Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകർഷകർക്ക് വേണ്ടിയോ...

കർഷകർക്ക് വേണ്ടിയോ വിത്തുനിയമങ്ങൾ?

text_fields
bookmark_border
കർഷകർക്ക് വേണ്ടിയോ വിത്തുനിയമങ്ങൾ?
cancel
കഴിഞ്ഞ 20 വർഷത്തെ, രാജ്യത്തെ വിത്ത് നയങ്ങളെക്കുറിച്ചും കർഷകർക്ക് വന്നുപെട്ട നഷ്ടത്തെക്കുറിച്ചും, പരമ്പരാഗത വിത്ത്‍വ്യവസ്ഥകളെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചുമെല്ലാം വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കെയാണ്, വലിയ വെല്ലുവിളികൾ ഉയർത്തുന്ന പുതിയ ബില്ലിന്റെ വരവ്

രാജ്യത്ത്‍ വിൽക്കുന്ന വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനായി 1966 ലാണ്, ഇന്ത്യയിൽ ആദ്യമായി വിത്തുനിയമം ഉണ്ടാക്കുന്നത്. ഹരിത വിപ്ലവം ആരംഭിച്ചതിന്റെ തൊട്ടടുത്ത വർഷമായിരുന്നു ഇത്. കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള വിത്തുകളായിരുന്നു ഇതിലുണ്ടായിരുന്നത് എന്നതായിരുന്ന ഈ പദ്ധതിയുടെ പ്രധാന സവിശേഷത. കർഷക സമൂഹങ്ങളിൽ നിലനിർത്തി വികസിപ്പിച്ചു പോന്നിരുന്ന വിത്ത് സമ്പ്രദായങ്ങളിൽനിന്ന് വലിയൊരു മാറ്റം പദ്ധതി വിഭാവനം ചെയ്തിരുന്നു.

കർഷകർക്ക് നൽകുന്ന വിത്തുകളുടെ ശുദ്ധിയും മുളക്കാനുള്ള കഴിവുമാണ് ഇതിൽ പ്രധാനമായും നോക്കിയിരുന്നത്. എൺപതുകൾവരെ പൊതുമേഖല കാർഷിക ഗവേഷണ സ്ഥാപനങ്ങളാണ് പ്രധാനമായും കർഷകർക്കുള്ള വിത്തുകൾ തിരഞ്ഞെടുത്തിരുന്നത്. സങ്കരയിനം വിത്തുകൾ ഉൽപാദിപ്പിച്ചതും ഗുണനിലവരം ഉറപ്പാക്കിയതും ഇവിടെനിന്നായിരുന്നു. എന്നാൽ, എൺപതുകളോടെ പല സ്വകാര്യ കമ്പനികളും വിത്തുൽപാദനത്തിലേക്ക് കടന്നുവരാൻ തുടങ്ങി.

വിത്തുകമ്പനികളുടെ വളർച്ച

ഇന്ത്യയിലെ വിത്തുകമ്പനികൾക്ക് അത്യപൂർവ വളർച്ചയാണ് കഴിഞ്ഞ 30-40 വർഷങ്ങൾകൊണ്ടുണ്ടായത്. അനുകൂലമായ സർക്കാർ നയങ്ങളും സങ്കരയിനം വിത്തുകളെ ആശ്രയിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായതുമെല്ലാം ഈ വളർച്ചക്ക് കാരണമായി. ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ വിത്ത് വ്യവസായം. ചോളം, പച്ചക്കറി തുടങ്ങിയ വിളകളിൽ അഭൂതപൂർവമായ സങ്കരയിനം വിത്തുകളുടെ കടന്നുവരവും പരുത്തിയിൽ ജനിതകമാറ്റം വരുത്തിയ വിത്തുകൾ വിപണി കീഴടക്കിയതും ഇതിനൊരു കാരണമാണ്.

2002ൽ വന്ന ‘ദേശീയ വിത്തുനയം’ വിത്ത് ഗവേഷണത്തിലും വികസനത്തിലും സ്വകാര്യ കമ്പനി നിക്ഷേപം പ്രോത്സാഹിപ്പിച്ചു. എന്നാലിതിനൊപ്പം, കർഷകർക്ക് വിത്തിന്റെ ഗുണത്തിലും വൈവിധ്യത്തിലും നിയന്ത്രണം നഷ്ടപ്പെട്ടു എന്ന ദുര്യോഗമുണ്ടായി. പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങൾ വിത്തുൽപാദനത്തിൽ പിറകോട്ട് പോവുകയും ചെയ്തു. വിത്തിന്റെ വിലയിലും ലഭ്യതയിലും ഗുണത്തിലും ഇടപെടാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിയാതെയായി.

