മണ്ണിൽ പൊന്ന് വിളയിച്ചു, യുവ കർഷകക്ക് അർഹതക്കുള്ള അംഗീകാരം
text_fieldsവാണി േതാട്ടത്തിൽ
ഹരിപ്പാട്: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2022ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം കരസ്ഥമാക്കിയ ഹരിപ്പാട് ഡാണാപ്പടി പാലക്കുളങ്ങര മഠത്തിൽ വി വാണിക്ക് ഇത് അർഹതപ്പെട്ട അംഗീകാരം. കഠിനാധ്വാനത്തിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ജൈവകൃഷിയിലും വിപണനത്തിലും കൈവരിച്ച വലിയ നേട്ടമാണ് അംഗീകാരത്തിന് വാണിയെ അർഹയാക്കിയത്. കൃഷിയിൽ ബിരുദധാരിയായ വാണി ഒന്നര പതിറ്റാണ്ട് മുമ്പാണ് ജൈവകൃഷിയിലേക്കിറങ്ങുന്നത്. ദേശീയപാതക്കരികിൽ വീടിനോട് ചേർന്ന നാലര ഏക്കർ സ്ഥലത്ത് തുടങ്ങിെവച്ച ജൈവകൃഷി ഇന്ന് ഏറെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
പ്രകൃതി സൗഹൃദ ശാസ്ത്രീയ കൃഷി രീതിയാണ് അവലംബിക്കുന്നത്. വെണ്ട, പാവൽ, പടവലം, കുമ്പളം, മത്തൻ, വെള്ളരി, ചീര, കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങി 35 ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്നു. ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറയാണ് വാണിയുടെ പറമ്പ്. 32 ഇനം മുളകൾ ഇവിടെ സംരക്ഷിക്കുന്നു. ഒമ്പത് കുളങ്ങൾ പറമ്പിലുണ്ട്. വിവിധയിനം വനസസ്യങ്ങൾ ഔഷധച്ചെടികൾ നാട്ടു പൂമരങ്ങൾ നാട്ടുഫല വൃക്ഷങ്ങൾ എന്നിവയും ഇവിടെ പരിപാലിക്കുന്നു.
മൂന്ന് ബയോഗ്യാസ് പ്ലാന്റുകൾ ഉണ്ട് .ഗ്യാസ് ഉൽപാദനത്തിന് പുറമേ കൃഷിക്ക് ജൈവവളമായും ജൈവ കീട നിയന്ത്രണത്തിനും ഉപയോഗപ്പെടുത്തുന്നു. നാടൻ വിത്തുകളുടെ സംരക്ഷണം, നാടൻ പശുക്കൾ, നാടൻ മത്സ്യങ്ങൾ നാടൻ കോഴി, താറാവ് കിഴങ്ങുവർഗങ്ങൾ, ഫലവൃക്ഷങ്ങൾ,ഔഷധചെടികൾ എന്നിവയും ജൈവ മാർഗത്തിലൂടെ കൃഷി ചെയ്ത് വരുന്നു. ഏറെ പ്രതിസന്ധി അതിജീവിച്ചാണ് വാണി വിജയക്കൊടി പാറിച്ചത്. തുടക്കത്തിൽ വിപണനത്തിന് അവസരം ഇല്ലാതെവന്നപ്പോൾ വലിയ നഷ്ടമാണുണ്ടായത്.
കൃഷി ഉപേക്ഷിക്കാൻ വരെ തീരുമാനമെടുത്തപ്പോഴാണ് കൃഷിവകുപ്പ് തങ്ങളെ കൈപിടിച്ച് കയറ്റിയതെന്ന് വാണി പറയുന്നു. ഹരിപ്പാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്ന എലിസബത്ത് ഡാനിയലിന്റെ ഇടപെടലാണ് തങ്ങൾ ഇപ്പോൾ കൈവരിച്ച നേട്ടത്തിന് പിന്നിൽ. പച്ചക്കറികളുടെ വിപണത്തിന് ഇക്കോ ഷോപ്പ് അനുവദിച്ചതാണ് കൃഷി ലാഭകരമാകാൻ വഴിതെളിച്ചത്.
വാസു ജൈവാങ്കണത്തിൽ പ്രകൃതി ജൈവ കലവറ എന്ന പേരിൽ ജൈവ ഉൽപന്നങ്ങളുടെ വിപണത്തിനായി വിശാലമായ വിപണന കേന്ദ്രമാണുള്ളത്. കേടാകാൻ സാധ്യതയുള്ള പച്ചക്കറികളും പഴവർഗങ്ങളും മൂല്യ വർധിത ഉൽപന്നങ്ങളായി മാറ്റുന്നതിനാൽ നഷ്ടം വരുന്നില്ല – വാണി പറയുന്നു.
കൃഷിക്കാവശ്യമായ വിവിധയിനം ജൈവ വളങ്ങളും ജൈവ കീടനാശിനികളും നിർമിച്ച് വിൽക്കുന്നുണ്ട്. ഭർത്താവ് വിജിത്ത് ഈ പ്രവർത്തനത്തിൽ ഒപ്പമുണ്ട്.2010 ൽ ജൈവ കൃഷിയ്ക്കുള്ള അക്ഷയശ്രീ അവാർഡ്, 2019 ൽ കേരള കൃഷി വകുപ്പിന്റെ സംസ്ഥാനത്തെ മികച്ച യുവകർഷകക്കുള്ള അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

