മറുനാടന്‍റെ കുത്തൊഴുക്ക്; നാടൻ ഏത്തക്കുലക്ക് വിലയില്ല
text_fieldsപത്തനംതിട്ട അങ്ങാടിക്കൽ വടക്ക് ഭാഗത്തെ ഏത്തവാഴ തോട്ടം
പത്തനംതിട്ട: മറുനാടൻ വാഴക്കുലകൾ വിപണി കൈയടക്കിയതോടെ കർഷകർ ദുരിതത്തിൽ. നാടൻ വാഴക്കുലകൾക്ക് ന്യായവില ലഭിക്കാത്തതാണ് ജില്ലയിലെ കർഷകർക്ക് തിരിച്ചടിയാകുന്നത്. ഏത്തക്കുലകൾക്ക് പുറമേ, പൂവൻ, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയംകോടൻ, ചെങ്കദളി തുടങ്ങിയവക്കും വിലയില്ല.
കർണാടക, മേട്ടുപ്പാളയം, വയനാട് മേഖലകളിൽ നിന്നുള്ള ഏത്തവാഴ കുലകൾ ധാരാളമായി എത്തിയതോടെയാണ് നാടൻ കുലകളുടെ വിപണി തകർന്നത്. ഇവ വാഹനങ്ങളിലും മറ്റുമായി റോഡരികിൽ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ഗ്രാമീണമേഖലകളിലും വാഹനങ്ങളിൽ ഏത്തപ്പഴങ്ങളുടെ വിൽപ്പന നടക്കുന്നുണ്ട്.
മറുനാടൻ കുലകൾ കിലോഗ്രാമിന് 25-30 രൂപ നിരക്കിലാണ് വിൽപന. എന്നാൽ നാടൻ ഏത്തക്കായ് 50 രൂപക്കാണ് കർഷകർ വിൽക്കുന്നത്. ഇത് വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. ഏത്തക്കുല വെട്ടി വിപണിയിൽ കൊണ്ടു ചെന്നാൽ ചെലവ്കാശ് പോലും കിട്ടില്ലെന്ന് കർഷകർ പറയുന്നു. ഒരു വാഴക്ക് കുറഞ്ഞത് മുന്നൂറ് രൂപയെങ്കിലും ഉൽപാദനച്ചെലവ് വരുമ്പോൾ കുലക്ക് കർഷകർക്ക് കിട്ടുന്നത് തുച്ഛമായ വിലയാണ്.
നാല് കിലോ ഏത്തപ്പഴം നൂറു രൂപയെന്ന നിലയിൽ റോഡരികിൽ വിൽക്കുന്നുണ്ട്. റോഡിൽ പെട്ടി ഓട്ടോ കളിൽ കൊണ്ടുവന്ന് വിൽക്കുന്ന ത് കർണാടക, തമിഴ്നാട് കുലകളാണ്. നമ്മുടെ നാട്ടിലെ കുലകളേക്കൾ ഗുണനിലവാരം കുറഞ്ഞതാണെങ്കിലും ആളുകൾ വിലക്കുറവ് നോക്കി വാങ്ങുകയാണെന്ന് കർഷകർ പറയുന്നു. ഓണക്കാലത്ത് നാടൻ പഴം വിപണിയിൽ കിലോക്ക് 80- 90 രൂപക്കാണ് വിറ്റത്.
ഈ സീസണിൽ നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ കൂടുതൽ കൃഷി ചെയ്തു. ഇതോടെ വിപണിയിൽ കുലകൾ ഏറെയെത്തി. ഇതിനൊപ്പം മറുനാടൻ കുലകളും യഥേഷ്ഠം എത്തിയതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. കർഷകർ മിക്കവരും ലോൺ എടുത്തും കൃഷിയിടങ്ങൾ പാട്ടത്തിനെടുത്തുമാണ് കൃഷി ചെയ്യുന്നത്. വേനൽ കടുത്തതോടെ വാഴക്കുലകൾ വെയിലു താങ്ങാനാകാതെ ഒടിഞ്ഞ് വീഴുന്നുമുണ്ട്. നാടൻ കുലകൾ വാങ്ങാനും ആളില്ലാത്ത അവസ്ഥയാണ്.
നാടൻ കുലകൾ കടകളിലും വേണ്ടെന്നായി. മറുനാട്ടിൽ നിന്നും കൊണ്ടു വരുന്നതാണ് വ്യാപാരികളും കടകളിലേക്ക് വാങ്ങുന്നത്. പഴം വിപണിയിൽ പൂവൻപഴത്തിന് 60 രൂപയും ഞാലിപ്പൂവന് 50 രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