ആന്ധ്രയിലും മഹാരാഷ്ട്രയിലുമെല്ലാം കാർഷിക സീസണിന്റെ തുടക്കത്തിൽ വിത്തുകടകളുടെ മുന്നിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥവരെ ഉണ്ടായി. കർഷകരെ നിയന്ത്രിക്കാൻ സർക്കാറിന് വെടിവെപ്പുവരെ നടത്തേണ്ടിവന്ന സംഭവങ്ങളുണ്ടായി. ഇത്തരം വിത്തുകളും അതിന്റെ പാക്കേജുകളും കൃഷിച്ചെലവ് വർധിപ്പിച്ചു. ഇതോടെ അവർക്ക് സ്വകാര്യ ഏജൻസികളിൽനിന്ന് (പലപ്പോഴും അവർ വിത്ത്-കീടാനാശിനി വിൽപനക്കാരുമായിരുന്നു) കടമെടുക്കേണ്ടിയും വന്നു.

വിത്ത് ബിൽ 2004

പിന്നീടാണ് ‘വിത്ത് ബിൽ 2004’ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്. ഗുണം ഉറപ്പാക്കാനും വിത്തുൽപാദന വ്യവസായത്തെ ക്രമീകരിക്കാനും കർഷകർക്കും സംസ്ഥാനങ്ങൾക്കും ഗുണകരമായ വ്യവസ്ഥകളും ബിൽ വിഭാവനം ചെയ്തിരുന്നു. എന്നാൽ ഗുണം പ്രതീക്ഷിച്ചവർ തന്നെ, കാര്യകാരണ സഹിതം പോരായ്മകൾ പുറത്തുകൊണ്ടുവന്നതാണ് പിന്നീട് കണ്ടത്. പല സംസ്ഥാനങ്ങളും ബില്ലിനെതിരായി. ബ്രാൻഡ് ചെയ്യാതെ, കർഷകർക്ക് തങ്ങളുടെ വിത്തുകൾ കൈമാറാനോ വിൽക്കാനോ ചെയ്യാമെന്നൊരു വ്യവസ്ഥ ബില്ലിൽ ഉണ്ടായിരുന്നു.

1966ലെ നിയമത്തിൽ, വിൽപനക്കെത്തുന്ന വിത്തുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമില്ലായിരുന്നു. എന്നാൽ, 2004ൽ അത് നിർബന്ധമാക്കി. വിത്തിന്റെ ഗുണനിലവാരം മോശമാണെങ്കിൽ അഥവാ കമ്പനികളോ കച്ചവടക്കാരോ പറയുന്ന സ്വഭാവങ്ങൾ വിത്തുകൾക്കുണ്ടായില്ലെങ്കിൽ അതുമൂലമുണ്ടാകുന്ന നഷ്ടം നികത്താൻ ഉപഭോക്തൃ സംരക്ഷണ നിയമത്തിലൂടെ അവകാശം ഉണ്ടാക്കി.

25,000 മുതൽ 50 ലക്ഷം രൂപ വരെയായിരുന്നു നഷ്ടപരിഹാരം. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ്, വർഷങ്ങളെടുത്ത് 2019ൽ വീണ്ടും ഒരു വിത്ത് ബിൽ പുറത്തിറങ്ങുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ചില വിത്തുകളുടെ വില ചില പ്രത്യേക സാഹചര്യങ്ങളിൽ നിയന്ത്രിക്കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഗുണമില്ലാത്ത വിത്തുകൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളും ഇത് മുന്നോട്ടുവെച്ചു. വിത്ത് കമ്പനികൾ ഈ ബില്ലിനെ സ്വാഗതം ചെയ്തു. കർഷക സംഘടനകളാകട്ടെ, വൻകിട വിത്ത് കമ്പനികളുടെ വളർച്ചയെയാണ് ബിൽ സഹായിക്കുക എന്ന് ആശങ്കയുയർത്തി.

