നശിച്ചത് ഏക്കറുകണക്കിന് വാഴക്കൃഷി; വേനൽമഴയിൽ കണ്ണീരണിഞ്ഞ് കർഷകർ
text_fieldsകാറ്റിലും മഴയിലും വാഴകൾ നശിച്ചപ്പോൾ
കൽപറ്റ: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ വിവിധയിടങ്ങളിൽ വൈകുന്നേരങ്ങളിൽ പെയ്ത വേനൽമഴയിൽ നശിച്ചത് ഏക്കറുകണക്കിന് വാഴകൃഷി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലുമായി കുലച്ചതും വെട്ടാനായതുമായ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്.
വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളിൽ മാത്രം ഏതാനും കർഷകരുടെ 12000ത്തോളം വാഴകൾ നശിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് വീണ്ടും നഷ്ടമുണ്ടാവുന്നതിൽ പകച്ചുനിൽക്കുകയാണ് കർഷകർ.
പലരും സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തുമാണ് കൃഷിയിറക്കിയത്. നല്ല വിലകിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായുണ്ടായ കാറ്റിലും മഴയിലും പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. കടത്തിനു മുകളിൽ കടം കയറുന്ന അവസ്ഥയാണുള്ളതെന്നും വാഴക്കൃഷിക്കുള്ള നഷ്ടപരിഹാരം കിട്ടിയാലും വലിയ നഷ്ടത്തിൽനിന്ന് കരകയറാൻ ബുദ്ധിമുട്ടാണെന്നുമാണ് കർഷകർ പറയുന്നത്.
വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളിലായി 12,000ത്തോളം വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. പിണങ്ങോട് പ്രദേശത്തുള്ള ഇരു പഞ്ചായത്തുകളിലായുള്ള കർഷകരുടെ വാഴകൃഷിയാണ് നശിച്ചത്. കർഷകരായ ഇ.വി. അബ്ദുൽ ജലാലിന്റെ നാലായിരത്തോളം വാഴകളാണ് നശിച്ചത്. കെ.എച്ച്. അബൂബക്കർ-700, അഷ്റഫ് -2000, എം. അബൂബക്കർ -1000, കെ.പി. ആയിഷ- 1000, മുസ്തഫ -300, പി. കുഞ്ഞാവ- 1000, സി. മുസഫർ- 1000, പി. അബ്ദുല്ല-1000 എന്നിങ്ങനെയാണ് നശിച്ച വാഴകളുടെ കണക്ക്.