ഇത്തവണയും ഓണവിപണിയിൽ നേന്ത്രക്കായ വിൽപന ഉഷാർ
text_fieldsവലിയങ്ങാടിയിൽ ഉന്തുവണ്ടിയിൽ വാഴക്കുലകൾ കൊണ്ടുപോകുന്നു
പാലക്കാട്: നാടും നഗരവും ഓണത്തെ വരവേൽക്കാൻ ഒരുങ്ങി. ഇതോടൊപ്പം വിപണിയും ഉണർന്നു. ശർക്കര വരട്ടി, കായവറവ്, പഴം പുഴുങ്ങിയത് തുടങ്ങിയവ ഓണസദ്യയിലെ സ്ഥിരം വിഭവങ്ങളാണ്. ഇത്തവണയും ഓണവിപണിയിൽ നേന്ത്രക്കായ വിൽപന ഉഷാറാണ്. രണ്ടാഴ്ച മുമ്പ് നേന്ത്രക്കായ വില മൊത്തവിപണിയിൽ കിലോക്ക് 30 രൂപ എത്തിയിരുന്നു. ഓണം അടുത്തതോടെ കുറച്ചു കൂടി വില ഉയർന്നതായി വ്യാപാരികൾ പറയുന്നു.
ചില്ലറ വിപണയിൽ 50 മുതൽ 65 വരെ രൂപയിൽ നേന്ത്രപഴം ലഭ്യമാണ്. കേരളത്തിൽ ഓണം ആഘോഷിക്കണമെങ്കിൽ നേന്ത്രക്കായ തമിഴ്നാട്ടിൽ നിന്നു വരണം. ഇല്ലെങ്കിൽ ഓണസദ്യയിൽ നേന്ത്രക്കായ വിഭവമുണ്ടാകില്ലെന്ന സ്ഥിതിയിലാണ്. സംസ്ഥാനത്തേക്കാവശ്യമായ നേന്ത്രക്കായുടെ ഭൂരിഭാഗവും എത്തുന്നതു തമിഴ്നാട്ടിൽ നിന്നാണ്. ജില്ലയിലേക്ക് പ്രധാനമായും കായ എത്തുന്നത് തമിഴ്നാട്ടിലെ മേട്ടുപ്പാളയം, സത്യമംഗലം, പുളിയംപെട്ടി മേഖലകളിൽനിന്നാണ്. ഇതിൽ തന്നെ സത്യമംഗലമാണ് പ്രധാനം. നല്ല നേന്ത്രക്കായയാണ് എത്തുന്നതെന്നു വ്യാപാരികൾ പറയുന്നു.
ചെറുകായയും നേന്ത്രനുമായി പ്രതിദിനം 20-25 ലോഡ് കായ പാലക്കാട്ടെത്തുന്നുണ്ട്. മഴ ശക്തമായതോടെയാണ് ഇപ്പോഴത്തെ ഈ വിലകുറവ്. ഓണക്കാലമാകുമ്പോൾ ചില്ലറ വ്യാപാരികൾ വരെ മൂന്നിരട്ടി കായക്കുല വാങ്ങിക്കാറുണ്ട്. എന്നാൽ, നാടൻ നേന്ത്രക്കായക്ക് കടുത്ത ക്ഷാമമാണ്. നാടൻ നേന്ത്രപ്പഴത്തിന്റെ മാധുര്യം മറവിയിലേക്ക് എന്നുതന്നെ പറയാം. വിപണിയിൽ ആവശ്യമായതിന്റെ അഞ്ചുശതമാനം പോലും നാടൻ കായ എത്തുന്നില്ല.
ആകെ ഇപ്പോൾ വിപണിയിൽ നാടൻ കായ എത്തുന്നത് കരിമ്പ, കല്ലടിക്കോട് മേഖലയിൽനിന്നാണ്. ഇതും ആവശ്യത്തിന് ഇല്ല. പാലക്കാടൻ നേന്ത്രക്കായക്ക് ആവശ്യക്കാരേറെയാണ്. പഴത്തിനായാലും കായവറവിനായാലും പാലക്കാടൻ നേന്ത്രനാണ് വിപണിയിലെ താരം. വിദേശത്തേക്കു കയറ്റി അയ്ക്കാനും കായവറവനും പാലക്കാട്ടെ നേന്ത്രക്കായ തേടി എത്തുന്നവരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