വിത്ത് ബിൽ 2025

പരമ്പരാഗത വിത്തുകളുടെ വലിയൊരു ശേഖരം കൈയിൽവെച്ച്, കർഷകർക്ക് നിയന്ത്രണമൊന്നുമില്ലാത്ത, വിലകൂടിയ സ്വകാര്യ വിത്ത്‍വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളെക്കുറിച്ച് കാർഷിക വിദഗ്ധരും കർഷകരും ആശങ്ക പങ്കുവെക്കുന്ന അവസരത്തിലാണ്, മാറ്റങ്ങളോടെ ‘വിത്ത് ബിൽ 2025’ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കാനും വ്യാപാരം എളുപ്പമാക്കാനും വേണ്ടിയെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും, സ്വകാര്യ വിത്ത് കമ്പനികൾക്കുവേണ്ടിയുള്ള ബില്ലാണെന്നാണ് തോന്നുക.

കർഷകരുടെ വിത്ത് വ്യവസ്ഥയെ ഈ ബിൽ നിയന്ത്രിക്കില്ല എന്നും സർക്കാർ പറയുന്നുണ്ട്. എന്നാൽ, കർഷകർ എന്നത് ചെറിയ കർഷക കൂട്ടായ്മകൾ മുതൽ കർഷക നിയന്ത്രണത്തിലുള്ള കമ്പനികൾ വരെ ഉൾപ്പെടും. ഇതിൽ പലരും വിത്തുകൾ സംരക്ഷിക്കുന്നവരും ചെറിയ തോതിൽ വിത്ത് വിൽപന നടത്തുന്നവരുമാണ്. ഇവയുടെ ഭാവിയെക്കുറിച്ച് വിത്ത് ബിൽ വ്യക്തമാക്കുന്നില്ല. മാത്രമല്ല, കർഷക കേന്ദ്രീകൃതമായ വിത്തുൽപാദന സംരംഭങ്ങൾക്ക് ഒരു പ്രോത്സാഹനവും വിത്ത് ബിൽ ഉറപ്പാക്കുന്നില്ല.

ബില്ല് ഉയർത്തുന്ന പ്രശ്നങ്ങൾ

ബില്ലിലെ ഉത്കണ്ഠയുയർത്തുന്ന ഒരു പ്രധാന വ്യവസ്ഥ ഇതിന്റെ കേന്ദ്രീകൃത സ്വഭാവമാണ്. ദേശീയതലത്തിൽ അംഗീകൃതമായ ഒരു കമ്പനിക്ക് എല്ലാ സംസ്ഥാനങ്ങളിലും അംഗീകാരമുണ്ടാകുന്നു എന്നതാണ് അതിലൊന്ന്. ഇത് വലിയ കമ്പനികൾക്ക് വിത്ത് കച്ചവടത്തിൽ മേൽക്കോയ്മ സൃഷ്ടിക്കാനിടയുണ്ട്. മാത്രമല്ല, സംസ്ഥാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തൽ ബുദ്ധിമുട്ടാകും.

മറ്റൊരു പ്രശ്നം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കോടതികളെ തന്നെ ആശ്രയിക്കേണ്ടിവരുമെന്നതാണ്. ചെറുകിട കർഷകർക്ക് അതിനുള്ള സാമ്പത്തികമോ സാമൂഹികമോ ആയ കഴിവുണ്ടാകില്ല. ബില്ലിൽ ഡിജിറ്റൽ റിപ്പോർട്ടിങ്ങിനെ പറ്റിയാണ് കൂടുതൽ പ്രതിപാദിക്കുന്നത്. ഇതും അവകാശങ്ങൾ നേടുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കാം.

ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വിദേശ സ്ഥാപനങ്ങൾക്ക് വിത്ത് പരിശോധനക്ക് (Value for cultivation and use) ഈ ബില്ലിൽ അംഗീകാരം കൊടുക്കും എന്നതാണ്. ഇത് ജനിതകമാറ്റം വരുത്തിയ പേറ്റന്റുള്ള വിത്തുകൾക്ക് കടന്നുവരാനുള്ള വാതിൽ തുറക്കുമെന്ന് കർഷക സംഘടനകളും വിദഗ്ധരും അഭിപ്രായപ്പെടുന്നു.

(‘തണൽ’ സ്ഥാപകാംഗവും ‘ആശ’ കിസാൻ സ്വരാജ് സ്റ്റീറിങ് കമ്മിറ്റി അംഗവുമാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture Newsseedsseed farmingFarmersSeed Bill
News Summary - Are seed draft seed bill for farmers?
Next Story