവേ പല താരങ്ങൾക്കും കഴിയാറില്ല. എന്നാൽ, തികച്ചും വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ് ബോളിവുഡ് താരം വരുണ്‍ ധവാന്‍. കൃഷിയോടുള്ള അഗാധമായ താൽപര്യവും സ്നേഹവും കാരണം വലിയൊരു നേട്ടം താൻ സ്വന്തമാക്കിയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ.
പുതുതായി ഒരു ഫാം ഹൗസും കൃഷിയിടവും സ്വന്തമാക്കിയതായും സിനിമയിലെ വിജയത്തെയല്ല, ഈ ഭൂമി കൈവശപ്പെടുത്തിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി കാണുന്നതെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സ്വന്തം കൃഷിയിടത്തില്‍ നില്‍ക്കുന്നതിന്റെയും പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ചായയും ബിസ്‌കറ്റും കഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ, എത്ര ഏക്കറാണെന്നോ എവിടെയാണെന്നോ എന്നതിന്റെ വ്യക്തമായ വിവരം നടൻ പുറത്തുവിട്ടിട്ടില്ല. നെൽപാടത്തേക്കിറങ്ങി കതിരുകൾ തലോടുന്നതും ചെളിനിറഞ്ഞ നെൽപ്പാടത്തിറങ്ങി തൂമ്പ കൊണ്ട് മണ്ണ് കിളയ്ക്കുന്നതിന്റെയും കൃഷിഭംഗി ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങൾ താരം ഷെയർ ചെയ്തിട്ടുണ്ട്.
""ഞാൻ ഒരു കൃഷിഭൂമി വാങ്ങിയിരിക്കുന്നു. ഇത് വാങ്ങിയതിന്റെ കാരണം എന്നോട് ചോദിക്കരുത്, എന്നാൽ ഈ കാലാവസ്ഥയിൽ ഇവിടെനിന്ന് ചായയും ബിസ്കറ്റും കഴിക്കുന്നത് അവിശ്വസനീയമായ കാര്യമാണ്" - വരുൺ ധവാൻ ഇൻസ്റ്റാഗ്രാം വിഡിയോയിൽ വരുൺ ധവാൻ പറയുന്നു.
മുംബൈയിലെ നഗരജീവിതത്തിൽനിന്നും മാറി ആരോഗ്യകരമായ ജീവിതരീതിയെ പ്രോത്സാഹിപ്പിച്ചതിന് നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. കൃഷിഭൂമിയിൽ പച്ചക്കറികൾ കൃഷി ചെയ്ത് വിളവുകൾ തനിക്ക് അയച്ചുതരണമെന്നാണ് നടി താഹിറ കശ്യപ് പ്രതികരണത്തിൽ ആവശ്യപ്പെട്ടത്. ഭൂമി പെഡ്നേക്കർ, ഫിറ്റ്നസ് ട്രെയ്നർ പ്രശാന്ത് സാവന്ത് അടക്കം നിരവധി താരങ്ങൾ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു.'ബോര്‍ഡര്‍ 2', 'ഹൈ ജവാനി തോ ഇഷ്‌ക് ഹോനാ ഹൈ' തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലാണ് താരം കൃഷിയിടം സ്വന്തമാക്കിയിരിക്കുന്നത്.
ഇതാദ്യമായല്ല ഒരു പ്രമുഖ ബോളിവുഡ് നടൻ കൃഷിയിടം വിലക്കുവാങ്ങുന്നത്. രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ നിരവധി താരങ്ങൾ ഹരിത നിക്ഷേപമെന്ന നിലയ്ക്ക് പലയിടങ്ങളിൽ കൃഷിപ്പാടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

