വരൂ, കാര്‍ഷിക ഡ്രോണ്‍ പൈലറ്റാകാം
text_fieldsപുത്തൂര്‍വയല്‍ സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച അഗ്രി ടെക്നോളജി മീറ്റ് കൃഷി മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
പുത്തൂർവയൽ: കാര്‍ഷിക മേഖലയിൽ അത്യാധുനിക രീതി നടപ്പാക്കാൻ സംസ്ഥാനത്ത് കാർഷിക ഡ്രോണ്‍ പൈലറ്റിങ് പരിശീലനവും ലൈസന്‍സിങ് പദ്ധതിയും തുടങ്ങി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പുത്തൂര്‍വയല്‍ സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച അഗ്രി ടെക്നോളജി മീറ്റിലാണ് പുതുപദ്ധതി തുടങ്ങിയത്. കൂടുതല്‍ ആദായകരമാക്കി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പുത്തൂര്‍വയല്‍ സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച അഗ്രി ടെക്നോളജി മീറ്റിന്റെ ഭാഗമായി നടന്ന ഡ്രോൺ പൈലറ്റ് പരിശീലനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം കര്‍ഷകര്‍ക്കാണ് കൃഷി വകുപ്പും ഫ്യൂസിലേയ് ഫ്ളയിങ് സ്റ്റാര്‍ട്ടപ്പ് സംരംഭവും സംയുക്തമായി ഡ്രോണ്‍ പൈലറ്റിങ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ കൃഷി മന്ത്രിയെന്ന നിലയില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് പരിശീലനം കൃഷിയുടെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവെപ്പാണ്. കേരളത്തിലെ കാര്‍ഷിക മേഖലയെ കൂടുതല്‍ ആധുനികവും കാര്യക്ഷമവും സുസ്ഥിരവുമാക്കാന്‍ ഡ്രോണുകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും.
വിളകളുടെ നിരീക്ഷണം, കൃഷിയിടങ്ങളുടെ വിലയിരുത്തല്‍, സ്പ്രേയിങ് തുടങ്ങി നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഡ്രോണ്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനം, പ്രവര്‍ത്തന നൈപുണി, സുരക്ഷാ നടപടി സംബന്ധിച്ച വിഷയങ്ങളില്‍ പരിശീലനം ലഭിച്ചവരുടെ ലഭ്യത ആവശ്യമാണ്. ഇത് ലക്ഷ്യമിട്ടാണ് കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ 20 പേര്‍ക്ക് വീതം ലൈസന്‍സ് എടുത്തു നല്‍കുകയാണ് പദ്ധതി ലക്ഷ്യം.
തമിഴ്നാട് കമ്മം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഐ.ഐ.ടിയുടെ സഹായത്തോടെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കീടനാശിനി പ്രയോഗം കുറച്ച് വിളവ് വർധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം പ്രക്രിയ കേരളത്തില്‍ നടപ്പിലാക്കും. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ നേരിടുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും നേരിടാന്‍ സമഗ്രമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കും. കൃഷിയിടങ്ങളില്‍ ലഭ്യമാക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്ക് സംഭരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി തടയണകള്‍, വരമ്പുകള്‍ നിർമിക്കുന്നതിന് സര്‍ക്കാര്‍ ഏകോപനം നടത്തും.
കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാർഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. വിദ്യാർഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്താന്‍ സംസ്ഥാനത്തെ 500 സ്കൂളുകളില്‍ കതിര് കാര്‍ഷിക ക്ലബുകള്‍ ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും കതിര് കാര്‍ഷിക ക്ലബുകള്‍ ആരംഭിക്കും. മൊബൈല്‍ അഗ്രോ മെഷിനറി സര്‍വിസ് യൂനിറ്റുകള്‍ വഴി കാര്‍ഷിക യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന, പ്രതിരോധാത്മക പരിപാലനം, യന്ത്രങ്ങളുടെ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കല്‍, യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക മാര്‍ഗനിര്‍ദേശം, കാര്‍ഷിക യന്ത്രങ്ങളുടെ ശരിയായ പരിപാലനം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.
കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് അഗ്രോ മെഷിനറി സര്‍വിസ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് യൂനിറ്റുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. സ്മാം വനിതാ കര്‍ഷക സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സ്മാം പദ്ധതി ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബി.ജെ. സീന, സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ ആര് ജയരാജന്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിനി തോമസ്, വി.എന്‍. ശശീന്ദ്രന്, ഗിരിജ കൃഷ്ണന്, സല്‍മ മൊയിന്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എ.ആര്. സുരേഷ്, ഡോ. നീരവ് യു ജോഷി എന്നിവര്‍ പങ്കെടുത്തു.
അങ്ങിനെ കൃഷിമന്ത്രിയും ഡ്രോൺ പൈലറ്റാകും
കൽപറ്റ: കൃഷിയിടങ്ങളിൽ ഡ്രോൺ പറത്താൻ കൃഷിമന്ത്രിയും. കർഷകർക്ക് ഡ്രോൺ പൈലറ്റിങ് പരിശീലനവും ലൈസൻസും ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖും ഡ്രോൺ പരിശീലനത്തിൽ പങ്കാളിയായി. പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടുന്നതോടെ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പൈലറ്റ് ലൈസൻസ് നേടുന്ന മന്ത്രിയെന്ന പ്രത്യേകതയും അഡ്വ. ടി. സിദ്ദീഖിന് സ്വന്തമാകും.
സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ‘അഗ്രി ടെക്നോളജി മീറ്റ് 2026’ന്റെ ഭാഗമായാണ് കർഷകർക്ക് ഡ്രോൺ പൈലറ്റിങ് പരിശീലനം നൽകുന്നത്. കൃഷിയിടങ്ങളിൽ വളപ്രയോഗം, കീടനാശിനി പ്രയോഗം തുടങ്ങിയവ കൂടുതൽ കൃത്യതയോടെയും കുറഞ്ഞ സമയത്തും നടത്താൻ ഡ്രോൺ സാങ്കേതികവിദ്യ സഹായിക്കും. തൊഴിലാളിക്ഷാമവും ഉയർന്ന ഉൽപാദനച്ചെലവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന കാർഷിക മേഖലക്ക് ഡ്രോൺ സാങ്കേതികവിദ്യ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

